| Thursday, 15th September 2022, 3:58 pm

ജ്യോതികയും വന്നില്ല തീയും വന്നില്ല; ഫ്രണ്ട്‌സിലെ നായികമാരെ കാസ്റ്റ് ചെയ്ത വിശേഷങ്ങളുമായി സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ സിദ്ദിഖ് ആദ്യമായി തമിഴില്‍ സംവിധാനം ചെയ്ത സിനിമയാണ് ഫ്രണ്ട്‌സ്. തമിഴ് സിനിമയിലെ താരരാജാക്കന്മാരായ വിജയും സൂര്യയും ഒന്നിച്ചഭിനയിച്ച ചിത്രം വന്‍ സാമ്പത്തിക വിജയം നേടിയിരുന്നു.

ഫ്രണ്ട്‌സിലെ നായികമാരെ കാസ്റ്റ് ചെയ്തപ്പോഴുണ്ടായ വീഴ്ചകളും രസകരമായ സംഭവങ്ങളും വിശദീകരിക്കുകയാണ് സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ സിദ്ദിഖ്.

‘ തമിഴില്‍ ഫ്രണ്ട്‌സിന് നായികയായി തീരുമാനിച്ചിരുന്നത് ജ്യോതികയെയായിരുന്നു. എല്ലാം ഫിക്‌സ് ആക്കി അവസാനമാണ് നമുക്ക് എപ്പോഴും വരുന്ന തടസ്സം ഫ്രണ്ട്‌സ് തമിഴിലും വന്നത്. ഹീറോയിനായ ജ്യോതികക്ക് വേറൊരു സിനിമയുമായി ഒരു ക്ലാഷ് വന്നു. ആറേഴ് ദിവസത്തെ ഡേറ്റിന്റെ ക്ലാഷാണ് വന്നത്. അത് അഡ്ജസ്റ്റ് ചെയ്യാമായിരുന്നു. ഞാന്‍ അത് അഡ്ജസ്റ്റ് ചെയ്യാമെന്ന് പറഞ്ഞു.

പക്ഷേ പ്രൊഡക്ഷന്‍ സൈഡില്‍ അവര്‍ അതൊരു വാശിയായി എടുത്തു. വിജയ്-ജ്യോതിക ജോഡികളുടെ ഖുഷി എന്ന വന്‍ ഹിറ്റ് സിനിമക്ക് ശേഷം അവര്‍ ഒന്നിക്കുന്ന സിനിമയായിരുന്നു ഫ്രണ്ട്‌സ്. പ്രൊഡക്ഷന്‍ സൈഡിലുള്ളവര്‍ നമുക്ക് ജ്യോതികയെ മാറ്റി സിമ്രനെ കൊണ്ടുവരാം എന്ന് പറഞ്ഞു. അല്ലെങ്കില്‍ വിജയുടെ ഡേറ്റ് കിട്ടില്ലെന്നാണ് അവര് പറഞ്ഞത്.

സിമ്രനെ ഈസിയായി കൊണ്ടുവരാന്‍ കഴിയും, സിമ്രനുമായി പ്രൊഡക്ഷന്‍ ടീം സംസാരിച്ചു, സിമ്രന്‍ വരാമെന്ന് പറയുന്നു എന്നൊക്കെയാണ് നമ്മള്‍ അറിയുന്നത്. സത്യത്തില്‍ അവസാനം വരുമ്പോള്‍ സിമ്രനുമില്ല, ജ്യോതികയും ഇല്ലാതായി ഷൂട്ടിങ് തുടങ്ങിയും കഴിഞ്ഞു. സിമ്രന്‍ വരുമെന്ന പ്രതീക്ഷയിലാണ് ഷൂട്ടിങ് തുടങ്ങിയത്.

അപ്പോഴേക്കും ജ്യോതിക ആവശ്യപ്പെട്ട ഡേറ്റ് കഴിഞ്ഞിരുന്നു. ജ്യോതിക വീണ്ടും ജോയിന്‍ ചെയ്യാനും തയ്യാറായിരുന്നു. എന്നാല്‍ പ്രൊഡക്ഷന്‍ ടീമിന്റെ ഈഗോ കാരണം വേണ്ടെന്ന് പറഞ്ഞ ജ്യോതികയെ രണ്ടാമത് വിളിക്കാന്‍ പറ്റിയില്ല. ഹീറോയിനില്ലാതെ സിനിമ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. വിജയ്ക്കും ഭയങ്കര ടെന്‍ഷനായി. ഹീറോയിനില്ലാത്ത പോര്‍ഷന്‍ ഇങ്ങനെ എടുത്തുകൊണ്ടിരിക്കുകയാണ്.

അവസാനം നിവൃത്തിയില്ലാതെയായി. അങ്ങനെയിരിക്കുമ്പോള്‍ ദേവയാനിയുടെ ഒരു സിനിമ ക്യാന്‍സലായി. പെട്ടെന്ന് ദേവയാനി ഫ്രീയാണെന്ന് അറിഞ്ഞപ്പോള്‍ അവരോട് പോയി സംസാരിക്കുകയും, അവസാനം ദേവയാനിയാണ് മീന മലയാളത്തില്‍ അഭിനയിച്ച വേഷത്തില്‍ തമിഴില്‍ അഭിനയിച്ചത്. പലപ്പോഴും എന്റെ സിനിമകളില്‍ ഹീറോയിനുകള്‍ മാറി മാറി വന്നിരുന്നു. ഹിറ്റ്‌ലറിലും, ഗോഡ്ഫാദറിലും ഒക്കെ സംഭവിച്ച പോലെ ഫ്രണ്ട്‌സിലും അത് സംഭവിച്ചു,’സിദ്ദിഖ് പറഞ്ഞു.

Content Highlight: Director Siddique talking about his first Tamil Movie friends

We use cookies to give you the best possible experience. Learn more