|

അന്ധവിശ്വാസങ്ങള്‍ കൊണ്ട് ഒരു കാര്യവും ഇല്ലെന്ന് ആ സിനിമയാണ് ഞങ്ങളെ പഠിപ്പിച്ചത്: സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലെ അന്ധവിശ്വാസങ്ങളെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ സിദ്ദിഖ്. സിനിമയില്‍ പല തരം അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇതൊന്നും അറിയാതെയാണ് ഗോഡ്ഫാദര്‍ സിനിമയുടെ ഷൂട്ടിങ്ങിന് പോയതെന്നും അവിടെ നിരവധി മോശം അനുഭവങ്ങളും ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നീട് ആ സിനിമ വന്‍ ഹിറ്റായി എന്നും അദ്ദേഹം പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖ് സംസാരിച്ചത്.

”സിനിമയില്‍ ഭയങ്കര അന്ധവിശ്വാസങ്ങള്‍ ഉണ്ട്. ചില ലൊക്കേഷന്‍സില്‍ ഷൂട്ട് ചെയ്യാന്‍ പാടില്ല. ഞായറാഴ്ച ഷൂട്ട് ചെയ്താല്‍ പടം ഓടില്ല എന്നായിരുന്നു ആ കാലത്തെ വിശ്വാസം.

അതുപോലെ തന്നെ കേരളത്തിലെ പല സ്ഥലങ്ങള്‍ ഉണ്ട് അവിടെ ഒന്നും ഷൂട്ടിങ് പാടില്ലെന്ന് പറയുമായിരുന്നു. ഇതൊന്നും അറിയാതെയാണ് നമ്മള്‍ ഷൂട്ടിങ്ങിന് പോകുന്നത്.

ആലപ്പുഴ ആയിരുന്നു സിനിമയുടെ സ്വിച്ച് ഓണ്‍. അത് കഴിഞ്ഞപ്പോഴാണ് ഫാസില്‍ സാറിന്റെ അധ്യാപകന്‍ വന്നത്. അദ്ദേഹം വന്ന് ഞങ്ങളെ കെട്ടിപ്പിടിച്ചു. ഈ പടം സൂപ്പര്‍ ഹിറ്റായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ സാറിന്റെ നാക്ക് പൊന്നാകട്ടെ എന്ന് ഞങ്ങളും പറഞ്ഞു. എന്റെ നാവ് അല്ല, അതിനുള്ള ചില നിമിത്തങ്ങള്‍ ഇവിടെ കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. പടം വിജയിച്ച ശേഷം പറയാമെന്ന് പറഞ്ഞു.

ഹരിഹര്‍ നഗര്‍ ഹിറ്റായപ്പോള്‍ എങ്ങനെയാണ് സാര്‍ കഥപോലും അറിയാതെ സ്വിച്ച് ഓണ്‍ ആയ ദിവസം തന്നെ അങ്ങനെ പറയാന്‍ പറ്റിയതെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു. നിങ്ങള്‍ സ്വിച്ച് ഓണ്‍ ചെയ്യുന്ന സമയത്ത് നിങ്ങളുടെ ക്യാമറക്ക് അഭിമുഖമായി ഒരു ചെമ്പോത്ത് (ഉപ്പന്‍) വന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത് പറന്ന് വന്നിരിക്കുന്നത് ഭയങ്കര നല്ല ലക്ഷണമാണെന്ന് പറഞ്ഞു.

ശേഷം ഗോഡ്ഫാദറിന്റെ ഷൂട്ടിന് പോകുമ്പോള്‍ രാവിലെ ഒരാള്‍ ഒരു കെട്ട് ചൂലുമായി പോകുന്നത് കണ്ടു. ചൂല് കണ്ടാല്‍ അത് മോശം ലക്ഷണമാണെന്നാണ് പറയുക. രാവിലെ തന്നെ ഒരു കെട്ട് ചൂലുമായി ഇയാള്‍ എവിടെ പോകുകയാണെന്ന് ഞാന്‍ വിചാരിച്ചു.

ഈ ചൂലും കണ്ടിട്ടാണ് ഞങ്ങള്‍ വണ്ടിയിലേക്ക് കേറിയത്. ഞങ്ങള്‍ രണ്ടാളും പരസ്പരം നോക്കി കാരണം ചൂലും കണ്ടാണ് പോകുന്നത് നല്ല ലക്ഷണം അല്ല എന്ന തോന്നല്‍ രണ്ടാള്‍ക്കും ഉണ്ടായിരുന്നു.

പിന്നെ വണ്ടി കേറി പോകുന്ന വഴി ഞങ്ങള്‍ ആകെ വിഷമത്തിലായിരുന്നു. പെട്ടെന്ന് ലാല്‍ പറഞ്ഞു വണ്ടി നിര്‍ത്താന്‍. ഞാന്‍ ആകെ പേടിച്ചു ആരെയെങ്കിലും ഇടിച്ചെന്ന്  വിചാരിച്ചു. പെട്ടെന്ന് നോക്കിപ്പോള്‍ ഒരു ചെമ്പോത്തിനെ തട്ടിയതാണ്. അത് കിടന്ന് പിടയുകയാണ്. പിന്നേം വളരെ മോശം അനുഭവം.

രണ്ട് സിനിമകള്‍ ചെയ്തു രണ്ടും സൂപ്പര്‍ ഹിറ്റ്. അതിന് ശേഷമാണ് ഇത്രയും അശുഭ ലക്ഷണങ്ങള്‍ കണ്ട് മൂന്നാമത്തെ സിനിമക്ക് പോകുന്നത്. ഷൂട്ടിങ്ങ് തുടങ്ങാന്‍ നിന്ന സമയത്ത് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ വന്ന് പറഞ്ഞു ഞായറാഴ്ച ഷൂട്ടിങ് നല്ലതല്ലെന്ന്. പക്ഷേ എന്ത് ചെയ്യാന്‍ കഴിയും എല്ലാരും വന്നു. ഞങ്ങള്‍ക്ക് തുടങ്ങേണ്ടി വന്നു.

പിന്നെ ഷൂട്ട് എല്ലാം കഴിഞ്ഞ് പാട്ട് സീന്‍ എടുക്കാന്‍ പോയ സെറ്റും മോശമാണെന്ന് പലരും പറഞ്ഞു. അങ്ങനെ മൊത്തം നെഗറ്റീവായിരുന്നു സിനിമയുടെ ഷൂട്ട്.

എന്നാല്‍ ആ സിനിമയാണ് മലയാളത്തില്‍ റെക്കോഡ് കളക്ഷന്‍ നേടി ഹിറ്റായ സിനിമയായ ഗോഡ്ഫാദര്‍. അതില്‍ നിന്നും മനസിലാക്കാമല്ലോ, അന്ധവിശ്വാസങ്ങള്‍ കൊണ്ട് ഒരു കാര്യവും ഇല്ലെന്ന്,” സിദ്ദിഖ് പറഞ്ഞു.

content highlight: director siddique said that There are many superstitious belefs in the movie