| Monday, 21st November 2022, 11:53 pm

ഡയലോഗ് തെറ്റുമ്പോള്‍ എല്ലാവരും പറയുന്നത് മമ്മൂക്ക സെറ്റിലുള്ളത് കൊണ്ടാണെന്നാണ്, അദ്ദേഹം നമ്മളെ ആരെയും പിടിച്ച് തിന്നാന്‍ വരുന്നില്ല: സോഹന്‍ സീനുലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ എം.എ. നിഷാദ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭാരത് സര്‍ക്കസ്. സംവിധാനത്തിന് പുറമെ നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത നടനും കൂടിയാണ് സോഹന്‍.

മമ്മൂട്ടിയുടെ കൂടെ വര്‍ക്ക് ചെയ്തതിനേക്കുറിച്ച് പറയുകയാണ് സോഹന്‍. ബഹുമാനം ഉള്ളത് കൊണ്ടാണ് മമ്മൂട്ടിയെ പേടിയാണെന്ന് പറയുന്നതെന്നും അദ്ദേഹം തന്റെ ജോലി കൃത്യമായി ചെയ്ത് പോകുന്ന വ്യക്തിയാണെന്നും സോഹന്‍ പറഞ്ഞു.

മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഡയലോഗ് തെറ്റിച്ചാലും ലേറ്റായാലും എല്ലാവരും പറയുക മമ്മൂട്ടിയെ പേടിച്ചിട്ടാണെന്നും ഡയലോഗ് പഠിക്കാതെ വന്നിട്ട് പലരും ഈ കാരണം പറയാറാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഫില്‍മിഹുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സോഹന്‍ ഇക്കാര്യം പറഞ്ഞത്.

”ഒരു സര്‍ക്കാര്‍ ഉദ്യാഗസ്ഥന്‍ കൃത്യമായി ജോലി ചെയ്യുകയാണെങ്കില്‍ അയാളെ എല്ലാവര്‍ക്കും പേടി ആയിരിക്കും. അയാള്‍ ഒരു കൈക്കൂലിക്കാരനും കൃത്യമായിട്ട് ജോലിക്ക് വരാത്ത ആളുമാണെങ്കില്‍ നമുക്ക് അയാളെ പേടി ഉണ്ടാവില്ല. അതുപോലെയാണ് മമ്മൂക്കയോട് ഉള്ളത്.

അദ്ദേഹം കൃത്യമായി എല്ലാ കാര്യവും ചെയ്യുന്നുണ്ട്. അപ്പോള്‍ നമുക്ക് ഉണ്ടാകുന്ന ബഹുമാനമാണ്. അതിനെ പേടി എന്ന് പറയാന്‍ പറ്റില്ല. അദ്ദേഹത്തോടുള്ള ബഹുമാനത്തെ പേടി എന്ന് വേണമെങ്കില്‍ നമുക്ക് പറയാമെന്നെ ഉള്ളു. കാരണം മമ്മൂക്ക നമ്മളെ ആരെയും പിടിച്ച് തിന്നാന്‍ വരുന്നില്ല. നമ്മളെ ഉപദ്രവിക്കുന്നുമില്ല.

അദ്ദേഹം തന്റെ ജോലി ചെയ്ത് പോവുകയാണ്. പക്ഷേ ഒരു ഡിസിപ്ലിന്‍ മമ്മൂക്കക്ക് ഉണ്ട്. മമ്മൂക്ക നാളെ എത്ര മണിക്കാണ് ഷൂട്ടിന് എത്തേണ്ടതെന്ന് ചോദിക്കുമ്പോള്‍ നമ്മള്‍ ടെന്‍ഷനാവാന്‍ ഒരു കാരണമുണ്ട്. പല നടന്മാരും പറഞ്ഞ സമയത്തിനേക്കാളും വൈകിയാണ് വരുക.

എന്നാല്‍ ഒരു സമയം പറഞ്ഞാല്‍ കൃത്യ സമയത്ത് മമ്മൂക്ക അവിടെ എത്തും. അതുകൊണ്ട് മമ്മൂക്കയോട് ഒരു സമയം പറയുമ്പോള്‍ ആലോചിച്ചിട്ട് വേണം പറയാന്‍. പലരും സെറ്റില്‍ ഡയലോഗ് തെറ്റിക്കും. എന്നിട്ട് പറയുക മമ്മൂക്ക സെറ്റിലുള്ളത് കൊണ്ട് പേടിച്ചിട്ടാണെന്ന്. അവര്‍ക്ക് ശരിക്ക് ഡയലോഗ് പഠിച്ചാല്‍ മതി. പലരും കാരണമായി പറയുക അതാണ്.

പിന്നെ മമ്മൂക്ക ചോദിക്കുന്ന രീതിയും വേറെയാണ്. കുറച്ച് റഫ് ടോണില്‍ ആയിരിക്കും. പക്ഷേ സമയത്തിന് വരുകയും ഡയലോഗ് പഠിച്ച് പറയുവന്നവര്‍ക്കും ആ പേടി അദ്ദേഹത്തിനോട് ഉണ്ടാവില്ല,” സോഹന്‍ സീനുലാല്‍ പറഞ്ഞു.

content highlight: director sohan sinulal about mammootty

We use cookies to give you the best possible experience. Learn more