Entertainment
ആ നടിയെ കാണാന്‍ പോയപ്പോള്‍ ചായയും പലഹാരങ്ങളുമായി പെണ്ണുകാണാന്‍ വരുന്നതുപോലെയുള്ള ഒരുക്കമായിരുന്നു: സംവിധായകന്‍ സുന്ദര്‍ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 30, 03:43 am
Thursday, 30th January 2025, 9:13 am

ലോഹിതദാസിന്റെ രചനയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സല്ലാപം. മഞ്ജു വാരിയര്‍, ദിലീപ്, മനോജ് കെ. ജയന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. മഞ്ജു വാരിയരുടെ ആദ്യ ചിത്രം കൂടിയായിരുന്നു സല്ലാപം. രാധ എന്ന കഥാപാത്രമായാണ് മഞ്ജു ചിത്രത്തില്‍ അഭിനയിച്ചത്.

സല്ലാപത്തിലേക്ക് മഞ്ജു വാരിയര്‍ എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സുന്ദര്‍ദാസ്. ഒരു മാസികയില്‍ മുഖചിത്രം കണ്ടതിനെ തുടര്‍ന്ന് ലോഹിതദാസിന്റെ നിര്‍ദേശപ്രകാരം താന്‍ മഞ്ജു വാരിയരുടെ കണ്ണൂരിലുള്ള വീട്ടില്‍ പോയെന്ന് സുന്ദര്‍ദാസ് പറയുന്നു. സംവിധായകന്‍ തോമസ് സെബാസ്റ്റ്യന്‍ തന്റെ കൂടെ വന്നെന്നും മഞ്ജുവിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ചായയും നിറയെ പലഹാരങ്ങളുമായി പെണ്ണുകാണാന്‍ വരുന്നതുപോലെയുള്ള ഒരുക്കമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മഞ്ജുവിന്റെ വീട്ടില്‍ അലമാരിയില്‍ മഞ്ജുവിന് വിവിധയിടങ്ങളില്‍നിന്ന് ലഭിച്ച ട്രോഫികള്‍ ഉണ്ടായിരുന്നെന്നും അതിനെ കുറിച്ച് മഞ്ജു സംസാരിക്കുന്നത് ക്യാമറയില്‍ പകര്‍ത്തി ലോഹിതദാസിനെ കാണിച്ചെന്നും സുന്ദര്‍ദാസ് പറഞ്ഞു. അത് കണ്ട ലോഹിതദാസ് ഇതാണ് രാധ എന്ന് പറഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ലോഹിയുടെ നിര്‍ദേശ പ്രകാരം മഞ്ജുവിനെ കാണാന്‍ ഞാന്‍ കണ്ണൂരിലേക്ക് പുറപ്പെട്ടു. മഞ്ജുവിനെ നേരില്‍കണ്ട് അഭിനയിപ്പിച്ച് കുറച്ച് വീഡിയോകള്‍ ഷൂട്ട് ചെയ്യാനായിരുന്നു പദ്ധതി. കോഴിക്കോട് എത്തിയപ്പോള്‍ സംവിധായകന്‍ തോമസ് സെബാസ്റ്റ്യന്‍ ഒരു വീഡിയോ ക്യാമറയുമായി എന്റെ കൂടെ ചേര്‍ന്നു. അങ്ങനെ വൈകുന്നേരത്തോടെ ഞങ്ങള്‍ കണ്ണൂരിലെ മഞ്ജുവിന്റെ വീട്ടിലെത്തി. ചായയും നിറയെ പലഹാരങ്ങളുമൊക്കെയായി പെണ്ണുകാണാന്‍ വരുന്നതുപോലെയുള്ള ഒരുക്കങ്ങളായിരുന്നു അവിടെ.

ഞങ്ങള്‍ ചായകുടിച്ചു, മഞ്ജുവിനെ കണ്ടു. സ്വീകരണമുറിയിലെ അലമാരിയില്‍ മഞ്ജുവിന് വിവിധയിടങ്ങളില്‍നിന്ന് ലഭിച്ച ട്രോഫികള്‍ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് മഞ്ജുവിനോട് സംസാരിക്കാന്‍ പറഞ്ഞു. അത് ക്യാമറയില്‍ പകര്‍ത്തി. ഷൊര്‍ണൂരിലെത്തി ഗസ്റ്റ്ഹൗസില്‍ ലോഹിയോടൊപ്പം ഇരുന്ന് മഞ്ജുവിന്റെ അഭിനയം വീഡിയോ കാസറ്റിട്ട് ടെലിവിഷനില്‍ കണ്ടു.

‘ഇതാണ് നമ്മുടെ രാധ’ ലോഹി നിസംശയം പറഞ്ഞു. മഞ്ജുവും അച്ഛന്‍ മാധവേട്ടനും ഷൊര്‍ണൂരിലെത്തി. മഞ്ജുവിനായി റെഡിയാക്കി വെച്ച ഡ്രസ് ധരിച്ച് അങ്ങനെ ഒരു തെങ്ങിന്‍തോപ്പില്‍വെച്ച് സ്‌ക്രീന്‍ ടെസ്റ്റ് നടത്തി,’ സുന്ദര്‍ദാസ് പറയുന്നു.

Content highlight: Director Sundar Das talks about Manju  Warrier