| Thursday, 22nd September 2022, 9:26 pm

ഞാന്‍ ഭയങ്കര പെര്‍ഫക്ഷനിസ്റ്റാണ്; ജയറാമുമായി വഴക്കുണ്ടായിട്ടുണ്ട്, പണ്ട് വളരെ ചൂടനായിരുന്നു: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സിദ്ദീഖ്. പണ്ട് താന്‍ ഭയങ്കര ദേഷ്യക്കാരനായിരുന്നെന്നും പിന്നീട് അതില്‍ കാര്യമില്ലെന്ന് സ്വയം തിരിച്ചറിഞ്ഞ് മാറുകയായിരുന്നുവെന്നും പറയുകയാണ് ഇപ്പോള്‍ സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദീഖ്.

”ഞാന്‍ ഭയങ്കര പെര്‍ഫക്ഷനിസ്റ്റാണ്. കോംപ്രമൈസ് ചെയ്യാന്‍ തയ്യാറാവാറില്ലായിരുന്നു. പണ്ട് വളരെ ചൂടനായിരുന്നു. ഒ.സി.ഡി എന്നൊക്കെ പറയാം. മുറിയിലേക്ക് വരുമ്പോള്‍ ഒരു കസേര നീങ്ങി കിടന്നാല്‍ പോലും ഞാന്‍ അത് മാറ്റി നേരെ ഇടും.

എന്നാല്‍ പണ്ട് അങ്ങനെ അല്ലായിരുന്നു. അത് ചെയ്തവരെ ഞാന്‍ വഴക്ക് പറയാറുണ്ടായിരുന്നു. ഒരു ഫോട്ടോ ചരിഞ്ഞ് കിടന്നാല്‍ ഞാന്‍ അതുപോയി നേരെ ആക്കും. കാരണം എനിക്ക് അതൊക്കെ ഭയങ്കര ബുദ്ധിമുട്ടാണ് കാണുമ്പോള്‍.

എന്റെ സാധനങ്ങളെല്ലാം കൃത്യമായി കിടക്കണമെന്ന് ആഗ്രഹിക്കുന്ന പെര്‍ഫക്ഷനിസ്റ്റാണ് ഞാന്‍. ഇതൊന്നും ചെയ്യാത്തവരെ ഞാന്‍ വഴക്ക് പറയും. എന്റെ കൂട്ടുകാര്‍ ചെയ്യുന്നതൊക്കെ കാണുമ്പോള്‍ എനിക്ക് ദേഷ്യം വരും. ഞാന്‍ അവരോട് വഴക്കിന് പോകുമായിരുന്നു.

പിന്നീട് പതിയെ അതുമാറി. കാരണം വഴക്ക് പറഞ്ഞിട്ടൊന്നും നടത്തേണ്ട കാര്യമല്ലെന്ന് ഞാന്‍ മനസിലാക്കി. അവര്‍ക്ക് വേറെ സ്വഭാവമാണ്. എന്റെ സ്വഭാവം പോലെയാകാന്‍ അവരെ ഞാന്‍ ഫോഴ്സ് ചെയ്യുകയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവര്‍ക്ക് അതേ പറ്റുള്ളു. എനിക്ക് ഇതേ പറ്റുള്ളു. കുറേ കാലത്തിന് ശേഷം അത് തിരിച്ചറിഞ്ഞ ഞാന്‍ ആരെയും വഴക്ക് പറഞ്ഞിട്ടില്ല.

എന്റെ അഭിപ്രായമല്ലാത്ത ആളുകളോട് ഞാന്‍ തര്‍ക്കിക്കാറില്ല. എന്റെ അഭിപ്രായം ഞാന്‍ വ്യക്തമാക്കും. നിങ്ങള്‍ പറയുന്നത് തെറ്റാണെന്ന് പറഞ്ഞ് വാദിക്കാറില്ല. വഴക്ക് ഉണ്ടായിക്കഴിയുമ്പോഴാണ് ഇതിനെക്കുറിച്ചെല്ലാം ചിന്തിച്ച് തുടങ്ങിയത്. ഇപ്പോള്‍ എനിക്ക് ദേഷ്യം വരും പക്ഷേ ദേഷ്യം വന്നാലും ഞാന്‍ മിണ്ടാതിരിക്കും.

രാത്രി വീട്ടില്‍ വന്ന് പുതപ്പെല്ലാം മൂഡി ഉറങ്ങാന്‍ കിടക്കുമ്പോള്‍ എനിക്ക് സംശയം തോന്നും ഞാന്‍ വാതില്‍ അടച്ചാണോ കിടക്കുന്നതെന്ന്. പിന്നെ എണീറ്റ് ലൈറ്റ് ഇട്ട് ആ സംശയം മാറ്റിയിട്ടാണ് ഞാന്‍ വീണ്ടും കിടക്കുക. കുറ്റിയിട്ടിട്ടുണ്ടാകും എന്നാലും എനിക്ക് ഭയങ്കര സംശയമാണ്.

ഇത് തന്നെ എല്ലാ ദിവസവും സംഭവിക്കും. ഞാനും ജയറാമും തമ്മില്‍ ചെറിയ വഴക്കൊക്കെ ഉണ്ടായിരുന്നു. പിന്നെ ഞാന്‍ അത് മാറ്റിയതാണ്. വഴക്ക് അവിടെ വെച്ച് പറഞ്ഞു തീര്‍ക്കാനുള്ളതാണ്. അത് ഉള്ളില്‍ വെക്കാന്‍ പാടില്ല. വഴക്ക് ഉണ്ടാകും പക്ഷേ ഞാനത് പെട്ടെന്ന് പരിഹരിക്കും,” സിദ്ദീഖ് പറഞ്ഞു.

Content Highlight: Director Siddique talks about the argument he had with Jayaram

Latest Stories

We use cookies to give you the best possible experience. Learn more