അതൊന്നും ഞാന്‍ മനപൂര്‍വം ചെയ്യുന്ന കാര്യങ്ങളല്ല, പക്ഷെ അമ്മക്ക് അത് മനസിലാവില്ല: സിദ്ധാര്‍ത്ഥ് ഭരതന്‍
Entertainment news
അതൊന്നും ഞാന്‍ മനപൂര്‍വം ചെയ്യുന്ന കാര്യങ്ങളല്ല, പക്ഷെ അമ്മക്ക് അത് മനസിലാവില്ല: സിദ്ധാര്‍ത്ഥ് ഭരതന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th February 2023, 8:05 am

നീണ്ട ഇടവേളകളില്‍ സിനിമ ചെയ്യുന്നയാളാണ് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. ഇത്തരം ഗ്യാപ്പുകള്‍ വരുമ്പോള്‍ സിനിമയില്‍ പോയി അഭിനയിച്ചുകൂടെ എന്നാണ് തന്റെ അമ്മ കെ.പി.എ.സി ലളിത പറഞ്ഞിരുന്നതെന്നാണ് നടന്‍ പറയുന്നത്.

എന്നാല്‍ തനിക്ക് സിനിമ ചെയ്യാന്‍ ഒരുപാട് സമയം ആവശ്യമാണെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. വളരെ സിമ്പിളായിട്ട് മോശം സിനിമ ചെയ്യാമെന്നും നല്ല സിനിമ ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടാണെന്നും സംവിധായകന്‍ പറഞ്ഞു. ടോപ്പ് ന്യൂസ് കേരളക്ക് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ത്ഥ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എന്റെ കരിയറില്‍ തുടര്‍ച്ചയായി സിനിമകള്‍ സംഭവിക്കാതെ വരുമ്പോള്‍ അമ്മ എന്നോട് ചോദിച്ചിട്ടുണ്ട് നിനക്കൊന്ന് പോയി അഭിനയിച്ചൂടെയെന്ന്. നീ നന്നായി ചെയ്യുന്നതല്ലേ, കുറച്ച് ആള്‍ക്കാരെയൊക്ക പോയി കണ്ട് സിനിമയില്‍ അഭിനയിച്ചൂടെ എന്നാണ് അമ്മ ചോദിക്കുന്നത്. അമ്മ പറയുന്നതൊക്കെ ശരിയാണ് പക്ഷെ അപ്പോള്‍ ഞാന്‍ അടുത്ത സിനിമ ചെയ്യാനുള്ള തിരക്കിലായിരിക്കും.

ഈ പറയുന്നതുപോലെ എളുപ്പമല്ല ഒരു സിനിമ ചെയ്യുക എന്നത്. എന്റെ സിനിമ മാത്രമല്ല ഏത് സിനിമയും അങ്ങനെ തന്നെയാണ്. വളരെ സിമ്പിളായിട്ട് ഒരു മോശം സിനിമ ചെയ്യാം എന്നാല്‍ എളുപ്പത്തിലൊരിക്കലും നല്ല സിനിമ ചെയ്യാന്‍ കഴിയില്ല. കാരണം അത്രയുമിരുന്ന് ആലോചിച്ചാണ് നമ്മള്‍ ഒരു കഥാപാത്രത്തെയും സാഹചര്യങ്ങളെയും സൃഷ്ടിക്കുന്നത്. അതുപോലെ നമ്മള്‍ സിനിമയില്‍ രാഷ്ട്രീയം പറയമ്പോള്‍ നമ്മുടെ തന്നെ രാഷ്ട്രീയം അവിടെ റിഫ്‌ളക്ട്ചെയ്യും.

ഇതൊക്കെ കൂട്ടിച്ചേര്‍ത്ത് എങ്ങനെ രസകരമാക്കാം എന്ന ചിന്തയാണ് നടക്കുന്നത്. ഇതൊരു പ്രക്രിയയാണ് അത്രവേഗം നടക്കുന്ന കാര്യമല്ല. അതിനൊരുപാട് സപ്പോര്‍ട്ട് ആവശ്യമാണ്. നല്ല എഴുത്തുകാരുണ്ടാകണം, നല്ല അഭിനേതാക്കളെ കണ്ടെത്തണം അവര്‍ക്ക് ഡേറ്റുണ്ടാകണം അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്.

അങ്ങനെയൊണ് ഈ സമയം നീണ്ടുപോകുന്നത്. അല്ലാതെ ഞാന്‍ മനപൂര്‍വം ചെയ്യുന്നതല്ല. ഇത്തരം ചിന്തകളൊക്കെ നടക്കുന്നതിനിടയില്‍ സിനിമയില്‍ പോയി അഭിനയിക്കാനൊക്കെ പറഞ്ഞാല്‍ ശരിയാവില്ല,’ സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു.

content highlight: director sidharth bharathan about her mother