| Monday, 15th July 2024, 11:42 am

കോട്ടയം കുഞ്ഞച്ചന്‍ രണ്ടാഴ്ച പോലും തികച്ച് ഓടില്ലെന്ന് പ്രൊഡ്യൂസര്‍ പറഞ്ഞപ്പോള്‍ എനിക്ക് ധൈര്യം തന്നത് ആ സംവിധായകനാണ്: ടി.എസ് സുരേഷ് ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ടി.എസ്. സുരേഷ്ബാബു. പ്രായിക്കര പാപ്പന്‍, ഉപ്പുകണ്ടം ബ്രദേഴ്സ്, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി ഒരുപാട് ഹിറ്റുകള്‍ സുരേഷ് ബാബു ഒരുക്കിയിട്ടുണ്ട്. 40 വര്‍ഷത്തെ സിനിമാ കരിയറില്‍ വെറും 20 സിനിമകള്‍ മാത്രമാണ് സുരേഷ് ബാബു സംവിധാനം ചെയ്തിട്ടുള്ളത്. മമ്മൂട്ടി എന്ന നടന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ കോട്ടയം കുഞ്ഞച്ചന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സുരേഷ് ബാബു.

അതുവരെ സീരിയസ് വേഷങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന മമ്മൂട്ടിയെ വെച്ച് താന്‍ ചെയ്ത ധീരമായ പരീക്ഷണമായിരുന്നു കോട്ടയം കുഞ്ഞച്ചനെന്ന് സുരേഷ് ബാബു പറഞ്ഞു. എന്നാല്‍ മമ്മൂട്ടി കോമഡി ചെയ്താല്‍ ശരിയാവില്ലെന്ന് നിര്‍മാതാവ് തന്നോട് പറഞ്ഞുവെന്നും പ്രീവ്യൂ കണ്ട ശേഷം രണ്ടാഴ്ച പോലും തിയേറ്ററില്‍ ഓടില്ലെന്ന് അഭിപ്രായപ്പെട്ടുവെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യം നിര്‍മാതാവ് മമ്മൂട്ടിയെ വിളിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വിഷമമായെന്നും സംവിധായകന്‍ പറഞ്ഞു. പിറ്റേദിവസം സംവിധായകന്മാരായ തമ്പി കണ്ണന്താനവും ഹരിഹരനും രതീഷും വേണ്ടി പ്രിവ്യൂ നടത്തിയെന്നും ഹരിഹരനും തമ്പി കണ്ണന്താനവും തന്നെ കെട്ടിപ്പിടിച്ച് സിനിമ ഹിറ്റാകുമെന്ന് പറഞ്ഞെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. ഓണ്‍ലുക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘കോട്ടയം കുഞ്ഞച്ചന്റെ പ്രിവ്യൂ കണ്ട ശേഷം ‘തീരെ ഇഷ്ടപ്പെട്ടില്ല’ എന്നാണ് നിര്‍മാതാവ് അരോമാ മണി പറഞ്ഞത്. രണ്ടാഴ്ച തികച്ച് ഓടിയാല്‍ ഭാഗ്യം എന്നാണ് മണി സാര്‍ പറഞ്ഞത്. സിനിമ ഇഷ്ടമായില്ലെന്ന് മമ്മൂട്ടിയെ വിളിച്ച് പറയുകയും ചെയ്തു. മമ്മൂട്ടിക്ക് അത് കേട്ട് വളരെ വിഷമമായി. ഡെന്നിസ് ഇത് അറിഞ്ഞപ്പോള്‍ അടുത്ത ദിവസം ഹരിഹരന്‍ സാറിനും തമ്പി കണ്ണന്താനത്തിനും വേണ്ടി ഒരു പ്രിവ്യൂ ഒരുക്കാമെന്ന് പറഞ്ഞു.

അന്നത്തെ വലിയ പ്രൊഡ്യൂസര്‍മാരിലൊരാളായ മണി സാര്‍ ഇഷ്ടമായില്ലെന്ന് പറഞ്ഞതോടെ എന്റെ കോണ്‍ഫിഡന്‍സ് പോയി. സിനിമ കണ്ട് കഴിഞ്ഞ ശേഷം അവര്‍ എന്റെ ഹോട്ടല്‍ മുറിയിലേക്ക് വന്നു. ഹരിഹരന്‍ സാര്‍ എന്നെ കെട്ടിപ്പിടിച്ച് ‘സിനിമ വളരെ ഇഷ്ടമായി’ എന്ന് പറഞ്ഞു. ‘ഈ സിനിമ ഇവിടത്തെ ട്രെന്‍ഡ്‌സെറ്ററായി മാറും’ എന്നാണ് തമ്പി കണ്ണന്താനം പറഞ്ഞത്. അവര്‍ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു,’ സുരേഷ് ബാബു പറഞ്ഞു.

Content Highlight: Director Suresh Babu shares the memories of Kottayam Kunjacahan movie

We use cookies to give you the best possible experience. Learn more