സിദ്ദിഖ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2020ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബിഗ് ബ്രദര്‍. ഹണി റോസ്, സര്‍ജാനോ ഖാലിദ്, അര്‍ബാസ് ഖാന്‍, സിദ്ദീഖ് എന്നിങ്ങനെ വമ്പന്‍ താരനിര അണിനിരന്ന ചിത്രം പക്ഷെ തിയേറ്ററില്‍ വലിയ പരാജയമായിരുന്നു.
ബിഗ് ബ്രദര്‍ പരാജയപ്പെടാനുള്ള കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ സിദ്ദിഖ്. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”സ്വന്തമായി എന്റെ പേരില്‍ പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയത് ഫുക്രിയിലൂടെയാണ്. അതിന് മുമ്പുള്ള എന്റെ സിനിമകളെല്ലാം തന്നെ വലിയ വിജയമായിരുന്നു.
പക്ഷെ ഫുക്രി മുതല്‍ ഞാന്‍ സ്വന്തമായി സിനിമ ചെയ്ത് തുടങ്ങിയപ്പോഴാണ് നഷ്ടത്തിലേക്ക് നീങ്ങിയത്. ഫുക്രിക്ക് ശേഷമായിരുന്നു ബിഗ് ബ്രദര്‍ ചെയ്തത്. ലേഡീസ് ആന്റ് ജെന്റില്‍മാന്‍ സമയത്ത് തന്നെ ലാല്‍ തന്ന ഓഫറായിരുന്നു അദ്ദേഹത്തിന്റെ ഡേറ്റ്.
ബിഗ് ബ്രദറിന്റെ കഥ വ്യത്യസ്തമായ ഒരു നോട്ടാണ്. ആ നോട്ട് ഇന്ററസ്റ്റിങ്ങായി തോന്നിയത് കൊണ്ടാണ് അത് ചെയ്തത്, ലാലിനും അത് വളരെ രസമായി തോന്നി.
ജീവിതകാലം മുഴുവന്‍, ഏതാണ്ട് 18 വയസ് മുതല്‍ 25 വര്‍ഷത്തോളം ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുമ്പോള്‍ വീണ്ടും ഒരു ക്രൈമില്‍ ഏര്‍പ്പെടുകയും ശിക്ഷ കൂടി മുപ്പത് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ് പുറംലോകവുമായി ഒരു ബന്ധവുമില്ലാതിരുന്ന ഒരാളുടെ കഥയാണ് ബിഗ് ബ്രദര്‍ പറയുന്നത്.
ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഈ ലോകം മാറിയത് അയാള്‍ക്കറിയുന്നില്ല. നാടും ആളുകളുമെല്ലാം മാറിയ ഈ പുതിയ ലോകത്ത് ഇയാള്‍ മിസ് ഫിറ്റായിരിക്കും. ഈയൊരു പോയിന്റാണ് ഞാന്‍ സിനിമയിലേക്കെടുത്തത്. ഇതുവരെ പറയാത്ത കഥയാണത്.
അപരിചിതമായ ലോകത്തെത്തുമ്പോഴുള്ള വീര്‍പ്പുമുട്ടലും ശ്വാസംമുട്ടലുമാണ് ആ കഥാപാത്രത്തിന്. പിന്നീടാണ് പല ഘടകങ്ങള്‍ ചിത്രത്തിലേക്ക് ചേര്‍ത്തത്.
ജയിലില്‍ നിന്ന് വന്നിട്ടും അയാളുടെ ശീലങ്ങള്‍ മാറുന്നില്ല. മൂത്രമൊഴിക്കുന്നതിന് പോലും പെര്‍മിഷന്‍ ചോദിക്കുന്നു. ഈ രസകരമായ പാര്‍ട്ട് പക്ഷെ അധികം ശ്രദ്ധിക്കപ്പെടാതെ പോയത് ചിത്രത്തില്‍ പിന്നീട് വരുന്ന മാറ്റങ്ങളാണ്.
വര്‍ക്ക് ചെയ്ത് വന്നപ്പോള്‍, ചിത്രത്തില്‍ ഹീറോയിസം മെയിന്റൈന്‍ ചെയ്യണം എന്ന് നമ്മള്‍ക്ക് തോന്നിയത് കൊണ്ടാണ് പല കാര്യങ്ങളും ചേര്‍ത്തത്.
എന്നാല്‍ ഈ സിനിമ ഒരു പരാജയമായിരുന്നു. എന്റെ സിനിമകളില്‍ ഏറ്റവും കളക്ഷന്‍ കുറഞ്ഞ സിനിമകളിലൊന്നാണ് ബിഗ് ബ്രദര്‍. എന്റെ കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായ സിനിമയാണിത്.
ഇതെല്ലാം കഴിഞ്ഞാണ്, എന്താണ് സംഭവിച്ചത് എന്ന് ഞാന്‍ നിരീക്ഷിക്കുന്നത്.
ഹിന്ദിയിലേക്ക് ചിത്രം ഡബ്ബ് ചെയ്തപ്പോള്‍ അവിടത്തെ ആളുകള്‍ക്ക് ഇത് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അവരത് യൂട്യൂബിലൊക്കെ കണ്ട് അതിനെ കുറിച്ച് എഴുതി.
അപ്പോഴാണ് എനിക്ക് യഥാര്‍ത്ഥ മിസ്‌റ്റേക് മനസിലായത്. ഈ കഥ നടക്കുന്നത് കേരളത്തിലാണ് എന്ന രീതിയിലാണ് നമ്മുടെ പ്രേക്ഷകര്‍ സിനിമയെ കണ്ടത്. ശരിക്ക് ഈ കഥ നടക്കുന്നത് ബെംഗളൂരുവിലാണ്.
പക്ഷെ ചീറ്റ് ചെയ്തുകൊണ്ട് ഇതിലെ ബഹുഭൂരിപക്ഷം സീനുകളും കേരളത്തില്‍ തന്നെയാണ് ഷൂട്ട് ചെയ്തത്. കര്‍ണാടകയില്‍ അപൂര്‍വം സീക്വന്‍സുകള്‍ മാത്രമേ ഷൂട്ട് ചെയ്തിട്ടുള്ളൂ, എന്റെ മിസ്റ്റേക് തന്നെയാണ്.
അതുകൊണ്ട് ഇത് കേരളത്തിന് പുറത്ത് നടക്കുന്ന കഥയാണ് എന്ന് ആളുകള്‍ വിശ്വസിക്കാനായില്ല. പക്ഷെ നാട്ടില്‍ നടക്കുന്ന ഒരു കഥയുടെ ഒരു പശ്ചാത്തലവും കഥയിലില്ലാതായി ഈ അവിശ്വസനീയത ഉടനീളം വന്നുപെട്ടു.
മുഴുവന്‍ കര്‍ണാടകയിലോ മുംബൈയിലോ ഷൂട്ട് ചെയ്യുകയും ആ ആമ്പിയന്‍സും കൂടെ കൊണ്ടുവരികയും ചെയ്തിരുന്നെങ്കില്‍ അതിന്റെ വിധി ഇങ്ങനെയായിരിക്കില്ല, എന്ന് പിന്നീടെനിക്ക് മനസിലായി. സിനിമയുടെ പ്രധാന പിഴവും ഇതാണ്, പശ്ചാത്തലം ശരിയായില്ല,” സിദ്ദിഖ് പറഞ്ഞു.
Content Highlight: Director Siddique talks about the failure of the movie Big Brother with Mohanlal