ജയസൂര്യയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഫുക്രി. തിയേറ്ററില്‍ ഒരു വമ്പന്‍ ഹിറ്റായി മാറാന്‍ ഫുക്രിക്ക് സാധിച്ചിരുന്നില്ല.
ഫുക്രിക്ക് വേണ്ടി ഒരു ഫാന്റസി എലമെന്റുള്ള കഥയായിരുന്നു തീരുമാനിച്ചതെന്നും എന്നാല്‍ പിന്നീട് നായകന്‍ ജയസൂര്യയുടെ നിര്‍ദേശപ്രകാരം അത് ഒഴിവാക്കുകയായിരുന്നെന്നും പറയുകയാണ് സംവിധായകന്‍ സിദ്ദിഖ്. സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ലേഡീസ് ആന്‍ഡ് ജെന്റില്‍മാന് ശേഷം ഞാനൊരു ചെറിയ പടം എടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ ചെയ്തതാണ് ഫുക്രി. ജയസൂര്യയെ നായകനായി തീരുമാനിച്ചു. വളരെ വ്യത്യസ്തമായ ത്രെഡായിരുന്നു യഥാര്‍ത്ഥ ഫുക്രിയുടെ കഥ.
അതിന്റെ ലൈന്‍ പറഞ്ഞപ്പോള്‍ തന്നെ ജയസൂര്യക്ക് ഭയങ്കര ഇഷ്ടമായി. ഒരു റോയല്‍ ഫാമിലിയുടെയും അവിടെ എത്തിപ്പെടുന്ന ഒരു ചെറുപ്പക്കാരന്റെയും കഥയും ഡ്രാമയുമൊക്കെയാണ് ചിത്രത്തില്‍ പറയുന്നത്.
സ്‌ക്രിപ്റ്റിങ് ഏതാണ്ട് പകുതിയായപ്പോള്‍ ഇതിന് വളരെ വ്യത്യസ്തമായ ഒരു ആംഗിള്‍ എനിക്ക് കിട്ടി. അതനുസരിച്ചായിരുന്നു പിന്നീട് ഞാനാ സിനിമ വര്‍ക്ക് ചെയ്തത്.
അതൊരു ഫാന്റസി എലമെന്റായിരുന്നു. അതിലൂടെയാണ് സിനിമക്ക് ഒരു ഡെപ്ത്ത് വന്നത്.
സിനിമ എവിടെയാണോ തുടങ്ങിയത് അവിടെ തന്നെ അവസാനിക്കുന്ന രീതിയിലായിരുന്നു ആദ്യം, ആ അതൃപ്തി എന്റെ മനസിലുണ്ടായിരുന്നു. എന്ത് കൊണ്ടുവന്നാലാണ് ഈ സിനിമയെ വേറൊരു തലത്തിലേക്ക് കൊണ്ടുപോകാനാകുക എന്ന ചിന്തയില്‍ നിന്നാണ് ആ ഫാന്റസി എലമെന്റ് ലഭിക്കുന്നത്. അതോടെ എനിക്ക് ത്രില്ലായി.
അങ്ങനെ അത് വെച്ച് സ്‌ക്രിപ്റ്റ് വര്‍ക്ക് ചെയ്തു. സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് ഒരു പത്തുപതിനഞ്ച് ദിവസം മുമ്പ് ജയസൂര്യയുടെ വേറൊരു സിനിമ ഇറങ്ങി. അതും ഈ ഫാന്റസി മൂവിയായിരുന്നു.
അപ്പോഴാണ് ഫുക്രിയുടെ പുതിയ വേര്‍ഷനും ജയസൂര്യ കേള്‍ക്കുന്നത്. അതോടെ ജയസൂര്യ വളരെ അപ്‌സറ്റായി. ‘അയ്യോ ഇത് ശരിയാവില്ല, ഇത് നമുക്ക് മാറ്റണം സിദ്ദിക്കാ, അല്ലെങ്കില്‍ ഇപ്പൊ ഇറങ്ങിയ സിനിമയുടെ പോലെയാകും,’ എന്ന് ജയസൂര്യ പറഞ്ഞു.
‘അതല്ല, അതും ഇതും തമ്മില്‍ വ്യത്യാസമുണ്ട്. സിനിമ റിലീസ് ചെയ്തിട്ട് ഞാന്‍ കാണട്ടെ, എന്നിട്ട് വേണമെങ്കില്‍ മാറ്റാം. കാരണം ഈ ഫാന്റസി ഫുക്രിയില്‍ വളരെ പ്രധാനമാണ്.
ഇത് നമ്മള്‍ മാറ്റിയാല്‍ സിനിമയുടെ പവറ് കുറയും. സിനിമ കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ഒരു സര്‍പ്രൈസ് എലമെന്റ് ഉണ്ടാകില്ല’ എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ ജയസൂര്യ സമ്മതിച്ചില്ല. ‘അയ്യോ അത് പറ്റില്ല, കുഴപ്പമാകും, ഇപ്പൊ ഇറങ്ങിയ സിനിമയുടെ അതേ എലമെന്റ് ഫുക്രിക്കകത്തും വരും,’ എന്ന് ജയസൂര്യ പറഞ്ഞു.
ജയസൂര്യ വല്ലാതെ അപ്‌സറ്റായി. അദ്ദേഹം പറയുന്നതനുസരിച്ച് അതേ സാധനം തന്നെയാണ് ഈ സിനിമയിലെങ്കില്‍ അത് പ്രശ്‌നമാകുമല്ലോ എന്ന് വിചാരിച്ച് ഞങ്ങള്‍ കൂടിയാലോചിച്ച് ആ ഫാന്റസി പോര്‍ഷന്‍ ഫുക്രിയില്‍ നിന്ന് മാറ്റി.
ഞാന്‍ പേടിച്ചത് പോലെ തന്നെ ഒരു സര്‍പ്രൈസ് എലമെന്റില്ലാതെ ആ സിനിമ വന്നവസാനിച്ചു. ഒരു സാധാരണ സിനിമയായി മാറി. സിനിമയുടെ ടോട്ടല്‍ പവര്‍ പോയി. വലിയ ഹിറ്റായില്ല, പക്ഷെ സാമ്പത്തികപരമായി വലിയ നഷ്ടവും വന്നില്ല,” സിദ്ദിഖ് പറഞ്ഞു.
സിദ്ദിഖ്, അനു സിത്താര, പ്രയാഗ മാര്‍ട്ടിന്‍, കെ.പി.എ.സി ലളിത, ലാല്‍, ഭഗത് മാനുവല്‍, നിര്‍മല്‍ പാലാഴി എന്നിവരായിരുന്നു ഫുക്രിയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.
Content Highlight: Director Siddique talks about Fukri movie with Jayasurya