ആരും കാണാതെ ഒളിച്ചാണ് കഥയെഴുതാന്‍ ഞങ്ങള്‍ ആ ലോഡ്ജില്‍ പോയത്: സിദ്ദിഖ്
Entertainment news
ആരും കാണാതെ ഒളിച്ചാണ് കഥയെഴുതാന്‍ ഞങ്ങള്‍ ആ ലോഡ്ജില്‍ പോയത്: സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th October 2022, 7:27 pm

ലാല്‍-സിദ്ദിഖ് കൂട്ടുകെട്ട് മലയാളികള്‍ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. റാംജിറാവു സ്പീക്കിങ്ങ് എന്ന സിനിമയ്ക്ക് വേണ്ടി കഥയെഴുതാന്‍ പോയപ്പോള്‍ ഇരുവര്‍ക്കുമിടയിലുണ്ടായ അനുഭവങ്ങള്‍ സഫാരി ടി.വിയുമായി പങ്കുവെയ്ക്കുകയാണ് സിദ്ദിഖ്.

”റാംജിറാവു സ്പീക്കിങ്ങ് എന്ന സിനിമയ്ക്ക് കഥയെഴുതാന്‍ വേണ്ടി എന്നെയും ലാലിനെയും ഫാസില്‍ സാര്‍ പറഞ്ഞുവിട്ടു. അന്ന് നല്ല ഹോട്ടലില്‍ താമസിക്കാന്‍ ഞങ്ങളുടെ കയ്യില്‍ പണമില്ലായിരുന്നു. ചെറിയ ലോഡ്ജില്‍ താമസിക്കാനുള്ള പണം മാത്രമായിരുന്നു കയ്യിലുണ്ടായിരുന്നത്.

അപ്പോള്‍ എന്റെ സുഹൃത്തായ ആന്റണി പറഞ്ഞത്, ആദ്യമായിട്ട് തുടങ്ങുമ്പോള്‍ നില്‍ക്കാന്‍ പറ്റിയ സ്ഥലം ലോഡ്ജാണെന്നായിരുന്നു. അങ്ങനെ കിട്ടുന്ന ലോഡ്ജുണ്ട്, അവിടെ വേറെ ചില പരിപാടികളാണ് കൂടുതല്‍ നടക്കുകയെന്നും അത്തരം സ്ഥലത്ത് നിന്ന് കഥയെഴുതുന്നത് നല്ലതായിരിക്കുമെന്നും അവന്‍ പറഞ്ഞു.

അവിടെ ശരിക്കും വാടക കുറവാണ്. അതുപറയാതെ അവിടെ നിന്നും കഥയെഴുതാന്‍ സുഖമാണ് എന്ന് പറഞ്ഞാണ് ഞങ്ങളെ കൊണ്ടുപോകുന്നത്. അങ്ങനെ വളരെ കുപ്രസിദ്ധമായ ലോഡ്ജിലേക്ക് അവന്റെ കൂടെ പോയി.

അവിടെ റൂം എടുക്കാന്‍ പോകുന്നത് തന്നെ മറഞ്ഞ് നിന്നിട്ടാണ്. ആരെങ്കിലും കണ്ടാല്‍ മോശമാണെന്ന് വിചാരിച്ചിട്ടാണ് ഒളിച്ച് പോയത്. പുറത്ത് ഇറങ്ങുമ്പോഴും ഒളിച്ചായിരുന്നു വരുക. ആ ലോഡ്ജില്‍ അസാന്മാര്‍ഗിക കാര്യത്തിനാണ് എല്ലാവരും പോകുക എന്ന ധാരണയായിരുന്നു പൊതുവില്‍ എല്ലാവര്‍ക്കുമുള്ളത്.

രണ്ട് ദിവസം മാത്രമാണ് ഞങ്ങള്‍ അവിടെ നിന്നത്. പിന്നീട് നിന്ന സ്ഥലത്ത് നിന്ന് ദിവസവും ലാലു ഒരു സിഗരറ്റ് വാങ്ങും. ഞാന്‍ വലിക്കാറില്ലായിരുന്നു. നമ്മള്‍ രണ്ടുപേരും പ്രൊഡ്യൂസറിന്റെ ചെലവിലാണ് നില്‍ക്കുന്നത്. നീ ഇങ്ങനെ സിഗരറ്റ് വലിക്കുമ്പോള്‍ എനിക്ക് നഷ്ടമാണെന്ന് ഞാന്‍ ഒരു ദിവസം അവനോട് പറഞ്ഞു.

അങ്ങനെ പിന്നീടുള്ള ദിവസങ്ങളില്‍ അവന്‍ സിഗരറ്റ് വാങ്ങുമ്പോള്‍ ഞാനൊരുഗ്ലാസ് ഹോര്‍ലിക്‌സിന് പറയും. ഇതുകണ്ടിട്ട് ലാലു ചോദിക്കും എന്തിനാണ് ഹോര്‍ലിക്‌സെന്ന്. നമ്മുടെ ചെലവ് തുല്ല്യമാവാനാണെന്ന് ഞാന്‍ പറഞ്ഞു.

പിന്നെ നോക്കുമ്പോള്‍ അവന്‍ സിഗരറ്റും വാങ്ങും എന്റെ കൂടെ ഹോര്‍ലിക്‌സും കുടിക്കും പിന്നീട് ഞാന്‍ ഹോര്‍ലിക്‌സ് കുടിക്കല്‍ നിര്‍ത്തി. ഇതൊക്കെയായിരുന്നു ബോറിങ്ങ് മാറ്റാനുള്ള ഞങ്ങളുടെ തമാശകള്‍. അവനൊപ്പമിരുന്ന് കഥയെഴുതാന്‍ നല്ല രസമാണ്,” സിദ്ദിഖ് പറഞ്ഞു.

Content Highlight: Director Siddique shares his experiences with Lal