| Saturday, 4th March 2023, 10:16 am

'ആ മമ്മൂട്ടി സിനിമയെ വിജയിപ്പിക്കാന്‍ വേണ്ടിയാണ് മാര്‍ക്കറ്റ് വാല്യുവുള്ള മോഹന്‍ലാലിനെ അന്ന് സിനിമയിലെടുത്തത്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ സ്റ്റാലിന്‍ ജോസ് തന്റെ പഴയ കാല സിനിമാ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. പണ്ടൊക്കെ താനും മമ്മൂട്ടിയും ഒരുമിച്ച് ചായകുടിക്കാനൊക്കെ പോയിട്ടുണ്ടെന്നും പിന്നീട് ദീര്‍ഘകാലം അടുപ്പം സൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയുടെ രണ്ടാമത്തെ സിനിമയായ പടയോട്ടത്തിലേക്ക് സ്റ്റാര്‍ വാല്യു നോക്കിയാണ് മോഹന്‍ലാലിനെയും ശങ്കറിനെയും അഭിനയിക്കാന്‍ വിളിച്ചതെന്നും ആ ഭാഗങ്ങള്‍ പിന്നീട് എഴുതി ചേര്‍ത്തതാണെന്നും സ്റ്റാലിന്‍ ഓര്‍ത്തെടുത്തു. അതുകൊണ്ട് തന്നെ ആ സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചെന്നും മാസ്റ്റര്‍ബിന് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘മമ്മൂട്ടിയേയും മോഹന്‍ലാലിനെയും വെച്ച് ഞാന്‍ ചെയ്ത സിനിമയായിരുന്നു പടയോട്ടം. അതാണെങ്കില്‍ മമ്മൂട്ടിയുടെ രണ്ടാമത്തെ സിനിമയായിരുന്നു. ശരിക്കും ആ സിനിമയില്‍ മോഹന്‍ലാലിന്റെയും ശങ്കറിന്റെയും പൂര്‍ണിമയുടെയും കഥാപാത്രങ്ങള്‍ ഞങ്ങള്‍ പിന്നീട് എഴുതി ചേര്‍ത്തതാണ്.

പ്രിയദര്‍ശനാണ് അതിന്റെ തിരക്കഥ എഴുതിയത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമ റിലീസ് ചെയ്ത് കഴിഞ്ഞ് ഇവര്‍ക്കൊക്കെ നല്ല സ്റ്റാര്‍ വാല്യുയുള്ള സമയമായിരുന്നു അത്. അതുകൊണ്ടാണ് അവര്‍ക്ക് വേണ്ടി ഒരു ട്രാക്ക് ഉണ്ടാക്കിയത്. അത് ജനങ്ങള്‍ക്ക് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. ബാക്കിയെല്ലാം പ്രായമുള്ള കഥാപാത്രങ്ങളായിരുന്നു.

ആ സിനിമയില്‍ വെച്ച് ഞാന്‍ മമ്മൂട്ടിയും ചായകുടിക്കാനൊക്കെ വൈകുന്നേരം ഇറങ്ങി നടക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ ഞങ്ങള്‍ പോയി ചായകുടിക്കും അല്ലെങ്കില്‍ അയാള്‍ എനിക്ക് ചൈനീസ് ഫുഡൊക്കെ വാങ്ങി തരും. ഇവരെല്ലാം എന്നെ ആശാനേ എന്നാണ് വിളിക്കുന്നത്.

പിന്നീട് മമ്മൂട്ടി പ്രതീക്ഷിക്കാത്ത തരത്തില്‍ വലിയ നടനായി മാറി. എവിടെയെങ്കിലും ഷൂട്ടിങ് നടക്കുമ്പോള്‍ അവിടെ വരുന്നവരോടൊക്കെ എന്നെ അന്വേഷിച്ചുവെന്ന് പറഞ്ഞ് വിടാറുണ്ടായിരുന്നു. ലാല്‍ പിന്നെ അങ്ങനെയൊരു അടുപ്പം സൂക്ഷിച്ചിരുന്നില്ല. മമ്മൂട്ടിയെ ഞാന്‍ അവസാനം കാണുന്നത് ദി കിംഗിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ്,’ സ്റ്റാലിന്‍ ജോസ് പറഞ്ഞു.

content highlight: director stalin jose about mammootty and mohanlal

We use cookies to give you the best possible experience. Learn more