| Friday, 30th July 2021, 6:39 pm

സണ്ണി ലിയോണിനൊപ്പമുള്ള ഷൂട്ടിംഗ് വളരെ എളുപ്പമായിരുന്നു, അതിന് സഹായിച്ചത് ഇക്കാര്യം; മലയാള ചിത്രം ഷീറോയുടെ സംവിധായകന്‍ ശ്രീജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ നായികയായി എത്തുന്ന ചിത്രമാണ് ഷീറോ. വിവിധ ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തില്‍ അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഇന്ത്യന്‍ വംശജയായ സാറ മൈക്ക് എന്ന കഥാപാത്രമായിട്ടാണ് സണ്ണി ലിയോണ്‍ എത്തുന്നത്.

സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലെത്തുന്ന ചിത്രം സാധാരണ ത്രില്ലര്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നാണ് സംവിധായകന്‍ ശ്രീജിത്ത് വിജയന്‍ പറയുന്നത്.

ഒരു കുറ്റകൃത്യവും അന്വേഷണവും എന്ന പാറ്റേണിനപ്പുറത്തേക്ക് ഒരു കഥാപാത്രത്തിന്റെ മാനസികനിലകളെ ആഴത്തില്‍ പഠിക്കുന്ന ചിത്രമായിരിക്കും ഷീറോയെന്ന് സംവിധായകന്‍ പറഞ്ഞു.

ഷീറോയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. സണ്ണി ലിയോണിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങളെ കുറിച്ച് എന്റര്‍ടെയ്ന്‍മെന്റ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീജിത്ത് സംസാരിച്ചു.

‘സണ്ണി ലിയോണ്‍ വളരെ പ്രൊഫഷണലാണ്. സെറ്റില്‍ സമയത്തിന് എത്തുന്ന കാര്യത്തിലും കഥാപാത്രത്തെ മനസിലാക്കാന്‍ ശ്രമിക്കുന്നതിലുമെല്ലാം ഈ പ്രൊഫഷണിലിസം കാണാനാകും.

തന്റെ വര്‍ക്കിനെ കുറിച്ച് അവര്‍ വളരെ സീരിയസാണ്. ഷൂട്ടിന് മുന്‍പ് ഞങ്ങള്‍ ഒരു വര്‍ക്ക് ഷോപ്പ് വെച്ചിരുന്നു. സൗത്ത് ഇന്ത്യയില്‍ ഇത്തരത്തില്‍ കാര്യമായി വര്‍ക്ക് ഷോപ്പുകള്‍ നടത്താറില്ല. പക്ഷെ ഈ വര്‍ക്ക് ഷോപ്പ് ഷൂട്ടിംഗ് വേഗത്തില്‍ നടത്താന്‍ ഞങ്ങളെ ഏറെ സഹായിച്ചു.

സണ്ണി ലിയോണ്‍ ഈ ഒരാഴ്ചത്തെ വര്‍ക്ക് ഷോപ്പില്‍ പൂര്‍ണ്ണമായും പങ്കെടുത്തിരുന്നു. വര്‍ക്ക് ഷോപ്പില്‍ വെച്ച് കഥാപാത്രത്തെ കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്തതുകൊണ്ട് തന്നെ ഷൂട്ടിംഗ് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. അവരെ പോലെയുള്ള ഇത്രയും വലിയ താരമായിരുന്നെങ്കിലും ഷൂട്ടിംഗ് വളരെ എളുപ്പത്തില്‍ തന്നെ ചെയ്യാന്‍ കഴിഞ്ഞിരുന്നു,’ ശ്രീജിത്ത് വിജയന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Director Sreejith Vijayan about Sunny Leone and her Malayalam movie Shero

We use cookies to give you the best possible experience. Learn more