മലയാളത്തില്‍ ഒരുപിടി നല്ല സിനിമകള്‍ ചെയ്ത സംവിധായകനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. ഇറോട്ടിക് ഴോണറായ ചതുരമാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സ്വാസികയും റോഷനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പണ്ടത്തെ സംവിധായകരുടെ സിനിമകളും ഇപ്പോഴത്തെ സിനിമകളും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് പറയുകയാണ് സിദ്ധാര്‍ത്ഥ്. സമൂഹത്തിലെ മൂല്യങ്ങള്‍ വെച്ച് കൊണ്ടായിരുന്നു പണ്ടത്തെ സംവിധായകര്‍ സിനിമ ചെയ്തിരുന്നതെന്നും എന്നാല്‍ തന്നെ പോലുള്ള ഇന്നത്തെ സംവിധായകര്‍ അങ്ങനെ അല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴുള്ള പല സിനിമകളും ഒന്നുകില്‍ സ്ത്രീപക്ഷമായിപ്പോകുന്നുണ്ടെന്നും അല്ലെങ്കില്‍ പൂര്‍ണമായും പുരുഷാധിപത്യം ആയിപ്പോകുന്നുണ്ടെന്നും രണ്ടിന്റെയും ഇടയില്‍ നിന്ന് കൊണ്ടുള്ള സിനിമയാണ് തന്റെ ചതുരമെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
”സമൂഹത്തിലെ ആണിന്റെയും പെണ്ണിന്റെയും തുല്യതയെക്കുറിച്ചാണ് എന്റെ സിനിമ പറയുന്നത്. ഇപ്പോഴുള്ള പല സിനിമകളും ഒന്നുകില്‍ ഭയങ്കര സ്ത്രീപക്ഷമായിപ്പോകും അല്ലെങ്കില്‍ പൂര്‍ണമായും പുരുഷാധിപത്യം ആയിപ്പോകും. ഇതിന്റെ രണ്ടിന്റെയും ഇടയില്‍ നിന്ന് കൊണ്ട് രണ്ടിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറയുന്ന സിനിമയാണ് ചതുരം.
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ക്രൈമുകള്‍ പരിശോധിച്ചാല്‍ നമുക്ക് അത് മനസിലാക്കാന്‍ കഴിയും. രണ്ട് ജെന്റെറുകളും ഉള്‍പ്പെട്ടിട്ടുള്ള ക്രൈമുകളാണ്. അമ്പതില്‍ ഒക്കെ ഇറങ്ങിയ കെ.എസ്.സേതുമോധവന്‍ സാറിനെ പോലെയുള്ള സംവിധായകരുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും.
അതില്‍ ഒക്കെ നമ്മുടെ സമൂഹത്തിന്റെ പെരുമാറ്റം എങ്ങനെ ആയിരിക്കണം എന്നാണ് കാണിച്ചിരുന്നത്. മോറല്‍ എത്തിക്‌സിനെക്കുറിച്ചൊക്കെ പ്രസംഗിക്കുന്ന സിനിമകളാണ് അവര്‍ ചെയ്തത്. അത്തരം സിനിമകളുടെ പ്രതിഫലനം നമ്മുടെ സിനിമകളിലും ഉണ്ടായിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ നേരെ തിരിച്ചാണ് ചെയ്യുന്നത്. സമൂഹത്തിലെ വിഷയങ്ങള്‍ എടുത്തിട്ടാണ് ഞങ്ങള്‍ സിനിമ ചെയ്യുന്നത്. സമൂഹത്തില്‍ നടക്കുന്നത് കണ്ട് പ്രചോദനം ഉള്‍കൊണ്ടിട്ടല്ല ഇപ്പോഴത്തെ സംവിധായകര്‍ സിനിമ ചെയ്യുന്നത്.
അതുകൊണ്ട് ഈസി ആയിട്ട് പറയാനും പറ്റും. ഞങ്ങള്‍ അത് കണ്ടിട്ടാണ് സിനിമ ചെയ്യുന്നതെന്ന്. സിനിമകളെക്കാളും നാടകീയമായ സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്. അതിനെ കുറച്ച് സിനിമാറ്റിക്ക് ആയിട്ട് അഡാപ്റ്റ് ചെയ്യുകയാണ് ഞങ്ങള്‍,” സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു.
content highlight: director sidharth bharathan about today films