മമ്മൂട്ടിയെക്കൊണ്ട് കോമഡി ചെയ്യിച്ചാല്‍ സിനിമ ഓടില്ലെന്നായിരുന്നു അയാള്‍ വിചാരിച്ചത്: ടി.എസ്. സുരേഷ്ബാബു
Entertainment
മമ്മൂട്ടിയെക്കൊണ്ട് കോമഡി ചെയ്യിച്ചാല്‍ സിനിമ ഓടില്ലെന്നായിരുന്നു അയാള്‍ വിചാരിച്ചത്: ടി.എസ്. സുരേഷ്ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th June 2024, 8:39 pm

മലയാളികള്‍ക്ക് ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ടി.എസ്. സുരേഷ്ബാബു. പ്രായിക്കര പാപ്പന്‍, ഉപ്പുകണ്ടം ബ്രദേഴ്‌സ്, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി ഒരുപാട് ഹിറ്റുകള്‍ സുരേഷ് ബാബു ഒരുക്കിയിട്ടുണ്ട്. 40 വര്‍ഷത്തെ സിനിമാ കരിയറില്‍ വെറും 20 സിനിമകള്‍ മാത്രമാണ് സുരേഷ് ബാബു സംവിധാനം ചെയ്തിട്ടുള്ളത്. കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയുടെ ചിത്രീകരണ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സുരേഷ് ബാബു.

അതുവരെ സീരിയസ് റോളുകള്‍ മാത്രം ചെയ്തുവന്ന മമ്മൂട്ടിയെ പുതിയൊരു രൂപത്തില്‍ കണ്ട ചിത്രമായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. കോമഡിയും മാസും സമാസമം ചാലിച്ച കോട്ടയം കുഞ്ഞച്ചനില്‍ നിര്‍മാതാവ് മണിക്ക് അധികം പ്രതീക്ഷയില്ലായിരുന്നുവെന്ന് സുരേഷ് ബാബു പറഞ്ഞു. മമ്മൂട്ടിയെക്കൊണ്ട് കോമഡി ചെയ്യിക്കാമെന്ന് താന്‍ പറഞ്ഞപ്പോള്‍ അതിനെ മണി എതിര്‍ത്തുവെന്നും സിനിമ ഓടില്ലെന്ന് നിര്‍മാതാവ് പറഞ്ഞെന്നും സുരേഷ് ബാബു പറഞ്ഞു.

ഓരോ ദിവസവും മമ്മൂട്ടിയെക്കൊണ്ട് കോമഡി സീന്‍ ചെയ്യിക്കുമ്പോള്‍ നിര്‍മാതാവിന്റെ അസിസ്റ്റന്റ് അദ്ദേഹത്തെ വിളിച്ച് കോമഡി സീന്‍ ചെയ്യുകയാണെന്ന് പറയാറുണ്ടെന്നും അത് കേട്ട് നിര്‍മാതാവ് വൈകുന്നേരം തന്നെ സെറ്റിലെത്തുമായിരുന്നെന്നും സുരേഷ് ബാബു പറഞ്ഞു. തന്നിലുള്ള വിശ്വാസത്തിന്റെ പുറത്താണ് മണി ആ സിനിമ ചെയ്തതെന്നും ആ സിനിമ ഫ്‌ളോപ്പായാല്‍ വേറൊരു സിനിമ ചെയ്ത് കാശ് തിരികെ പിടിച്ചോളാണെന്ന് പറഞ്ഞിരുന്നുവെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. ഓണ്‍ലുക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ബാബു ഇക്കാര്യം പറഞ്ഞത്.

‘കോട്ടയം കുഞ്ഞച്ചന്റെ ഷൂട്ട് നടക്കുന്ന സമയത്ത് എപ്പോഴൊക്കെ മമ്മൂട്ടിയെ വെച്ച് കോമഡി സീന്‍ ഷൂട്ട് ചെയ്യുന്നോ അപ്പോഴൊക്കെ പ്രൊഡ്യൂസറിന്റെ അസിസ്റ്റന്റ് വന്നിട്ട്, ‘മമ്മൂട്ടിയെവെച്ച് കോമഡി ചെയ്യിക്കണ്ട’ എന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കും. ഞാന്‍ അതൊന്നും കാര്യമാക്കാതെ വിടുമ്പോള്‍ അയാള്‍ പ്രൊഡ്യൂസറിനെ വിളിച്ച് ഇക്കാര്യം പറയും. മമ്മൂട്ടിയെവെച്ച് കോമഡി ചെയ്യിക്കുന്നതില്‍ ഏറ്റവും വലിയ പേടി പ്രൊഡ്യൂസര്‍ മണിക്കായിരുന്നു.

അയാള്‍ വൈകുന്നേരം സെറ്റിലെത്തിയിട്ട് എന്നോട് ഇതിനെപ്പറ്റി സംസാരിക്കും. മമ്മൂട്ടിയെവെച്ച് കോമഡി ചെയ്യിക്കണ്ട എന്നാണ് പറയാറ്. ഞാന്‍ അയാളെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യിക്കും. എന്റെ പുറത്തുള്ള കോണ്‍ഫിഡന്‍സിന്റെ പുറത്താണ് ആ സിനിമ ചെയ്തത്. ഒരു പക്ഷേ കോട്ടയം കുഞ്ഞച്ചന്‍ ഫ്‌ളോപ്പായാല്‍ വേറൊരു സിനിമ ചെയ്ത് കാശ് തിരിച്ച് പിടിക്കാമെന്ന് പറഞ്ഞിട്ട് പോയി. പടം പ്രതീക്ഷിച്ചതിലും വലിയ ഹിറ്റായി മാറി,’ സുരേഷ് ബാബു പറഞ്ഞു.

Content Highlight: Director Suresh Babu shares the shooting experience of Kottayam Kunjachan movie