എന്റെ ആദ്യത്തെ സിനിമകളില്‍ ദാസേട്ടനെ കൊണ്ട് പാടിക്കാത്തതിന് ചില കാരണങ്ങളുണ്ട്: സിദ്ദീഖ്
Entertainment
എന്റെ ആദ്യത്തെ സിനിമകളില്‍ ദാസേട്ടനെ കൊണ്ട് പാടിക്കാത്തതിന് ചില കാരണങ്ങളുണ്ട്: സിദ്ദീഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd March 2023, 12:52 pm

താന്‍ ആദ്യം സംവിധാനം ചെയ്ത സിനിമകളില്‍ യേശുദാസിനെ കൊണ്ട് പാടിക്കാത്തതിന്റെ കാരണം തുറന്ന് പറയുകയാണ് സംവിധായകന്‍ സിദ്ദീഖ്. യേശുദാസിനെ കൊണ്ട് പാടിക്കണമെങ്കില്‍ ഓഡിയോ കാസറ്റിന്റെ അവകാശം അദ്ദേഹത്തിന്റെ കമ്പനിക്ക് നല്‍കണമായിരുന്നു. അങ്ങനെ വരുമ്പോള്‍ പാട്ടിന്റെ പ്രതിഫലം അദ്ദേഹത്തിന് നല്‍കേണ്ടിയിരുന്നില്ലെന്നും സിദ്ദീഖ് പറഞ്ഞു.

തങ്ങളെ സംബന്ധിച്ച് അന്നെടുത്ത പടങ്ങളെല്ലാം ചെറിയ ബഡ്ജറ്റിലായിരുന്നുവെന്നും ഓഡിയോ കാസറ്റിന്റെയും വീഡിയോ കാസറ്റിന്റെയും വരുമാനം പ്രധാനമായിരുന്നു എന്നും അതുകൊണ്ടാണ് അദ്ദേഹത്തെ കൊണ്ട് പാടിക്കാതിരുന്നതെന്നും സംവിധായകന്‍ പറഞ്ഞു. സിദ്ദീഖിന്റെ നാലാമത്തെ സിനിമയായ വിയറ്റ്നാം കോളനിയിലാണ് യേശുദാസിനെകൊണ്ട് ആദ്യമായി പാടിക്കുന്നതെന്നും സഫാരി ടി.വിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കവെ സിദ്ദീഖ് പറഞ്ഞു.

‘ജീനിയസുകളുടെ കാലഘട്ടത്തില്‍ ജീവിക്കുമ്പോള്‍ അവരുമൊത്ത് സിനിമകളില്‍ വര്‍ക്ക് ചെയ്യുക എന്നത് ഭാഗ്യമായാണ് ഞാന്‍ കണക്കാക്കുന്നത്. ദാസേട്ടനും ഞാനും ഒരേ കാലഘട്ടത്തില്‍ സിനിമയിലുണ്ടായിട്ടും അദ്ദേഹത്തിന്റെ ഒരു പാട്ട് പോലും എനിക്ക് ചിത്രീകരിക്കാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ അത് വലിയ നിര്‍ഭാഗ്യമാകുമായിരുന്നു.

പക്ഷെ അതിന് ഭാഗ്യമുണ്ടായത് എന്റെ നാലാമത്തെ സിനിമയിലാണ്. റാംജിറാവുവിലും ഹരിഹര്‍ നഗറിലും ഗോഡ്ഫാദറിലും ദാസേട്ടന്‍ പാടിയിട്ടില്ല. നാലാമത്തെ സിനിമയായ വിയറ്റ്‌നാം കോളനിയിലാണ് അദ്ദേഹം പാടുന്നത്. അതുവരെ കാത്തുനില്‍ക്കേണ്ടി വന്നു.

അന്നത്തെ സാഹചര്യത്തില്‍ അത് ബുദ്ധിമുട്ടായിരുന്നു. അന്ന് ദാസേട്ടന്‍ പാട്ട് പാടണമെങ്കില്‍ കാസറ്റ് തരംഗിണിക്ക് (യേശുദാസിന്റെ ഉടമസ്ഥതയിലുള്ള റെക്കോഡിങ് കമ്പനി) കൊടുക്കണമായിരുന്നു. തരംഗിണിക്ക് കൊടുത്താല്‍ കാസറ്റിന്റെ ഒരു പ്രോഫിറ്റ് ഷെയര്‍ നിര്‍മാതാവിന് ലഭിക്കും, ദാസേട്ടന് പാടുന്നതിന്റെ കാശ് കൊടുക്കേണ്ട, എന്നായിരുന്നു സിസ്റ്റം.

ദാസേട്ടന്റെ പാട്ട് സിനിമയില്‍ വേണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഇത് ചെയ്യണമായിരുന്നു. നമ്മളെ സംബന്ധിച്ച് അന്നെടുത്ത പടങ്ങളെല്ലാം ചെറിയ ബഡ്ജറ്റിലായിരുന്നു. ഓഡിയോ കാസറ്റ്, വീഡിയോ കാസറ്റ് പോലുള്ള വരുമാനത്തിന്റെ സോഴ്‌സ് ഞങ്ങള്‍ക്ക് പ്രധാനമായിരുന്നു.

എന്നാല്‍ ദാസേട്ടനെ കൊണ്ട് പാടിച്ച്, കാസറ്റ് തരംഗിണിക്ക് കൊടുക്കുന്നതിലൂടെ ഓഡിയോയില്‍ നിന്നുള്ള വരുമാനം നമ്മുടെ നിര്‍മാതാവിന് ലഭിക്കില്ല.

സ്വാഭാവികമായും സങ്കടത്തോടെ തന്നെ, ദാസേട്ടനെ കൊണ്ട് പാടിക്കാതെ സിനിമ ചെയ്യാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാകും. അങ്ങനെയാണ് ഞാന്‍ സംവിധാനം ചെയ്ത ആദ്യത്തെ മൂന്ന് സിനിമകളിലും ദാസേട്ടന്റെ പാട്ട് ഇല്ലാതിരുന്നത്,’ സിദ്ദീഖ് പറഞ്ഞു.

Content Highlights: Director Siddique sharing experiences about singer KJ Yesudas