കൊച്ചി: സംവിധായകന്‍ സിദ്ദിഖ്(63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ 12 വരെ കടവന്ത്ര ഇന്‍ഡോര്‍സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകുന്നേരം ആറ് മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ കബറടക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
മലയാളത്തിന് എക്കാലത്തേയും മകിച്ച ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. 1983ല്‍ സംവിധായകന്‍ ഫാസിലിന്റെ അസിസ്റ്റന്റായാണ് സിദ്ദിഖ് സിനിമാ രംഗത്തേക്ക് വരുന്നത്. സിദ്ദിഖും ലാലും കൈകോര്‍ത്ത ചിത്രങ്ങള്‍ മലയാളികളുടെ ജനപ്രിയ സിനിമകളായിരുന്നു.
റാംജി റാവു സ്പീക്കിങ്, വിയറ്റ്നാം കോളനി, ക്രോണിക് ബാച്ച്ലര്‍, ബോഡി ഗാര്‍ഡ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, കാബൂളിവാല, ഹിറ്റ്ലര്‍, ഫ്രണ്ട്സ്, കാവലന്‍, ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍, ഭാസ്‌കര്‍ ദി റാസ്‌കല്‍, ഫുക്രി, ബിഗ് ബ്രദര്‍ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. 1991ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും സിദ്ദിഖിന്റെ സംവിധാനത്തില്‍ ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്.
1956ല്‍ കലൂര്‍ ചര്‍ച്ച് റോഡില്‍ സൈനബാസില്‍ ഇസ്മയില്‍ റാവുത്തരുടെയും സൈനബയുടെയും മകനായാണ് സിദ്ദീഖിന്റെ ജനനം. കലൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍, കളമശേരി സെന്റ് പോള്‍സ് കോളേജ്, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: സജിത. മക്കള്‍: സൗമ്യ, സാറ, സുകൂണ്‍.