| Saturday, 22nd June 2024, 10:36 pm

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിന് അയാള്‍ അധികം താത്പര്യം കാണിക്കാത്തതുകൊണ്ടാണ് ഞാന്‍ അതില്‍ നിന്ന് പിന്മാറിയത്: ടി.എസ്. സുരേഷ്ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ടി.എസ് സുരേഷ്ബാബു. 1984ല്‍ ഇതാ ഇന്നുമുതല്‍ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ബാബു സ്വതന്ത്ര സംവിധായകനായ്ത. പിന്നീട് 40 വര്‍ഷത്തിനുള്ളില്‍ 20നടുത്ത് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു. മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ബാബു.

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് പണ്ടുമുതലേ ആലോചന ഉണ്ടായിരുന്നെന്നും താനും ഡെന്നിസ് ജോസഫും അതിനെക്കുറിച്ച് സംസാരിക്കാന്‍ ഇരുന്നിട്ടുണ്ടായിരുന്നെന്നും സുരേഷ് ബാബു പറഞ്ഞു. പിന്നീട് ആ ചര്‍ച്ചയിലേക്ക് രണ്‍ജി പണിക്കറും വന്നുവെന്നും ഒരുപാട് ഇരുന്നിട്ടും ഒരു ഡെവലപ്‌മെന്റും ഉണ്ടാകാത്തതിനാല്‍ ഡെന്നിസിന് ഈ സിനിമയിലുള്ള ഇന്‍ട്രസ്റ്റ് പോയെന്നും സുരേഷ് ബാബു പറഞ്ഞു.

എന്നാല്‍ തനിക്കും മമ്മൂട്ടിക്കും കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തില്‍ താത്പര്യമുണ്ടെന്നും വേറൊരു എഴുത്തുകാരനും സംവിധായകനും അത് ചെയ്യുന്നതാണ് നല്ലതെന്നും സുരേഷ് ബാബു പറഞ്ഞു. ആദ്യ ഭാഗത്തിന് മുകളില്‍ നില്‍ക്കുന്ന രണ്ടാം ഭാഗമാണ് വേണ്ടതെന്നും അങ്ങനെയൊരു കഥ ചെയ്യാന്‍ അറിയുന്നവര്‍ക്ക് വേണ്ടിയാണ് താന്‍ പിന്മാറിയതെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ഡി.എന്‍.എയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ബാബു ഇക്കാര്യം പറഞ്ഞത്.

‘കോട്ടയം കുഞ്ഞച്ചന് ഒരു രണ്ടാം ഭാഗത്തിനെക്കുറിച്ചുള്ള ആലോചന കുറേക്കാലം മുന്നേ ഉണ്ടായിരുന്നു. ഞാനും ഡെന്നിസ് ജോസഫും അതിനെക്കുറിച്ച് സംസാരിക്കാന്‍ വേണ്ടി ഇരുന്നിട്ടുണ്ടായിരുന്നു. പിന്നീട് ഞങ്ങളുടെ ചര്‍ച്ചയിലേക്ക് രണ്‍ജി പണിക്കറും വന്നു. പക്ഷേ ഒരുപാട് ചര്‍ച്ച ചെയ്തിട്ടും ഒരു പുരോഗതിയും ഉണ്ടായില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഡെന്നിസിന് ഈ പ്രൊജക്ടിലുള്ള താത്പര്യം പോയി.

പക്ഷേ എനിക്കും മമ്മൂക്കക്കും രണ്ടാം ഭാഗം വേണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷേ ഞാന്‍ ഇനിയത് സംവിധാനം ചെയ്യില്ല. കാരണം, ആദ്യത്തെ ഭാഗത്തിന് മുകളില്‍ നില്‍ക്കുന്ന ഒരു സിനിമ വേണം ചെയ്യാന്‍. അങ്ങനെ വന്നില്ലെങ്കില്‍ ആ സിനിമയോട് ചെയ്യുന്ന നീതികേടാകും. വേറൊരു എഴുത്തുകാരനും സംവിധായകനും കൂടി അത് ചെയ്യട്ടെ എന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്,’ സുരേഷ് ബാബു പറഞ്ഞു.

Content Highlight: Director Suresh Babu explains why he walked out from Kottayam Kunjachan sequel

We use cookies to give you the best possible experience. Learn more