Advertisement
Entertainment news
ചെലവാക്കിയത് 35 കോടി രൂപ; ഒ.ടി.ടിയ്ക്ക് നല്‍കി ദുല്‍ഖറിന് നിര്‍മാതാവെന്ന നിലയില്‍ സുരക്ഷിതനാകാമായിരുന്നെന്ന് ശ്രീനാഥ് രാജേന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Nov 07, 10:44 am
Sunday, 7th November 2021, 4:14 pm

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കിയ കുറുപ്പ് നവംബര്‍ 12ന് തിയേറ്റര്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഒ.ടി.ടി ഓഫറുകള്‍ നിരാകരിച്ചാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ കുറുപ്പ് തിയേറ്ററിലെത്തിക്കുന്നത്.

സിനിമ ഒ.ടി.ടിയ്ക്ക് നല്‍കാത്തതിന് കാരണവും നിര്‍മാതാവെന്ന രീതിയില്‍ ദുല്‍ഖര്‍ ഏറ്റെടുത്ത വെല്ലുവിളിയെക്കുറിച്ചും സംസാരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒ.ടി.ടിയില്‍ നിന്നും നല്ല ഓഫറുകള്‍ വന്നിട്ടും എന്തുകൊണ്ടാണ് തിയേറ്റര്‍ റിലീസ് എന്ന തീരുമാനത്തില്‍ ഉറച്ച് നിന്നത് എന്ന ചോദ്യത്തിന്, സിനിമ ഒരു കല എന്നതിനപ്പുറം ഒരു ആഘോഷം കൂടിയാണ് എന്നായിരുന്നു ശ്രീനാഥ് രാജേന്ദ്രന്‍ മറുപടി പറഞ്ഞത്.

”കുറുപ്പിന്റെ ആദ്യ ചിന്ത വന്നത് മുതല്‍ തിയേറ്ററിന്റെ ഡാര്‍ക്ക് റൂമില്‍ പ്രേക്ഷകര്‍ ഒന്നിച്ചിരുന്ന് കാണുന്നൊരു സിനിമയായാണ് ഇതിനെ നോക്കിക്കണ്ടത്. ഒരിക്കലും ഒ.ടി.ടി സിനിമയായി കുറുപ്പിനെ കണ്ടിട്ടില്ല. ഈ സിനിമ തിയേറ്ററില്‍ കണ്ട് ഇഷ്ടപ്പെട്ടു എന്ന പ്രേക്ഷകന്റെ വാക്കിലാണ് ഞങ്ങളുടെ വിജയമെന്നാണ് വിശ്വസിക്കുന്നത്,” ശ്രീനാഥ് പറഞ്ഞു.

തിയേറ്ററിന് വേണ്ടി നിര്‍മിച്ച് സിനിമയായത് കൊണ്ടുതന്നെ മൊബൈല്‍ സ്‌ക്രീനില്‍ കണ്ടാല്‍ ഒരിക്കലും ആ ടെക്‌നിക്കല്‍ ക്വാളിറ്റി അനുഭവിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

”35 കോടി രൂപ ഒരു സിനിമയ്ക്കായി ചെലവഴിച്ചിട്ട് രണ്ട് വര്‍ഷത്തോളം തിയേറ്ററില്‍ ആ സിനിമ എത്തിക്കാന്‍ കാത്തിരുന്നു എന്നത് ദുല്‍ഖര്‍ എന്ന നിര്‍മാതാവ് ഏറ്റെടുത്ത വെല്ലുവിളിയാണ്. അദ്ദേഹത്തിന് വേണമെങ്കില്‍ ഒ.ടി.ടിയില്‍നിന്ന് നല്ല ഓഫറുകള്‍ വന്നപ്പോള്‍ പടം നല്‍കി നിര്‍മാതാവെന്ന നിലയില്‍ സുരക്ഷിതനാകാമായിരുന്നു.

പക്ഷേ, തിയേറ്ററില്‍ നിന്നുതന്നെ കുറുപ്പ് എല്ലാ പ്രേക്ഷകരും കാണണമെന്നും എല്ലാ ദൃശ്യ-ശ്രവ്യ ഭംഗിയോടെ ആസ്വദിക്കണമെന്നുമുള്ള ഉറച്ച തീരുമാനമെടുക്കാനുള്ള ധൈര്യം ദുല്‍ഖറിന് ഉണ്ടായെന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്,” സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Director Srinath Rajendran talks about Kurup movie