ജോത്സ്യന്റെ നിര്‍ദേശപ്രകാരം തന്റെ കഥാപാത്രം മാറ്റുന്നതിനെ കുറിച്ച് നടന്‍ മുകേഷ് പറഞ്ഞതിന്റെ അനുഭവം പങ്കുവെച്ച് സംവിധായകന്‍ ശ്രീകണ്ഠന്‍ വെഞ്ഞാറമൂട്. ജൂനിയര്‍ സീനിയര്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്തുണ്ടായ ചില കാര്യങ്ങളാണ് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പങ്കുവെച്ചത്.
ജോത്സ്യനെ കണ്ടശേഷം ജൂനിയര്‍ സീനിയറിലെ തന്റെ കഥാപാത്രം മാറ്റണമെന്ന തരത്തില്‍ മുകേഷ് പറഞ്ഞതായാണ് ശ്രീകണ്ഠന്‍ പറയുന്നത്.
”സിനിമയുടെ രാവിലത്തെ പൂജ കഴിഞ്ഞ് ഒരു സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ സെറ്റില്‍ ഒരു കാറ് വന്ന് നിന്നു. ഫ്രണ്ട് ഡോറ് തുറന്ന് എന്നെ അതിനകത്തേക്ക് വലിച്ചിട്ടു. ഡയറക്ടറെ ചിലര്‍ കാറില്‍ വന്ന് പിടിച്ചോണ്ട് പോകുന്നോ, എന്നും പറഞ്ഞ് ക്രൂ മൊത്തം നോക്കി നില്‍ക്കുകയായിരുന്നു.
മുകേഷേട്ടനായിരുന്നു അത്. ഒരു കാര്യം പറയാന്‍ വേണ്ടിയായിരുന്നു എന്നെ അങ്ങനെ പിടിച്ചുകൊണ്ടുപോയത്. ‘ശ്രീകണ്ഠാ ഞാന്‍ ജോത്സനെ കണ്ടു, ഈ സിനിമയില്‍ ഒരിക്കലും എന്നെ ഭര്‍ത്താവിന്റെ കഥാപാത്രമാക്കരുത് എന്നാണ് ജോത്സ്യന്‍ പറഞ്ഞത്,’ എന്ന് എന്നോട് മുകേഷേട്ടന്‍ പറഞ്ഞു.
അയ്യോ അത് പറ്റില്ല ചേട്ടാ, കഥ ഇങ്ങനെയായി പോയി, ഇനി അത് മാറ്റുന്ന കാര്യം നമുക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല, എന്ന് ഞാന്‍ പറഞ്ഞു. എന്റെ ആദ്യ പടമായിരുന്നെങ്കില്‍ പോലും ഞാന്‍ ഇക്കാര്യം ബോള്‍ഡായി തന്നെ പറഞ്ഞു.
ഞാന്‍ ഇങ്ങനെ പറയുമെന്ന് പുള്ളി ചിന്തിച്ചുകാണില്ല. എന്നെ കുറേ സഹായിച്ചിട്ടുള്ള ആളാണ് മുകേഷേട്ടന്‍. സിനിമ കഴിഞ്ഞിട്ടും എന്നോട് അടുപ്പം സൂക്ഷിച്ചിരുന്നയാളാണ്.
അത് കഴിഞ്ഞ് കുറച്ച് സംസാരിച്ച ശേഷം എന്നെ തിരിച്ച് സെറ്റില്‍ കൊണ്ടാക്കി പുള്ളി പോയി. പിന്നീട് പുള്ളി വന്ന് അഭിനയിച്ചു, കാര്യങ്ങളെല്ലാം ചെയ്തു. വളരെ നല്ല സഹകരണമായിരുന്നു.
പിന്നീട് ഡബ്ബിങ്ങിന് വേണ്ടി വന്നപ്പോള്‍, ‘എഡേ ജഗദീഷ് എന്നെ വിളിച്ചിരുന്നെഡേ. നീ നന്നായി ചെയ്തിട്ടുണ്ടെന്നാണല്ലോഡേ പറയുന്നത്,’ എന്ന് മുകേഷേട്ടന്‍ പറഞ്ഞു. എനിക്ക് സത്യത്തില്‍ അവാര്‍ഡ് കിട്ടിയ പോലെയായിരുന്നു.
മുകേഷേട്ടന്‍ എനിക്ക് വേറൊരു ഹെല്‍പ് കൂടി ചെയ്തിരുന്നു. ‘നീ ഒരു കാര്യം ചെയ്യ്. കഥ പറയാനായി ഡെന്നീസേട്ടനെ (ഡെന്നീസ് ജോസഫ്) പോയി കാണ്, ഞാന്‍ വിളിച്ചുപറയാം,’ എന്ന് എന്നോട് പറഞ്ഞു. അങ്ങനെ പുള്ളി എനിക്ക് വേണ്ടി ഡെന്നീസേട്ടനെ വിളിച്ചു. അത് പക്ഷെ പ്രോജക്ടായി മാറിയില്ല,” ശ്രീകണ്ഠന്‍ പറഞ്ഞു.
Content Highlight: Director Sreekantan shares an experience with Mukesh