| Thursday, 22nd September 2022, 6:31 pm

ദാസേട്ടനെ കൊണ്ട് പാടിക്കണമെങ്കില്‍ ഓഡിയോ കാസറ്റിന്റെ അവകാശം അദ്ദേഹത്തിന്റെ കമ്പനിക്ക് തന്നെ കൊടുക്കണമായിരുന്നു; പല നിര്‍മാതാക്കളും അത് വേണ്ടെന്ന് വെച്ചു: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ സംവിധാനം ചെയ്ത ആദ്യത്തെ മൂന്ന് സിനിമകളിലും യേശുദാസിനെ കൊണ്ട് പാട്ട് പാടിക്കാതിരുന്നതിന് പിന്നിലെ കാരണത്തെ കുറിച്ച് സംവിധായകന്‍ സിദ്ദീഖ്.

ദാസേട്ടനെ കൊണ്ട് പാടിക്കണമെങ്കില്‍ ഓഡിയോ കാസറ്റിന്റെ അവകാശം അദ്ദേഹത്തിന്റെ കമ്പനിയായ തരംഗിണിക്ക് തന്നെ കൊടുക്കണമായിരുന്നുവെന്നും അതുകാരണം സിനിമയുടെ നിര്‍മാതാക്കള്‍ക്ക് കാസറ്റ് വഴിയുള്ള ലാഭം ലഭിക്കാതാവുമെന്നും അതുകൊണ്ട് പല നിര്‍മാതാക്കളും ദാസേട്ടന്റെ പാട്ട് വേണ്ടെന്ന് വെച്ചുവെന്നുമാണ് സിദ്ദീഖ് പറയുന്നത്.

അതുകൊണ്ട് തന്റെ ആദ്യ മൂന്ന് സിനിമകളായ റാംജിറാവു സ്പീക്കിങ്ങിലും ഇന്‍ ഹരിഹര്‍ നഗറിലും ഗോഡ്ഫാദറിലും യേശുദാസിനെ കൊണ്ട് പാടിച്ചില്ലെന്നും നാലാമത്തെ സിനിമയായ വിയറ്റ്‌നാം കോളനിയിലാണ് അദ്ദേഹത്തെ ആദ്യമായി പാടിപ്പിച്ചതെന്നും സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ സിദ്ദീഖ് പറയുന്നുണ്ട്.

”ജീനിയസുകളുടെ കാലഘട്ടത്തില്‍ ജീവിക്കുമ്പോള്‍ അവരുമൊത്ത് സിനിമകളില്‍ വര്‍ക്ക് ചെയ്യുക എന്നത് ഭാഗ്യമായാണ് ഞാന്‍ കണക്കാക്കുന്നത്. ദാസേട്ടനും ഞാനും ഒരേ കാലഘട്ടത്തില്‍ സിനിമയിലുണ്ടായിട്ടും അദ്ദേഹത്തിന്റെ ഒരു പാട്ട് പോലും എനിക്ക് ചിത്രീകരിക്കാന്‍ സാധിക്കാതെ പോയിരുന്നെങ്കില്‍ അത് വലിയ നിര്‍ഭാഗ്യമാകുമായിരുന്നു.

പക്ഷെ അതിന് ഭാഗ്യമുണ്ടായത് എന്റെ നാലാമത്തെ സിനിമയിലാണ്. റാംജിറാവുവിലും ഹരിഹര്‍ നഗറിലും ഗോഡ്ഫാദറിലും ദാസേട്ടന്‍ പാടിയിട്ടില്ല. നാലാമത്തെ സിനിമയായ വിയറ്റ്‌നാം കോളനിയിലാണ് അദ്ദേഹം പാടുന്നത്. അത് വരെ കാത്തുനില്‍ക്കേണ്ടി വന്നു.

അന്നത്തെ സാഹചര്യത്തില്‍ അത് ബുദ്ധിമുട്ടായിരുന്നു. അന്ന് ദാസേട്ടന്‍ പാട്ട് പാടണമെങ്കില്‍ കാസറ്റ് തരംഗിണിക്ക് (യേശുദാസിന്റെ ഉടമസ്ഥതയിലുള്ള റെക്കോഡിങ് കമ്പനി) കൊടുക്കണമായിരുന്നു. തരംഗിണിക്ക് കൊടുത്താല്‍ കാസറ്റിന്റെ ഒരു പ്രോഫിറ്റ് ഷെയര്‍ നിര്‍മാതാവിന് ലഭിക്കും, ദാസേട്ടന് പാടുന്നതിന്റെ കാശ് കൊടുക്കേണ്ട, എന്നായിരുന്നു സിസ്റ്റം.

ദാസേട്ടന്റെ പാട്ട് സിനിമയില്‍ വേണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഇത് ചെയ്യണമായിരുന്നു. നമ്മളെ സംബന്ധിച്ച് അന്നെടുത്ത പടങ്ങളെല്ലാം ചെറിയ ബഡ്ജറ്റിലായിരുന്നു. ഓഡിയോ കാസറ്റ്, വീഡിയോ കാസറ്റ് പോലുള്ള വരുമാനത്തിന്റെ സോഴ്‌സ് ഞങ്ങള്‍ക്ക് പ്രധാനമായിരുന്നു.

എന്നാല്‍ ദാസേട്ടനെ കൊണ്ട് പാട്ട് പാടിച്ച്, അദ്ദേഹത്തിന്റെ ബിസിനസിന് കാസറ്റ് തരംഗിണിക്ക് കൊടുക്കുന്നതിലൂടെ ഓഡിയോയില്‍ നിന്നുള്ള വരുമാനം നമ്മുടെ നിര്‍മാതാവിന് ലഭിക്കില്ല.

സ്വാഭാവികമായും സങ്കടത്തോടെ തന്നെ, ദാസേട്ടനെ കൊണ്ട് പാടിക്കാതെ സിനിമ ചെയ്യാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാകും. അങ്ങനെയാണ് ഞാന്‍ സംവിധാനം ചെയ്ത് ആദ്യത്തെ മൂന്ന് സിനിമകളിലും ദാസേട്ടന്റെ പാട്ട് ഇല്ലാതിരുന്നത്,” സിദ്ദീഖ് പറഞ്ഞു.

Content Highlight: Director Siddique talks about KJ Yesudas

We use cookies to give you the best possible experience. Learn more