Advertisement
Film News
പ്രേമം ഏറ്റവും പ്രിയപ്പെട്ടത്, അല്‍ഫോണ്‍സിന്റെ സിനിമകള്‍ മിസ് ചെയ്യും: സുധ കൊങ്കാര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 31, 10:49 am
Tuesday, 31st October 2023, 4:19 pm

അല്‍ഫോണ്‍സ് പുത്രന്റെ സിനിമകള്‍ താന്‍ മിസ് ചെയ്യുമെന്ന് സംവിധായിക സുധ കൊങ്കാര. പ്രേമം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണെന്നും അത് ആവര്‍ത്തിച്ച് കാണാറുണ്ടെന്നും സുധ പറഞ്ഞു. അല്‍ഫോണ്‍സ് എത് രൂപത്തില്‍ സിനിമ ചെയ്താലും താന്‍ അത് കാണുമെന്നും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റില്‍ സുധ പറഞ്ഞു.

‘നിങ്ങളുടെ സിനിമകള്‍ ഞാന്‍ മിസ് ചെയ്യും. പ്രേമം ഏറ്റവും പ്രിയപ്പെട്ടതും വീഴ്ചകളില്‍ ആശ്വാസമേകുന്നതുമായ സിനിമയാണ്. ഞാന്‍ അത് ആവര്‍ത്തിച്ച് കാണാറുണ്ട്. പ്രണയത്തിലാവണം എന്ന ചിന്തയെ വീണ്ടും പ്രണയിക്കാന്‍ അതെന്നെ പ്രേരിപ്പിക്കുന്നു. ഏത് രൂപത്തിലാണെങ്കിലും സിനിമ ചെയ്യുന്നത് തുടരുക. അത് ഞാന്‍ കാണും,’ സുധ കൊങ്കാര കുറിച്ചു.

തിയേറ്റര്‍ സിനിമാ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് അല്‍ഫോണ്‍സ് പുത്രന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ‘ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍’ എന്ന രോഗമാണ് തനിക്കെന്നും ആര്‍ക്കും ഭാരമാകാന്‍ ഉദ്ദേശിക്കുന്നില്ല എന്നെല്ലാമായിരുന്നു അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

‘ഞാന്‍ എന്റെ സിനിമാ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആര്‍ക്കും ബാധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോള്‍ അത് ഒ.ടി.ടി വരെ ചെയ്യും.

സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാര്‍ഗമില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോള്‍ ഇന്റര്‍വെല്‍ പഞ്ചില്‍ വരുന്നതുപോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും’, എന്നാണ് അല്‍ഫോണ്‍സ് കുറിച്ചത്. പോസ്റ്റ് പങ്കുവെച്ച് അല്‍പസമയത്തിനുള്ളില്‍ തന്നെ അദ്ദേഹം അത് പിന്‍വലിക്കുകയും ചെയ്തിരുന്നു.

Content Highlight: Director Sudha Konkara says she will miss Alphonse Putran’s films