| Monday, 19th December 2022, 2:18 pm

ഷൈനിനെ എങ്ങനെ ഇങ്ങനെ അവതരിപ്പിച്ചെന്ന് ചോദിച്ചു, അതിന് രണ്ട് ഉത്തരമുണ്ട്: സുനില്‍ ഇബ്രാഹിം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരാജ് വെഞ്ഞാറമൂടിനെ പ്രധാന കഥാപാത്രമാക്കി സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രമാണ് റോയ്. ചിത്രത്തില്‍ പൊലീസിന്റെ റോളിലാണ് ഷൈന്‍ ടോം ചാക്കോ എത്തിയത്. സമീപകാലത്തായി ഷൈന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ അഭിനയമാണ് റോയ്‌യില്‍ അദ്ദേഹം കാഴ്ചവെച്ചത്.

നടന്‍ സുരാജ് വെഞ്ഞാറമൂടും സംവിധായകന്‍ സുനില്‍ ഇബ്രാഹിമും ചിത്രത്തിലെ ഷൈനിന്റെ പെര്‍ഫോമന്‍സിനെക്കുറിച്ച് പറയുകയാണ്. ഡൂള്‍ ന്യൂസിന് വേണ്ടി അന്ന കീര്‍ത്തി നടത്തിയ അഭിമുഖത്തിലാണ് ഇരുവരും ഷൈനിനെക്കുറിച്ച് പറഞ്ഞത്.

റോയ് രണ്ട് വര്‍ഷം മുന്നേ ഷൂട്ട് ചെയ്ത ചിത്രമാണെന്നും അതിന് ശേഷമാണ് അടുത്തിറങ്ങിയ മറ്റ് ചിത്രങ്ങളില്‍ ഷൈന്‍ അഭിനയിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.

അടുത്ത് ഇറങ്ങിയ ചിത്രങ്ങളിലൊക്കെ കാണുന്ന ഷൈനല്ല റോയ്‌യില്‍ ഉള്ളതെന്നും അദ്ദേഹത്തെ എങ്ങനെ ഇങ്ങനെ ചെയ്തുവെന്ന് ഒരുപാട് ആളുകള്‍ തന്നോട് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

”രണ്ട് വര്‍ഷത്തിനുമുമ്പാണ് റോയ് ഷൂട്ട് ചെയ്യുന്നത്. അതിന് ശേഷമാണ് ഷൈന്‍ വേറെ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത്. ഷൈനിനെ ഇപ്പോള്‍ വിളിച്ചിട്ട് ഈ കഥാപാത്രം ചെയ്യാന്‍ പറഞ്ഞാലും അദ്ദേഹം ചെയ്യുമായിരിക്കും. ഉറപ്പായിട്ടും അദ്ദേഹം ചെയ്യും.

കാരണം അദ്ദേഹത്തെ ഇപ്പോള്‍ വിളിക്കുന്നത് ആ ഒരു വിചിത്രവും എക്‌സന്ററിക് കഥാപാത്രം ഡിമാന്റ് ചെയ്യുന്ന റോളുകളിലേക്കാണ്. അതുകൊണ്ടാണ് അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്യുന്നത്. അത് ഷൈനിന്റെ കുറ്റമായിരിക്കുമെന്ന് നിര്‍ബന്ധമില്ല. പക്ഷെ അദ്ദേഹത്തിന്റെ അഭിനയം അടിപൊളിയാണ്.

കുമാരി സിനിമ ഇറങ്ങിയതിന് ശേഷമാണല്ലോ റോയ് വരുന്നത്. ഈ ഷൈനിനെ നിങ്ങളെങ്ങനെ ഇങ്ങനെ ചെയ്തുവെന്ന് എന്നോട് ഒത്തിരി ആളുകള്‍ ചോദിച്ചിരുന്നു. അതില്‍ രണ്ട് ഉത്തരമുണ്ട്.

രണ്ട് വര്‍ഷം മുന്നെയാണ് റോയ്‌യില്‍ ഷൈന്‍ അഭിനയിക്കുന്നത്. അതാണ് ഒറ്റവാക്കില്‍ കൊടുക്കാന്‍ പറ്റുന്ന ഉത്തരം. അതിന് ശേഷമാണ് അദ്ദേഹം മറ്റ് അടുത്ത് ഇറങ്ങിയ മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുന്നത്. എന്നാല്‍ അതല്ലെങ്കിലും അദ്ദേഹം ഈ വേഷം ചെയ്യും,” സുനില്‍ ഇബ്രാഹിം പറഞ്ഞു.

content highlight: director sunil ibrahim about shine tom chakko

We use cookies to give you the best possible experience. Learn more