| Tuesday, 27th December 2016, 9:57 am

തുണിയുരിയാന്‍ വേണ്ടി തന്നെയാണ് നായികമാര്‍ക്ക് പണം നല്‍കുന്നത് : വിവാദ പ്രസ്താവനയില്‍ നടി തമന്നയോട് മാപ്പ് പറഞ്ഞ് സംവിധായകന്‍ സുരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെന്നിന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളായ തമന്ന ഭാട്ടിയയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ സംവിധായകന്‍ സുരാജ് മാപ്പപേക്ഷയുമായി രംഗത്തെത്തി. തമന്നയ്ക്ക് പിന്തുണയുമായി നടന്‍ വിശാല്‍ കൂടി രംഗത്തെത്തിയോടെയാണ് മാപ്പ് പറയാന്‍ സുരാജ് തയ്യാറായത്.

വിശാലും തമന്നയും താരജോഡികളായി അഭിനയിച്ച  കത്തിസണ്ടൈയുടെ പ്രൊമോഷനായി നടത്തിയ ഷോകളില്‍ ഒന്നിലാണ് സംവിധായകന്‍ വിവാദപ്രസ്താവന നടത്തിയത്.

തമന്ന ഈ സിനിമയില്‍ നടത്തുന്ന അതീവ ഗ്ലാമര്‍ പ്രകടനങ്ങളെക്കുറിച്ചും തമന്നയുടെ സിനിമയിലെ കോസ്റ്റിയൂമിനെ കുറിച്ചുമായിരുന്നു അവതാരകന്റെ ചോദ്യം. അതിന് മറുപടി പറയവേയാണ് തികച്ചും സ്ത്രീവിരുദ്ധവും ലൈംഗിക ചുവയുടെ പരാമര്‍ശവുമായി സംവിധായകന്‍ രംഗത്തെത്തിയത്.

തമന്ന എപ്പോള്‍ വേണമെങ്കിലും തുണിയുരിഞ്ഞ് അഭിനയിക്കാന്‍ തയ്യാറാണെന്നും നടിമാര്‍ അങ്ങനെ അഭിനയിക്കേണ്ടിവരാണെന്നുമായിരുന്നു സുരാജിന്റെ പ്രസ്താവന.
സിനിമയിലെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നയാള്‍ “നായികയുടെ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങളുമായി എന്റെയടുത്തേക്ക് വന്നാല്‍ ഞാന്‍ ആ ഡ്രസിന്റെ നീളം കുറയ്ക്കുമെന്നും സുരാജ് പറഞ്ഞിരുന്നു.


എന്റെ നായിക ആ വസ്ത്രം അണിഞ്ഞ് അഭിനയിക്കാന്‍ കംഫര്‍ട്ടബിളാണോ എന്നത് എനിക്ക് വിഷയമാകില്ല. നായികയ്ക്ക് അസന്തുഷ്ടിയുണ്ടോ എന്നും ഞാന്‍ നോക്കില്ല.
നായികമാര്‍ ഇത്തരം ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് കാണാനാണ് പ്രേക്ഷകര്‍ പണം നല്‍കി സിനിമയ്ക്ക് കയറുന്നത്””. നായികമാര്‍ക്ക് കോടികള്‍ പ്രതിഫലം നല്‍കുന്നതും അതിന് വേണ്ടി തന്നെയാണ്.

നായികമാര്‍ അവരുടെ അഭിനയിക്കാനുള്ള കഴിവ് സീരിയലുകളില്‍ പ്രദര്‍ശിപ്പിക്കട്ടെ. കൊമേഴ്‌സ്യല്‍ സിനിമകളിലേക്ക് വരുമ്പോള്‍ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതിനായാണ് നായികമാര്‍ക്ക് പണം നല്‍കുന്നത്”” –  -ഇതായിരുന്നു സുരാജിന്റെ വാക്കുകള്‍.

സുരാജിന്റെ ഈ പ്രസ്താവനക്കെതിരെ ശക്തമായ പ്രതികരണവുമായി തമന്ന രംഗത്തെത്തുകയും ചെയ്തു. ഇത്തരമൊരു പ്രതികരണം നടത്തിയ സംവിധായകന്‍ മാപ്പ് പറഞ്ഞേ തീരൂ എന്ന് തമന്ന തീര്‍ത്തു പറഞ്ഞു.

സുരാജിന്റെ ഈ അഭിപ്രായ പ്രകടനം മോശമായി. തന്നെ അത് വല്ലാതെ വേദനിപ്പിച്ചു. ഇതില്‍ അദ്ദേഹം മാപ്പ് പറയുക തന്നെ വേണം. എന്നോടല്ല അദ്ദേഹം മാപ്പ് പറയേണ്ടത്, മറിച്ച് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകളോടുമാണ്- തമന്ന പ്രതികരിച്ചു.

തമ്മന്നയ്ക്ക് പിന്തുണയുമായി വിശാലും ട്വിറ്ററിലൂടെ രംഗത്തെത്തി. തമന്ന പറഞ്ഞതുപോലെ തങ്ങള്‍ എല്ലാം അഭിനേതാക്കളാണെന്നും. പ്രേക്ഷകരെ സന്തോഷിപ്പിക്കു എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും എന്നാല്‍ താരങ്ങള്‍ വെറും വില്‍പ്പനച്ചരക്കുകളാണ് എന്ന് ചിലരെങ്കിലും കരുതുന്നത് തെറ്റാണെന്നും വിശാല്‍ പറഞ്ഞു.

കഴിഞ്ഞ 11 വര്‍ഷമായി സൗത്ത് ഇന്ത്യന്‍ സിനിമയുടെ ഭാഗമാണ് ഞാന്‍. ഇത്രനാളും എനിക്ക് കംഫര്‍ട്ടബിളാകുന്ന വസ്ത്രങ്ങളാണ് ഞാന്‍ ധരിച്ചത്. സ്ത്രീകള്‍ക്കും അങ്ങനെ തന്നെയായിരിക്കണമെന്നും വിശാല്‍ പ്രതികരിച്ചു. തുടര്‍ന്നായിരുന്നു ഖേദപ്രകടനവുമായി സംവിധായകന്‍ സുരാജ് രംഗത്തെത്തിയത്.

തമന്നയോടും മറ്റ് നടിമാരോടും താന്‍ മാപ്പുപറയുന്നെന്നും ആരേയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല താന്‍ അത്തരമൊരു പ്രസ്താവന നടത്തിയതെന്നും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം താന്‍ പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കുന്നതായും സുരാജ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more