വ്യത്യസ്തമായ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരമാണ് ജഗതി ശ്രീകുമാര്‍. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ സിദ്ദീഖ്. ജഗതിയുടെ കഥാപാത്രങ്ങളെ വേറെയാര്‍ക്കും ചെയ്യാന്‍ സാധിക്കില്ലെന്നും താന്‍ അത്ഭുതത്തോടെയാണ് അവരെയൊക്കെ നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം ക്യാമറയുടെ മുമ്പില്‍ വരുമ്പോള്‍ പൂര്‍ണമായും കഥാപാത്രമായി മാറുമെന്നും എടുക്കുമ്പോള്‍ ഒന്ന് തൊടുക്കുമ്പോള്‍ മറ്റൊന്ന് കൊള്ളുമ്പോള്‍ വേറെയൊന്ന് എന്ന രീതിയിലാണ് ജഗതിയുടെ അഭിനയമെന്നും സിദ്ദീഖ് പറഞ്ഞു. അദ്ദേഹത്തിന്റെ അഭിനയം കണ്ട് അത്തരമൊരു സീന്‍ ക്രിയേറ്റ് ചെയ്തവര്‍ വരെ ചിരിച്ചുപോകുമെന്നും സിദ്ദീഖ് പറഞ്ഞു.
‘നന്നായി ഹാസ്യം കൈകാര്യം ചെയ്യുന്ന നിരവധി താരങ്ങള്‍ മലയാളത്തിലുണ്ട്. അമ്പിളി ചേട്ടനും ഇന്നസെന്റേട്ടനുമൊക്കെ അക്കൂട്ടത്തിലുള്ളവരാണ്. പക്ഷെ അവരുടെയൊക്കെ പേസ് വേറെയാണ്. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുക എന്നത് വളരെ കോംപ്ലിക്കേറ്റഡായിട്ടുള്ള കാര്യമാണ്. ഹാസ്യ സിനിമകള്‍ കൈകാര്യം ചെയ്യുന്ന ഒരാളെന്ന നിലയില്‍ പറയുകയാണ്, ഇവരൊക്കെ മലയാള സിനിമയുടെ ഭാഗ്യമാണ്.
ഞാന്‍ എപ്പോഴും അത്ഭുതത്തോടെ കണ്ടിട്ടുള്ള രണ്ട് പ്രതിഭകളാണ് അവര്‍ രണ്ടുപേരും. അമ്പിളി ചേട്ടന്‍ ചെയ്യുന്ന കഥാപാത്രങ്ങളെ മറ്റൊരാളെകൊണ്ടും ചെയ്യിക്കാന്‍ കഴിയില്ല. കാരണമത് എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ മറ്റൊന്ന്, പോയി കൊള്ളുമ്പോള്‍ വേറെയൊന്ന് എന്ന രീതിയിലാണ്. അദ്ദേഹം ക്യാമറക്ക് മുമ്പിലേക്ക് വന്ന് കഴിഞ്ഞാല്‍ പൂര്‍ണമായി കഥാപാത്രമായി മാറും.അദ്ദേഹത്തിന്റെ അഭിനയം കണ്ട് ആ സീന്‍ ക്രിയേറ്റ് ചെയ്ത നമ്മള്‍ പോലും പൊട്ടിച്ചിരിച്ച് പോകും.
നമ്മള്‍ എഴുതി വെച്ചിരിക്കുന്ന ഡയലോഗ് ഒക്കെയായിരിക്കും അദ്ദേഹം പറയുന്നത്. പക്ഷെ അതിന്റെ കൂടെ അദ്ദേഹം ഉള്‍പ്പെടുത്തുന്ന ചില എക്‌സ്പ്രഷന്‍സും ബോഡി ലാഗ്വേജുമൊക്കെയുണ്ട്. ശരിക്കും പറഞ്ഞാല്‍ അവിടെയാണ് ഈ കഥാപാത്രം ഉണ്ടായി വരുന്നത്. പൊതുവെ ഹാസ്യ നടന്മാരെ മാറ്റി നിര്‍ത്തുകയാണ് പതിവ്. പക്ഷെ അമ്പിളി ചേട്ടനെ മാറ്റി നിര്‍ത്താന്‍ കഴിയില്ല,’ സിദ്ദീഖ് പറഞ്ഞു
content highlight: director sidhique talks about jagathi sreekumar