ആ സിനിമയില്‍ മമ്മൂക്കക്ക് പകരം അഭിനയിച്ചത് ബിജു; അന്ന് മമ്മുക്ക പറഞ്ഞത് ഇപ്പോഴും മനസിലുണ്ട്: സോഹന്‍ ലാല്‍
Entertainment news
ആ സിനിമയില്‍ മമ്മൂക്കക്ക് പകരം അഭിനയിച്ചത് ബിജു; അന്ന് മമ്മുക്ക പറഞ്ഞത് ഇപ്പോഴും മനസിലുണ്ട്: സോഹന്‍ ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th November 2023, 3:12 pm

മലയാളത്തിലെ മികച്ച സംവിധായകനും എഴുത്തുകാരനുമാണ് സോഹന്‍ ലാല്‍. ഇപ്പോള്‍ അദ്ദേഹം തന്റെ സിനിമയിലേക്ക് അഭിനയിക്കാന്‍ മമ്മൂട്ടിയെ സമീപിച്ചകാര്യത്തെ കുറിച്ച് സംസാരിക്കുകയാണ്.

അദ്ദേഹത്തിന്റെ ‘കഥവീട്’ എന്ന അന്തോളജി മൂവിയിലേക്ക് ബിജു മേനോന്‍ ചെയ്ത കഥാപാത്രത്തെ ചെയ്യാന്‍ മമ്മൂട്ടിയെയായിരുന്നു ആദ്യം സമീപിച്ചിരുന്നതെന്ന് അദ്ദേഹം പറയുന്നു.

മാസ്റ്റര്‍ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സിനിമ ചെയ്യുമ്പോള്‍ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ അഭിനയിപ്പിക്കണമെന്ന് തോന്നിയില്ലേ, അവരെ അതിനായി സമീപിച്ചില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സോഹന്‍ ലാല്‍.

‘ഞാന്‍ അത്തരത്തില്‍ ഒരു സൂപ്പര്‍സ്റ്റാറിനെ സമീപിച്ചിരുന്നു. ജീവിതത്തില്‍ വന്ന അവസരങ്ങള്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ പറ്റിയോയെന്ന് നമ്മള്‍ പലപ്പോഴും പിന്നീട് ചിന്തിക്കാറുണ്ട്.

ഞാന്‍ എന്തായാലും ആളുടെ പേര് പറയാം. മമ്മൂക്കയെ ഒരു തവണ ഞാന്‍ പോയി കണ്ടിരുന്നു. ‘കഥവീട്’ സിനിമയുടെ സമയത്തായിരുന്നു അത്.

അതില്‍ ബിജു മേനോന്‍ ചെയ്ത കഥാപാത്രത്തെ ചെയ്യാന്‍ ഞാന്‍ മമ്മൂട്ടിയെയായിരുന്നു ആദ്യം ആഗ്രഹിച്ചിരുന്നത്. അതായത് മാധവികുട്ടിയുടെ നെയ്പായസത്തിലെ ആ കഥാപാത്രം.

മമ്മൂക്ക അന്ന് ടെക്‌നോപാര്‍ക്കില്‍ ഷാജി കൈലാസിന്റെ സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ്. സിനിമയുടെ കാര്യം സംസാരിക്കാനായി ഞാന്‍ ടെക്‌നോപാര്‍ക്കില്‍ പോയി.

മമ്മൂക്ക അന്ന് വളരെ നന്നായിട്ടാണ് എന്നോട് പെരുമാറിയത്. എന്നാല്‍ കഥ കേട്ട് കഴിഞ്ഞതിന് ശേഷം മമ്മൂക്ക സിനിമ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു.

‘ഞാന്‍ ഇപ്പോള്‍ കേരളകഫേയെന്ന ഒരു സിനിമ ചെയ്തിട്ടേയുള്ളു. അത് ഇത്തരത്തില്‍ പത്തു സിനിമകളില്‍ ഒന്നാണ്. നീ മറ്റൊരു പടം പ്ലാന്‍ ചെയ്തിട്ട് വരൂ,’ എന്ന് പറഞ്ഞു. മമ്മൂക്ക അന്ന് പറഞ്ഞത് ഇപ്പോഴും എന്റെ മനസിലുണ്ട്.

പക്ഷേ എനിക്ക് ഇന്നുവരെ അങ്ങനെയൊരു സിനിമക്കുള്ള കഥ കിട്ടിയിട്ടില്ല. ഇനി ഒരു കഥ പറയാന്‍ ചെന്നാല്‍ മമ്മൂക്കക്ക് ഇഷ്ടപ്പെടുന്ന കഥയാകണം അതെന്നുണ്ട്.

എനിക്ക് തോന്നുന്നത്, അതിന് ശേഷം എന്റെ പ്രയോരിറ്റീസ് വേറെയായി പോയത് കൊണ്ടാകണം മമ്മൂക്കയുമായി ഒരു സിനിമ നടക്കാതിരുന്നത്. കഥവീട് കഴിഞ്ഞപ്പോള്‍ മൂന്ന് കുട്ടികളുടെ കഥയാണ് എന്റെ മനസില്‍ വന്നത്,’ സോഹന്‍ ലാല്‍ പറഞ്ഞു.

Content Highlight: Director Sohan Lal Talks About Mammootty