കൊച്ചി: മരട് ഫ്‌ളാറ്റുകളിലെ 450 കുടുംബങ്ങള്‍ തീ തിന്നു കഴിയുകയാണെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. പാര്‍പ്പിട ഉടമകളാണു കുറ്റക്കാര്‍ എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം സ്വാഭാവിക നീതി നിഷേധമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ ഇരകളാണു മരട് ഫ്‌ളാറ്റിലുള്ളവരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാങ്ങും മുന്‍പേ ആലോചിക്കണമായിരുന്നു എന്നു പറയുന്നത് അന്യായമാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
നമ്മള്‍ ഒരു പാര്‍പ്പിടം വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍, അതിന്റെ രേഖകള്‍ നിയമപരമാണോ എന്ന് പലവട്ടം പരിശോധിക്കും. അതിനു ശേഷം നിയമത്തിന്റെ പലതരം നടപടി ക്രമങ്ങളിലൂടെയും പരിശോധനകളിലൂടെയും കടന്നു പോകും. രജിസ്ട്രേഷന്‍ മുതല്‍ കറന്റ്- വൈദ്യുതി- ഗ്യാസ് തുടങ്ങിയവയെല്ലാം നിയമപരമായ ഒരു കെട്ടിടത്തിനാണ് ലഭിക്കുന്നത്.
ഇതെല്ലാം ലഭിച്ചു എന്നാല്‍ അതിനര്‍ത്ഥം നിയമപരമായി തടസ്സമില്ലാത്തതാണ് നമ്മുടെ പാര്‍പ്പിടം എന്നാണ്. രജിസ്ട്രേഷന്‍ ഇനത്തില്‍ ലക്ഷങ്ങളാണ് മുദ്രപത്രത്തിലൂടെ സര്‍ക്കാരിന് നല്‍കുന്നത്. മരടിലും ഈ നടപടി ക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് സമുച്ചയങ്ങളില്‍ 450 കുടുംബങ്ങള്‍ പാര്‍പ്പിടങ്ങള്‍ വാങ്ങിയതും ജീവിക്കുന്നതും. ആ പാര്‍പ്പിടങ്ങള്‍ പൊളിച്ചു കളയണം എന്നാണ് നിയമം ഇപ്പോള്‍ പറയുന്നത്.
ജീവന്‍ പോലെയാണ് വീടും. ഒരോ മനുഷ്യായുസിന്റെയും സൃഷ്ടിയാണ് ഓരോ പാര്‍പ്പിടങ്ങളും. മരടിലെ 450 കുടുംബങ്ങള്‍ ഇന്ന് തീ തിന്നുകയാണ്. അവരുടെ പാര്‍പ്പിടങ്ങള്‍ പൊളിച്ചു നീക്കണം എന്ന് നിയമം പറയുന്നു. നിയമ വിരുദ്ധമാണ് അവരുടെ പാര്‍പ്പിടങ്ങള്‍ എന്നു നിയമം കണ്ടെത്തുന്നു. പാര്‍പ്പിട ഉടമകള്‍ കുറ്റവാളികളെ പോലെ ചിത്രീകരിക്കപ്പെടുന്നു. പൊളിച്ചു കളയണമെങ്കില്‍ 30 കോടി രൂപ വേണമെന്നു കണക്കാക്കുമ്പോള്‍, അവയുടെ യഥാര്‍ത്ഥ മൂല്യം എത്രയാകും എന്നു കണക്കാക്കി നോക്കു.
ഇവിടെ കുറ്റം ചെയ്തത് ആരാണ്?
പാര്‍പ്പിടങ്ങളുടെ ഉടമകളാണ് കുറ്റക്കാര്‍ എന്നു വരുത്തി തീര്‍ക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കില്‍, അതിന്റെ ഇരകളാണ് മരടിലെ ഓരോ ഫ്ളാറ്റ് ഉടമകളും. അവയെല്ലാം ഓരോ വീടുകളാണ്. 450 കുഞ്ഞുങ്ങള്‍ ആ വീടുകളില്‍ താമസിക്കുന്നുണ്ട്. അവരുടെ മനസിലടക്കം വ്യാപിക്കുന്ന ഭീതിയുടെ നഷ്ടം കണക്കാക്കാനാവില്ല.
തീരദേശ നിയന്ത്രണ മേഖലാ ചട്ടം ലംഘിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുത്തില്ല എന്നതാണ് സത്യം. മഹാപ്രളയം വന്നപ്പോള്‍, ജലനിരപ്പ് അടയാളപ്പെടുത്തി പ്രളയ ഭൂപടം ഉണ്ടാക്കുമെന്ന് പറഞ്ഞിരുന്നു. അത്തരത്തില്‍ ‘ജലരേഖ’കള്‍ മുദ്രണം ചെയ്താല്‍ ആ സ്ഥലങ്ങളില്‍ ആ നിരപ്പിലും ഉയരത്തില്‍ കെട്ടിടങ്ങള്‍ ഭാവിയില്‍ നിര്‍മ്മിക്കപ്പെടും. പ്രളയത്തെ പ്രതിരോധിക്കുന്ന വാസ്തു സംസ്‌ക്കാരം കാലക്രമേണ ശക്തമാകും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേ നിലയ്ക്ക് തീരദേശ നിയന്ത്രണ മേഖല ചട്ടമുള്ള പ്രദേശങ്ങളെ വനാതിര്‍ത്തികളില്‍ ‘ജണ്ട’ പണിതു തിരിക്കുന്നതു പോലെ അതിരു തിരിക്കാത്തത് എന്തുകൊണ്ട്? അത്തരം അതിര്‍ത്തി തിരിക്കലുകള്‍ക്കു ശേഷം ആ പരിധിക്കുള്ളില്‍ പാര്‍പ്പിടം വാങ്ങാന്‍ ആരെങ്കിലും തയ്യാറാകുമോ?
തീരങ്ങളും വനങ്ങളും സംരക്ഷിക്കാത്തതിനാലാണ് പ്രകൃതി ദുരന്തങ്ങള്‍ എന്നത് വാസ്തവം തന്നെ. എന്നാല്‍ ഈ കയ്യേറ്റങ്ങള്‍ക്കെല്ലാം കയ്യയച്ചു സഹായിക്കുന്ന നിയമ സംവിധാനം തന്നെയാണ് ഇവിടുള്ളത്. പാര്‍പ്പിടങ്ങള്‍ പൊളിക്കുന്നതിനു മുന്‍പ് ഈ നിയമ വിരുദ്ധതയ്ക്ക് കൂട്ടു നിന്നത് സ്വന്തം സംവിധാനങ്ങളാണ് എന്ന കുറ്റബോധം ഉണ്ടാകേണ്ടത് ജനാധിപത്യത്തിലെ ഭരണ സംവിധാനങ്ങള്‍ക്കാണ്.
പാര്‍പ്പിടത്തിന്റെ ഉടമകള്‍ക്കുണ്ടായ നഷ്ടത്തിന് പലിശ സഹിതം പരിഹാരം ചെയ്തതിനു ശേഷം മാത്രമേ ആ മനുഷ്യരെ കുടിയിറക്കുന്നതിനെ കുറിച്ച് ആലോചിക്കാവു.
വാങ്ങും മുന്‍പേ ആലോചിക്കണമായിരുന്നു എന്നു പറയുന്നത് അന്യായമാണ്. എല്ലാ സര്‍ക്കാര്‍ രേഖകളോടെയും വില്‍ക്കാന്‍ വെച്ച ഒന്നില്‍ രേഖാപരമായി തെറ്റു സംഭവിച്ചുവെങ്കില്‍, രേഖകള്‍ തെറ്റി പോയതിനു പാര്‍പ്പിടം ഉടമകളോട് സര്‍ക്കാര്‍ ആദ്യം മാപ്പു പറഞ്ഞ് നഷ്ടം നികത്തണം. നിലവില്‍ ആ പാര്‍പ്പിടങ്ങളുടെ മൂല്യം നിശ്ചയിച്ച് നഷ്ട പരിഹാരം നല്‍കണം.
ആ തുക പാര്‍പ്പിടം ഉടമകള്‍ക്ക് നല്‍കിയ ശേഷം, നഷ്ടപരിഹാരം നല്‍കിയ തുക കുറ്റം ചെയ്തവരില്‍ നിന്ന് തിരിച്ചെടുക്കണം.
പാര്‍പ്പിടം വാങ്ങാനും നിര്‍മ്മിക്കാനും സ്വപ്നം കാണുന്ന മുഴുവന്‍പേരേയും മരട് പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്- നമ്മള്‍ ലക്ഷങ്ങള്‍ മുടക്കി സ്വന്തമാക്കുന്ന പലയിടങ്ങളുടേയും തലയ്ക്കു മുകളില്‍ ഒരു വാള്‍ തൂങ്ങിക്കിടപ്പുണ്ട്. നിയമപരമായ അപരാധമാണ് നമ്മുടെ കെട്ടിടമെന്ന് ഏതു സമയത്തും കണ്ടെത്തപ്പെടാം. അത്തരത്തിലുള്ള ഒരു കണ്ടെത്തലിന്റെ ആഘാതം മരടിലെ കുടുംബങ്ങള്‍ക്കുണ്ട്.
പാര്‍പ്പിട സമുച്ചയങ്ങളില്‍ ജീവിക്കുന്ന എല്ലാവര്‍ക്കുമുണ്ട്. പാര്‍പ്പിട സമുച്ചയങ്ങളുടെ കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിയമം പാസാക്കി നിലവിലുള്ളവയെ നഷ്ടപരിഹാരം ഈടാക്കി അംഗീകൃതമാക്കണം. അല്ലാത്തപക്ഷം, മരട് നാളെ കേരളത്തിലെ ഓരോ തീരങ്ങളിലും ആവര്‍ത്തിക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മരടിലെ 450 കുടുംബങ്ങളോടും ഒപ്പമാണ്. പാര്‍പ്പിടം ഇല്ലാത്ത ഓരോ മനുഷ്യര്‍ക്കും ഒപ്പമാണ്. കേരളത്തില്‍ 40 ശതമാനം കുടുംബങ്ങള്‍ക്ക് സ്വന്തമായി പാര്‍പ്പിടമില്ല എന്ന കണക്ക് മറക്കുന്നില്ല. പ്ലാസ്ററിക് ഷീറ്റിന്റെ കീഴിലാണ് ആദിവാസി കുടുംബങ്ങളിലേറെയും. ആവശ്യത്തിനു ഭൂമി കേരളത്തിലുണ്ടായിട്ടും അതിനൊന്നും അവകാശമില്ലാതെ പുറമ്പോക്കുകളില്‍ കഴിയുന്നവരേയും മറക്കുന്നില്ല.
മരടിന്റെ കാര്യത്തില്‍ കുറ്റം ചെയ്തവര്‍ ആരെന്ന് കണ്ടെത്താന്‍ ഭയക്കേണ്ടതില്ല. ആ കുറ്റത്തിന്റെ ഇരകളാണ് പാര്‍പ്പിടം ഉടമകള്‍. അവരുടെ നീതി ഉറപ്പാക്കാന്‍ ജനാധിപത്യത്തിന് ബാധ്യതയുണ്ട്.