|

അമ്മ ലാസ്റ്റ് അഭിനയിച്ചത് മമ്മൂക്കക്ക് ഒപ്പം; ആ സമയത്ത് ഒന്നും വയ്യായിരുന്നു: സിദ്ധാര്‍ത്ഥ് ഭരതന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗബിന്‍ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ജിന്ന്. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 30നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ കെ.പി.എ.സി ലളിതയേയും കാണാന്‍ കഴിയും.

കെ.പി.എ.സി. ലളിത മരിക്കുന്നതിന് മുമ്പ് അവസാനമായി അഭിനയിച്ചത് ജിന്നിലാണോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. ജിന്ന് കെ.പി.എ.സി ലളിത ചെയ്ത ലാസ്റ്റ് സിനിമയല്ലെന്നും അവസാനമായി ചെയ്തത് ഭീഷ്മ പര്‍വത്തിലാണെന്നുമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞത്.

ജിന്ന് ഷൂട്ട് ചെയ്തത് 2020ലാണെന്നും പിന്നീട് കൊറോണ കാരണം വൈകിയതാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിലെ അവതാരകയുടെ ചോദ്യത്തിനാണ് തന്റെ അമ്മയേക്കുറിച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍ സംസാരിച്ചത്.

”ജിന്ന് അമ്മ ചെയ്ത ലാസ്റ്റ് സിനിമയല്ല. കാരണം 2020ലാണ് ഈ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നത്. മാര്‍ച്ച് 20നാണ് പാക്കപ്പ് ചെയ്തത്. അതിന് ശേഷമാണ് ലോക്ക് ഡൗണ്‍ വന്നത്. ഈ സിനിമ കഴിഞ്ഞിട്ടും അമ്മ വര്‍ക്ക് ചെയ്തിട്ടുണ്ട്.

എനിക്ക് തോന്നുന്നത്, അമ്മ ലാസ്റ്റ് അഭിനയിച്ച സിനിമ ഭീഷ്മപര്‍വമാണെന്നാണ്. ആ സമയത്ത് ഒക്കെ അമ്മക്ക് വയ്യായിരുന്നു. അതിന് ശേഷമാണ് അമ്മക്ക് സുഖമില്ലാതായത്,” സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു.

സ്വാസിക പ്രധാന വേഷത്തിലെത്തിയ ചതുരത്തിന് ശേഷം പുറത്തിറങ്ങുന്ന സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രമാണ് ജിന്ന്. രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സ്‌ട്രെയിറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ . വി, കെ. മനു വലിയ വീട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

content highlight: director sidharth bharathan about hid k.p.ac lalitha