Malayalam Cinema
സുന്ദരനായ വില്ലന്‍, ഞങ്ങള്‍ വിചാരിച്ചതിലും അപ്പുറത്തേക്ക് റിസ ആ കഥാപാത്രത്തെ കൊണ്ടെത്തിച്ചു; 'ജോണ്‍ ഹോനായി'യുടെ ഓര്‍മ്മയില്‍ സിദ്ദിഖ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Sep 13, 10:48 am
Monday, 13th September 2021, 4:18 pm

തിരുവനന്തപുരം: നടന്‍ റിസബാവയുടെ നിര്യാണത്തില്‍ അനുശോചിച്ച് സംവിധായകന്‍ സിദ്ദിഖ്. സിദ്ദിഖിന്റെ ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായ് എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ മലയാള സിനിമയില്‍ തുടക്കം കുറിക്കുന്നത്.

റിസബാവയുടെ വിയോഗം തന്റെ വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും അദ്ദേഹം നമ്മെ വിട്ടുപോയെന്ന് വിശ്വസിക്കാവുന്നില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു. ഒപ്പം ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായ് എന്ന കഥാപാത്രം റിസബാവയില്‍ എത്തിയതിനെ കുറിച്ചും മനോരമന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ സിദ്ദിഖ് പങ്കുവെച്ചു.

”ജോണ്‍ ഹൊനായ് എന്നയാള്‍ക്കായി പുതുമുഖത്തെ തപ്പിക്കൊണ്ടിരിക്കുമ്പോള്‍ ആണ് റിസബാവയെ പരിചയപ്പെടുന്നത്. റിസയെ കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്കിഷ്ടമായി. സുമുഖനാണ്. സുന്ദരനാണ്. പശുപതിയില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. സോഫ്റ്റായുള്ള നെഗറ്റീവ് ക്യാരക്ടറായിരുന്നു ചിത്രത്തില്‍ റിസയ്ക്ക് ചെയ്യാനുണ്ടായിരുന്നത്.

ഒരു ഹീറോയെപ്പോലെ പെരുമാറുകയും സുന്ദരമായി ചിരിക്കുകയും വളരെ സൗമ്യമായി സംസാരിക്കുകയും ചെയ്യുന്ന ഒരു നെഗറ്റീവ് ക്യാരക്ടറാണ്. റിസബാവയ്ക്ക് അത് വളരെ ഭംഗിയായി ചെയ്യാന്‍ പറ്റുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ മുടി കളര്‍ ചെയ്ത് കണ്ണടയൊക്കെ ഫിറ്റ് ചെയ്ത് ഒരു നോര്‍ത്ത് ഇന്ത്യന്‍ കഥാപാത്രമാക്കി മാറ്റിയെടുത്തു.

നമ്മള്‍ വിചാരിച്ചതിലും അപ്പുറത്തേക്ക് റിസ ആ കഥാപാത്രത്തെ കൊണ്ടെത്തിച്ചു. സിനിമയില്‍ ഏറ്റവും അധികം ആളുകള്‍ സംസാരിച്ചതും ജോണ്‍ ഹൊനായ് എന്ന വില്ലനെ കുറിച്ചായിരുന്നു. മാത്രമല്ല അങ്ങനെയൊരു വില്ലന്‍ മുന്‍പ് മലയാള സിനിമയില്‍ ഉണ്ടായിരുന്നില്ല. സുന്ദരനായ സൗമ്യനായ നായകനേക്കാള്‍ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്ന വില്ലന്‍. റിസ അത് ഗംഭീരമാക്കി. അവിടെ നിന്നായിരുന്നു റിസ സിനിമാ ജീവിതം തുടങ്ങിയത്. നിരവധി കഥാപാത്രങ്ങള്‍ വേറേയും അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. ഇന്നും ജോണ്‍ ഹൊനായ് എന്ന കഥാപാത്രം അഞ്ഞൂറാനെപ്പോലെയും മാന്നാര്‍ മത്തായിയെപ്പോലെയും ഓര്‍ക്കുന്ന കഥാപാത്രമായി മാറിയത് റിസയുടെ അഭിനയ മികവൊന്നുകൊണ്ടുമാത്രമാണ്.

മലയാള സിനിമയുടെ മാത്രമല്ല വ്യക്തിപരമായി എന്റെ കൂടി നഷ്ടമാണ് റിസയുടെ വിയോഗം. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ആരാധകരുടേയും ദുഖത്തില്‍ പങ്കുചേരുന്നു,” സിദ്ദിഖ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Siddique Remember Actor Rizabava