സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, ശോഭന എന്നിവര്‍ അഭിനയിച്ച ചിത്രമാണ് നാടോടിക്കാറ്റ്. 1987ലാണ് ചിത്രം പുറത്തിറങ്ങിയത്. ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ്. ദാസനും വിജയനും ഇന്നും ധാരളം ചര്‍ച്ച ചെയ്യുന്ന കഥാപാത്രങ്ങളാണ്.
ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ചിത്രം താനും ലാലും ചേര്‍ന്ന് ഉണ്ടാക്കിയ കഥയായിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ സിദ്ദിഖ്. ആദ്യം സത്യന്‍ അന്തിക്കാടിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് കഥ ഇമ്പാക്ടായിട്ട് തോന്നിയില്ലെന്നും പിന്നീട് ശ്രീനിവാസനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമാവുകയായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നാടോടിക്കാറ്റ് സിനിമയെക്കുറിച്ച് സിദ്ദിഖ് പറഞ്ഞത്.
”അന്ന് ഞങ്ങള്‍ വലിയ സംവിധായകരാകുമെന്നോ ഞങ്ങളുടെ ഇത്തരം സിനിമകളെല്ലാം ഓടുമെന്നൊന്നും അറിയില്ലായിരുന്നു. അങ്ങനെ നമ്മള്‍ ഒരു കഥയുണ്ടാക്കി അവരോട് കഥപറഞ്ഞതാണ്.
ആ കഥ ആദ്യം സത്യന്‍ അന്തിക്കാടിനോടാണ് പറഞ്ഞത്. അന്ന് സത്യ ഏട്ടന് അത് അത്രയും ഇമ്പാക്ട് ആയിട്ട് തോന്നിയിട്ടില്ല. അതുകൊണ്ടാണ് പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമ എടുത്തത്.
പിന്നീടാണ് ശ്രീനി ആയിട്ടുള്ള ഡിസ്‌കഷനില്‍ അവര്‍ക്ക് അത് രസമായിട്ട് തോന്നുകയും അവര്‍ അത് എടുക്കുകയും ചെയ്തത്. അതില്‍ അവര്‍ കുറേ മാറ്റങ്ങളെല്ലാം വരുത്തിയിരുന്നു. ആ സിനിമ വലിയ ഹിറ്റായി മാറിയിരുന്നു. അതിന് ശേഷം പലരും നമ്മളോട് കഥ ചോദിച്ച് വന്നെങ്കിലും ഞങ്ങള്‍ കൊടുത്തില്ലായിരുന്നു,”സിദ്ദിഖ് പറഞ്ഞു.
മോഹന്‍ലാല്‍, ശോഭന, ശ്രീനിവാസന്‍ എന്നിവര്‍ക്ക് പുറമേ തിലകന്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, ക്യാപ്റ്റന്‍ രാജു, മാമൂക്കോയ, മീന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കാസിനോ പ്രൊഡക്ഷന്‍സായിരുന്നു ചിത്രം നിര്‍മിച്ചത്.
content highlight: director siddique said that nadodikattu was siddique and lal story