| Saturday, 22nd October 2022, 8:16 pm

മമ്മൂട്ടി പടത്തിന്റെ സെറ്റില്‍ വെച്ച് ആ നടി പേരെടുത്ത് വിളിച്ചത് മുരളിയേട്ടന് ഇഷ്ടപ്പെട്ടില്ല, അദ്ദേഹം ഭയങ്കരമായി വഴക്ക് പറഞ്ഞു: ശ്രീകണ്ഠന്‍ വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുളസി ദാസിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, മുരളി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി 1996ല്‍ പുറത്ത് വന്ന ചിത്രമാണ് ആയിരം നാവുള്ള അനന്തന്‍. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ മുരളി വഴക്കുണ്ടാക്കിയതിനെക്കുറിച്ച് വിവരിക്കുകയാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്ന പ്രശസ്ത സംവിധായകന്‍ ശ്രീകണ്ഠന്‍ വെഞ്ഞാറമൂട്. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തിലാണ് മുരളിയെ പറ്റിയുള്ള ഓര്‍മകള്‍ ശ്രീകണ്ഠന്‍ വിവരിച്ചത്.

‘എന്നോടൊപ്പം ജോര്‍ജ് എന്ന് പറയുന്ന ഒരാള്‍ അന്ന് ആ ചിത്രത്തില്‍ അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിരുന്നു. അന്ന് എന്തോ പ്രശ്‌നമുണ്ടായി. ജോര്‍ജേട്ടനും മുരളിയേട്ടനും തമ്മില്‍ ചെറിയ ഉടക്കുണ്ടായി. പിന്നെ ജോര്‍ജേട്ടന്‍ കുറച്ച് നേരം മാറിനില്‍ക്കുവൊക്കെ ചെയ്തു.

മുരളിയേട്ടന്‍ പെട്ടെന്ന് പൊട്ടിത്തെറിക്കും. പുള്ളി ഒരു ഇന്റലക്ച്വല്‍ വിങ്ങില്‍ നിന്നും വന്നതാണ്. ഒരു നാടക ലൈനും പൊളിറ്റിക്കല്‍ ബാക്ക് ഗ്രൗണ്ടുമൊക്കെയുള്ളയാളാണ്. ആ സെറ്റില്‍ വെച്ച് ഒരു നടി മുരളിയേട്ടനെ മുരളി എന്ന് വിളിച്ചു. അത് മുരളിയേട്ടന് ഇഷ്ടപ്പെട്ടില്ല. മുരളിയേട്ടന്‍ ഭയങ്കരമായി ഷൗട്ട് ചെയ്തു. മിസ്റ്റര്‍ മുരളി എന്ന് വിളിക്കാന്‍ പറഞ്ഞ് ഭയങ്കരമായി ഷൗട്ട് ചെയ്തു. സിനിമാക്കാരനായിരിക്കുമ്പോള്‍ തന്നെ ഒരു പച്ചയായ മനുഷ്യനാണ് മുരളിയേട്ടന്‍,’ ശ്രീകണ്ഠന്‍ പറഞ്ഞു.

‘മുരളിയേട്ടന്‍ ഒരു മികച്ച കലാകാരനാണ്. ശരീരഭാഷ കൂടി ആ പെര്‍ഫോമന്‍സിലുണ്ടാവും. ചെറിയ മനുഷ്യനാണ്. പക്ഷേ പെര്‍ഫോമന്‍സ് വന്നുകഴിയുമ്പോള്‍ പുള്ളിയുടെ ബോഡിയെ നമ്മള്‍ മറന്നുപോവും. വ്യക്തിപരമായും അടുപ്പം സൂക്ഷിച്ചിരുന്ന ആളാണ്.

ബാധ കേറുക എന്ന് പറയുമല്ലോ. ഫ്രെയ്മിലേക്ക് കേറുമ്പോള്‍ വേറെ ഒരു ക്യാരക്ടര്‍ മുരളിയേട്ടന്റെ സ്വഭാവത്തിലേക്ക് വരുന്നതായാണ് ഞാന്‍ കണ്ട പടങ്ങളിലും വര്‍ക്ക് ചെയ്ത പടങ്ങളിലും തോന്നിയിട്ടുള്ളത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Director Sreekandan Venjaramood narrates about Murali’s quarrels during the shoot of aayiram navulla ananthan 

We use cookies to give you the best possible experience. Learn more