| Friday, 30th December 2022, 10:48 pm

പ്രശ്‌നം പരിഹരിച്ച് സിനിമ ഇറക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു, പക്ഷെ അതിന് സാധിച്ചില്ല; ജിന്ന് റിലീസ് വൈകിയതില്‍ ക്ഷമ ചോദിച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിന്ന് എന്ന് പുതിയ ചിത്രം ഇന്ന് റിലീസ് ചെയ്യാന്‍ കഴിയാത്തതിന് ക്ഷമ ചോദിച്ച് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍. ഒഴിവാക്കാനാകാത്ത ചില സാങ്കേതിക തടസങ്ങളാലാണ് സിനിമയുടെ റിലീസ് നീട്ടാനുള്ള കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രശ്‌നം പരിഹരിച്ച ശേഷം പുതിയ റിലീസ് തീയതി ഉടന്‍ അറിയിക്കുമെന്നും സിദ്ധാര്‍ത്ഥ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

‘പ്രിയപ്പെട്ടവരെ, ഒഴിവാക്കാന്‍ കഴിയാത്ത ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ജിന്ന് എന്ന ചിത്രത്തിന്റെ റിലീസ് ഇന്നുണ്ടായില്ല. പ്രശ്‌നം പരിഹരിച്ച് സിനിമ ഇറക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല.

നിങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. പുതിയ റിലീസ് തിയതി വൈകാതെ അറിയിക്കുന്നതായിരിക്കും’, സിദ്ധാര്‍ത്ഥ് ഭരതന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

സൗബിന്‍ ഷാഹിര്‍ നായകനായ ജിന്നിന് തിരക്കഥ ഒരുക്കിയത് രാജേഷ് ഗോപിനാഥാണ്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സുധീര്‍ വി.കെ, മനു വലിയവീട്ടില്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

ഷൈന്‍ ടോം ചാക്കോ, ലിയോണ, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്തരിച്ച അഭിനേത്രി കെ.പി.എ.സി ലളിതയും സിനിമയില്‍ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്.

content highlight: director sidharth bharathan about djinn movie release

We use cookies to give you the best possible experience. Learn more