| Monday, 17th April 2023, 9:53 pm

ഞാന്‍ കേറി പിടിച്ചോട്ടെ എന്നൊക്കെ ചോദിക്കുന്നത് കണ്‍സെന്റല്ല; അത് മനസിലാക്കാന്‍ റോക്കറ്റ് സയന്‍സ് പഠിക്കേണ്ട കാര്യമില്ല: ശ്രുതി ശരണ്യം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്‍സെന്റ് എന്ന വാക്കിന് കൃത്യമായ ഒരു നിര്‍വചനമില്ലെന്ന് സംവിധായിക ശ്രുതി ശരണ്യം. വളരെ അധികം തെറ്റിദ്ധരിക്കപ്പെട്ട വാക്കാണതെന്നും കണ്‍സെന്റ് ചോദിക്കുന്നതിന് മുമ്പ് ചില സാമാന്യമര്യദയുണ്ടെന്നും അവര്‍ പറഞ്ഞു. അതൊക്കെ തിരിച്ചറിയാന്‍ റോക്കറ്റ് സയന്‍സ് പഠിക്കേണ്ട ആവശ്യമില്ലെന്നും സാമാന്യബുദ്ധി മതിയെന്നും ശ്രുതി പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ ബി 32 മുതല്‍ 44 വരെ എന്ന സിനിമയുമായ ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രതിനിധി അമൃതക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘കണ്‍സെന്റിന് അങ്ങനെ കൃത്യമായ ഒരു നിര്‍വചനം നല്‍കാനാവില്ല. വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട സംഗതിയാണ് കണ്‍സെന്റ്. കണ്‍സെന്റ് ചോദിക്കുന്നതിനു മുന്‍പുള്ള ചില സാമാന്യമര്യാദകള്‍ ഉണ്ട്. അപ്പുറത്ത് നില്‍ക്കുന്ന വ്യക്തിക്ക് അതേ മാനസികാവസ്ഥയുണ്ടോ, അവരില്‍ നിന്ന് എന്തെങ്കിലും പോസിറ്റീവ് റിയാക്ഷന്‍ കിട്ടുന്നുണ്ടോ എന്ന് നോക്കണം. ഇത് തിരിച്ചറിയാന്‍ റോക്കറ്റ് സയന്‍സ് പഠിക്കേണ്ട കാര്യമില്ല. സാമാന്യബുദ്ധി ഉപയോഗിച്ചാല്‍ ആര്‍ക്കും മനസിലാക്കാവുന്നതാണ്.

ഓര്‍ക്കാപ്പുറത്ത് കയറി ഒരു സ്ത്രീയോട് can i have sex with you എന്ന് ചോദിക്കുന്നതും ഞാന്‍ കേറി പിടിച്ചോട്ടെ എന്ന് ചോദിക്കുന്നതും കണ്‍സെന്റല്ല. അതൊരുതരം വയലേഷന്‍ തന്നെയാണ്. ആരോട് എപ്പോള്‍ എങ്ങനെ ചോദിക്കുന്നു എന്നത് പ്രധാനമാണ്. കണ്‍സെന്റ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുകയാണ്. താല്‍പര്യമില്ലെന്നു മനസിലാക്കിയാണ് പലപ്പോഴും സ്ത്രീകളോട് പല ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്,’ ശ്രുതി ശരണ്യം ഡൂള്‍ന്യൂസ് പറഞ്ഞു.

സിനിമയില്‍ കാസ്റ്റിങ് കൗച്ച് ചെയ്യുന്നത് സ്ത്രീപക്ഷ സംവിധായകനെന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയാണ്. സ്ത്രീപക്ഷം എന്ന് പറഞ്ഞുനടക്കുന്നവരാണ് യഥാര്‍ത്ഥ കള്ളന്മാരെന്ന പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്നതാണ് ഈ രംഗമെന്ന് ചില ചര്‍ച്ചകള്‍ കണ്ടു. ഒരു സ്ത്രീപക്ഷ സംവിധായകനെ അവിടെ എന്തിന് കൊണ്ടുവന്നതെന്ന ഡൂള്‍ന്യൂസ് പ്രതിനിധിയുടെ ചോദ്യത്തിനും ശ്രുതി മറുപടി പറഞ്ഞു.

‘ആ കഥാപാത്രത്തെ അങ്ങനെ പ്ലേസ് ചെയ്തു എന്നെ ഉള്ളൂ. ജനറലൈസ് ചെയ്തു പറയാന്‍ പറ്റില്ല. സ്ത്രീപക്ഷ സിനിമയെടുക്കുന്ന എല്ലാ സംവിധായകരും മോശക്കാരാണ് എന്നല്ല. എന്നാല്‍ ശക്തമായ സ്ത്രീപക്ഷ സിനിമ എടുത്ത രണ്ടോ മൂന്നോ സംവിധായകരുടെ കൂടെ ജോലി ചെയ്യേണ്ടി വന്ന പെണ്‍കുട്ടികളുടെ അനുഭവങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. സ്ത്രീപക്ഷ സിനിമ എടുക്കുന്ന എല്ലാ സംവിധായകരും മോശക്കാരാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല,’ ശ്രുതി ശരണ്യം പറഞ്ഞു.

content highlight: director sruthi saranyam about consent

We use cookies to give you the best possible experience. Learn more