Entertainment news
നിത്യ ഇതിലേക്ക് വരുമോയെന്ന് സംശയമായിരുന്നു; ഷറഫുദ്ദീന്റെ സംശയം കാരണം കഥയില്‍ മാറ്റം വരുത്തി: ശ്രീജിത്ത് എന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 28, 11:50 am
Saturday, 28th October 2023, 5:20 pm

എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രധാന്യമുള്ള ഒരു പ്രൊജക്ടിലേക്ക് നിത്യ മേനോന്‍ വരുമോയെന്നതില്‍ തനിക്ക് സംശയമായിരുന്നെന്ന് സംവിധായകന്‍ ശ്രീജിത്ത് എന്‍. മാസ്റ്റര്‍പീസ് വെബ് സീരിസുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷൂട്ട് തുടങ്ങുന്നതിന്റെ ഒരാഴ്ച്ച മുമ്പാണ് നിത്യ തന്നെ വിളിച്ച് വെബ് സീരിസിന്റെ കഥയെന്താണെന്ന് ചോദിക്കുന്നതെന്നും ശ്രീജിത്ത് പറയുന്നു. ഒപ്പം ഷറഫുദ്ദീന്റെ ഒരു സംശയം കാരണം ഷൂട്ട് തുടങ്ങുന്നതിന്റെ രണ്ടു ദിവസം മുമ്പ് കഥ മറ്റൊരു രീതിയില്‍ മാറ്റിയതിനെ പറ്റിയും ശ്രീജിത്ത് സംസാരിക്കുന്നു.

‘ഈ കഥയിലെ റിയ, ബിനോയ് എന്നീ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ പല ആളുകളെയും ആലോചിച്ചിരുന്നു. കഥ ഏതെങ്കിലും ഒരു കഥാപാത്രത്തിന് മാത്രം പ്രാധാന്യം കൊടുക്കുന്നില്ല. എല്ലാ കഥാപാത്രങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതാണ്.

അങ്ങനെയുള്ള ഒരു പ്രൊജക്ടിലേക്ക് നിത്യ വരുമോയെന്നത് സംശയമായിരുന്നു. എന്നാല്‍ നിത്യയുമായി എനിക്ക് മുന്‍ പരിചയമുണ്ടായിരുന്നു. ആ പരിചയത്തില്‍ ഞാന്‍ വെറുതെ ഒരു വണ്‍ലൈന്‍ പറഞ്ഞു കൊടുത്തു. മുഴുവന്‍ കഥ പറഞ്ഞു കൊടുത്തിരുന്നില്ല. എങ്കിലും നിത്യ ഇത് ചെയ്യാമെന്ന് പറഞ്ഞു.

ഇത് ഒരു ലോ ബജറ്റില്‍ ചെയ്യുന്ന പ്രൊജക്റ്റായിരുന്നു. ഇതിലേക്ക് നിത്യയെ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ നിത്യ അത് മനസിലാക്കിയിട്ടാണ് റിയ എന്ന കഥാപാത്രത്തെ ചെയ്യാന്‍ തയ്യാറായത്. ഷൂട്ട് തുടങ്ങുന്നതിന്റെ ഒരാഴ്ച്ച മുമ്പാണ് നിത്യ വിളിച്ച് സത്യത്തില്‍ ഇതിന്റെ കഥയെന്താണെന്ന് ചോദിക്കുന്നത്. അപ്പോഴാണ് കഥ മുഴുവനായും പറഞ്ഞു കൊടുത്തില്ലല്ലോയെന്ന് ഞാന്‍ ഓര്‍ക്കുന്നത്.

അങ്ങനെ പിറ്റേന്ന് വീഡിയോ കോളിലൂടെയാണ് കഥ പറഞ്ഞത്. കമ്മിറ്റ് ചെയ്ത് അഭിനയിക്കാന്‍ റെഡിയായി ഒരാഴ്ച്ച മുമ്പാണ് കഥയെന്താണെന്ന് നിത്യയറിയുന്നത്. എങ്കിലും ഇത്രയും ഡെഡിക്കേറ്റഡും പ്രൊഫഷണലുമായിട്ടുള്ള ഒരാളുടെ കൂടെ ഞാന്‍ അധികം വര്‍ക്ക് ചെയ്തിട്ടില്ല. ഇതിനകത്ത് അഭിനയിച്ചിട്ടുള്ള മുഴുവന്‍ ആളുകളും അങ്ങനെ തന്നെയാണ്.

ഷറഫിനോട് ഇതിന്റെ വണ്‍ലൈണ്‍ പറയുമ്പോള്‍, അവന്‍ ഒരു സംശയം ചോദിച്ചു. ഒരുകാര്യം മിസിങ്ങായി തോന്നിയെന്ന് പറഞ്ഞു. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട എലമെന്റായിരുന്നു അത്. ഷറഫ് പോയതിന് ശേഷമാണ് ഞാനും പ്രവീണും അതിനെപറ്റി ഡിസ്‌ക്കസ് ചെയ്യുന്നത്. ഷൂട്ട് ചെയ്യാന്‍ കുറച്ചു നാള്‍കൂടെയുള്ള സമയത്തായിരുന്നു സംഭവം. ഷറഫ് പറഞ്ഞ ആ എലമെന്റില്‍ നിന്ന് ഷൂട്ട് തുടങ്ങുന്നതിന്റെ രണ്ടു ദിവസം മുമ്പ് ഈ കഥ നമ്മള്‍ മറ്റൊരു രീതിയില്‍ തിരിച്ചു,’ ശ്രീജിത്ത് എന്‍ പറയുന്നു.

ശ്രീജിത്തിന്റെ പുതിയ വെബ് സീരിസാണ് ‘മാസ്റ്റര്‍ പീസ്’. നിത്യ മേനോന്‍, ഷറഫുദ്ദീന്‍, അശോകന്‍, രണ്‍ജി പണിക്കര്‍, ശാന്തി കൃഷ്ണ, മാല പാര്‍വതി തുടങ്ങിയവരാണ് ഈ സീരീസില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. മാത്യൂ ജോര്‍ജാണ് നിര്‍മാതാവ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളില്‍ സീരീസ് സ്ട്രീം ചെയ്യുന്നുണ്ട്.

Content Highlight: Director Sreejith N Talks About Nithya Menon And Sharafudheen