ചെറുപ്പത്തില്‍ തന്നെ ഒരുപാട് വിഷമിപ്പിച്ച ബോഡി ഷെയ്മിങ് തമാശകളെ താന്‍ മറികടന്നത് അതിനെ തമാശയായി കാണാന്‍ തുടങ്ങിയപ്പോഴാണെന്ന് സംവിധായകന്‍ സിദ്ദിഖ്. ലാല്‍ അടക്കമുള്ള സുഹൃത്തുക്കള്‍ക്കൊപ്പം കൂടിയപ്പോഴാണ് ബോഡി ഷെയ്മിങ് എന്ന് ഇന്ന് പറയുന്നതിനെ തമാശയായി കാണാന്‍ പഠിച്ചതെന്നും സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സിദ്ദിഖ് പറഞ്ഞു.
‘കുഞ്ഞുന്നാള് മുതല്‍ ഒരുപാട് തിക്താനുഭവങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ട്. എന്റെ കൂട്ടുകാര്‍ തന്നെ എന്നെ കളിയാക്കുമായിരുന്നു. നീ എന്താ ഇങ്ങനെ ഇരിക്കുന്നേ, നിന്റെ മുഖമെന്താ ഇങ്ങനെ ഇരിക്കുന്നേ, കയ്യും കാലുമൊക്കെ എന്താ ഇങ്ങനെ എന്നൊക്കെ കേള്‍ക്കുമ്പോള്‍ വളരെ വിഷമമാകുമായിരുന്നു. എല്ലാവരും എന്താണ് ഇങ്ങനെ പറയുന്നതെന്ന് ചിന്തിക്കുമായിരുന്നു. പക്ഷേ പുതിയ സുഹൃദ്‌വലയത്തിലേക്കൊക്കെ ചെല്ലാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്കിടയിലെ ആ തമാശകളിലൂടെ എല്ലാ വേദനകളും മറക്കാന്‍ തുടങ്ങി. അതിനെ തമാശയായി കാണാന്‍ എനിക്ക് സാധിച്ചത് ഞാന്‍ വളര്‍ന്നുവന്ന ഈ അന്തരീക്ഷത്തിലൂടെയാണ്.
കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു സംഭവമുണ്ടായി. മഴ പെയ്തപ്പോള്‍ ഞങ്ങള്‍ കൂട്ടുകാരെല്ലാം കൂടി അടുത്തുള്ള ഒരു കടയിലേക്ക് കേറി. ഞാനും ലാലും മറ്റ് ചില സുഹൃത്തുക്കളുമുണ്ട്. കട അടക്കാന്‍ സമയമായി. കടക്കാരനെ ഞങ്ങള്‍ മൂപ്പന്‍ എന്നാണ് വിളിക്കാറുള്ളത്. അദ്ദേഹത്തിന് ഞങ്ങളോട് വലിയ സ്‌നേഹമായിരുന്നു. അന്ന് ഇന്നത്തെ പോലെ ഷട്ടറുള്ള കടകളല്ല, പലകകള്‍ വെച്ച് അടക്കുകയാണ്. മുകളിലും താഴെയും പലകകള്‍ക്ക് കടക്കാന്‍ ചെറിയ വിടവ് കാണും. അങ്ങനെ പലക ഇട്ടാണ് കട അടക്കുക. പലകകള്‍ക്ക് നടുവില്‍ ഒരു വളയം ഉണ്ടാവും. ആ വളയത്തിലൂടെ കമ്പി ഇട്ടാണ് കട ലോക്ക് ചെയ്യുക.
മൂപ്പന്‍ ഓരോ പലകയും ഞങ്ങള്‍ക്കിടയിലൂടെ എടുത്തുകൊണ്ട് പോയി കട അടച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ ലാല്‍ എന്നോട് പറഞ്ഞു, എടോ, മാറിനിക്ക്, പലകയാണെന്ന് വിചാരിച്ച് മൂപ്പന്‍ അതിനിടക്ക് കൊണ്ടുവെച്ച് തിരുകണ്ട എന്ന്. അപ്പോള്‍ എല്ലാവരും കൂടി ചിരിച്ചു, ഞാനും ചിരിച്ചു. എന്റെ രൂപം ഏതാണ്ട് പലക പോലെയാണ് ഇരിക്കുന്നത്. അത്രയും നേര്‍ത്ത ശരീരമാണ്. ലാലും അതുപോലെ തന്നെയാണ്. പക്ഷേ ലാലിന് എന്നെക്കാളും കുറച്ച് കൂടി നീളമുണ്ട്. ഇന്ന് ബോഡി ഷെയ്മിങ്ങ് എന്നൊക്കെ പറയുന്ന തരത്തിലുള്ള തമാശയാണ്. പക്ഷേ അന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞ് കളിയാക്കി ചിരിക്കുന്നതാണ്.
ചിരി കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, താനും മാറിനിന്നോ ഇല്ലെങ്കില്‍ കമ്പിയാണെന്ന് കരുതി തന്നെയും അതിനിടയില്‍ വെച്ച് തിരുകണ്ടെന്ന്. ലാലിനെ കണ്ടാല്‍ കമ്പി പോലെ നീളത്തിലാണ്. അതുകേട്ട് എല്ലാവരും ചിരിച്ചു. ഇതാണ് ഞങ്ങളുടെ ഗിവ് ആന്‍ഡ് ടേക്ക്. അതുകൊണ്ട് വഴക്കുകള്‍ ഇല്ല. എന്റെ എല്ലാ കോംപ്ലക്‌സുകളില്‍ നിന്നും ഞാന്‍ പുറത്ത് ചാടിയത് ഇത്തരം തമാശകളിലൂടെയാണ്,’ സിദ്ദിഖ് പറഞ്ഞു.
Content Highlight: Director Siddique says he overcame body-shaming jokes when he started seeing them as funny