| Monday, 19th September 2022, 9:47 am

രംഭ നായികയായെത്തിയതുകൊണ്ട് വിതരണക്കാരന്‍ പിന്മാറി; പറഞ്ഞ കാരണമിതായിരുന്നു: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി 2003ല്‍ സിദ്ദീഖ് സംവിധാനം ചെയ്ത സിനിമയാണ് ക്രോണിക് ബാച്ചിലര്‍. സംവിധായകന്‍ കൂടിയായ ഫാസിലായിരുന്നു ചിത്രം നിര്‍മിച്ചതും വിതരണം ചെയ്തതും.

എന്നാല്‍ തുടക്കത്തില്‍ ഫാസിലല്ലായിരുന്നു ചിത്രത്തിന്റെ നിര്‍മാണവും വിതരണവുമെന്നും പറയുകയാണ് സംവിധായകന്‍ സിദ്ദീഖ്. പിന്നീട് ഫാസില്‍ ക്രോണിക് ബാച്ചിലറിലേക്ക് എത്താനിടയായ സാഹചര്യത്തെ കുറിച്ചും സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സിദ്ദീഖ് പറയുന്നുണ്ട്.

നടി രംഭ ക്രോണിക് ബാച്ചിലറിലേക്ക് നായികയായെത്തിയപ്പോള്‍ ചിത്രം ആദ്യം വിതരണം ചെയ്യാനിരുന്നയാള്‍ പിന്മാറിയെന്നും ഇതോടെയാണ് ഫാസില്‍ ചിത്രത്തിന്റെ നിര്‍മാണവും വിതരണവും ഏറ്റെടുത്തതെന്നുമാണ് സിദ്ദീഖ് പറയുന്നത്.

”ക്രോണിക് ബാച്ചിലറിന്റെ ആദ്യത്തെ നിര്‍മാതാവ് ശരിക്ക് ഫാസില്‍ സാറിന്റെ സഹോദരനായ കയസായിരുന്നു. കുറേ നാളുകളായി ആലോചന നടക്കുന്നു എന്നല്ലാതെ കഥ മുന്നോട്ട് പോകുന്നുണ്ടായിരുന്നില്ല.

അങ്ങനെ ക്രോണിക് ബാച്ചിലറിന്റെ കഥയൊക്കെ റെഡിയായി. ലാലിന് ആ സമയത്ത് ഡിസ്ട്രിബ്യൂഷന്‍ ചെയ്യാന്‍ സാധിച്ചില്ല. അങ്ങനെ വേറൊരു ഡിസ്ട്രിബ്യൂട്ടര്‍ ആ പടം ഏറ്റെടുക്കാന്‍ തയാറായി. എല്ലാം റെഡിയായി.

എല്ലാ സിനിമയിലും എനിക്ക് സംഭവിക്കുന്നത് പോലെ നായികയുടെ പ്രശ്‌നം ഈ സിനിമയിലും വന്നുപെട്ടു. അന്നും മമ്മൂക്കക്ക് പറ്റിയ ഒരു നായികയുടെ ഡേറ്റ് കറക്ടായി കിട്ടിയില്ല. ഷൂട്ടിങ് തുടങ്ങുകയും വേണം. മമ്മൂക്കയുടെ ഡേറ്റിനനുസരിച്ച് ഹീറോയിന്റെ ഡേറ്റ് കിട്ടുകയും വേണം.

അങ്ങനെ ഷൂട്ടിങ് തുടങ്ങി. മലബാറില്‍ നിന്നുള്ള ഒരു ഡിസ്ട്രിബ്യൂട്ടറായിരുന്നു. ഷൂട്ടിനിടക്കും നായികയെ തപ്പിക്കൊണ്ടിരിക്കുകയാണ്.

ഒരുപാട് അന്വേഷണങ്ങള്‍ക്ക് ശേഷം നടി രംഭ ആ സമയത്ത് ഫ്രീ ആണ് എന്നറിഞ്ഞു. രംഭ തമിഴില്‍ നല്ല സ്റ്റാറായി, ഒരു റൊമാന്റിക് ഹീറോയിനായി തിളങ്ങി നില്‍ക്കുന്ന സമയമാണ്. സര്‍ഗത്തില്‍ വന്ന ഇമേജിലല്ല രംഭ തമിഴിലും തെലുങ്കിലും എസ്റ്റാബ്ലിഷ് ചെയ്തത്.

ഏതോ സിനിമ ക്യാന്‍സലായി രംഭയുടെ ഡേറ്റ് കറക്ടായി വന്നു. അങ്ങനെ രംഭ ക്രോണിക് ബാച്ചിലറിലേക്ക് വന്നു. പക്ഷേ രംഭ വന്നതോട് കൂടി ഡിസ്ട്രിബ്യൂട്ടര്‍ പിന്മാറി. ഇതൊരു കുടുംബ ചിത്രമാണ്, രംഭയൊന്നും ശരിയാവില്ല എന്നായിരുന്നു അയാള്‍ പറഞ്ഞത്.

ഈ സിനിമയില്‍ രംഭയുടെ ക്യാരക്ടര്‍ കറക്ടാണ്, രംഭ അഭിനയിച്ചാല്‍ സിനിമ നന്നാകുകയേ ഉള്ളൂ എന്ന് ഞാന്‍ പറഞ്ഞു. രംഭയെ മാറ്റാന്‍ പറ്റില്ല എന്ന് പറഞ്ഞു. മാത്രമല്ല മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ പറ്റിയ അത്ര വാല്യൂ ഉള്ള വേറൊരു ഹീറോയിനെ നമുക്ക് കിട്ടിയിട്ടുമില്ല.

അങ്ങനെ ആ ഡിസ്ട്രിബ്യൂട്ടര്‍ സിനിമയില്‍ നിന്ന് പിന്മാറി. അപ്പോഴേക്കും പത്ത് ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞിരുന്നു. നായികയില്ലാത്ത പോര്‍ഷനാണ് എടുത്തിരുന്നത്.

പിന്നീട് ഫാസില്‍ സാര്‍ തന്നെ പ്രൊഡക്ഷനും ഡിസ്ട്രിബ്യൂഷനും ഏറ്റെടുക്കുകയായിരുന്നു,” സിദ്ദീഖ് പറഞ്ഞു.

Content Highlight: Director Siddique shares an experience of the movie Chronic Bachelor with Mammootty and Rambha

We use cookies to give you the best possible experience. Learn more