മമ്മൂട്ടിയുടെ പിടിവാശിയുടെയും ദേഷ്യത്തിന്റേയും കഥകള്‍ സിനിമ മേഖലയിലുള്ളവര്‍ക്ക് പുതിയ കാര്യമല്ല. എന്നാല്‍ അദ്ദേഹത്തെ അടുത്തറിഞ്ഞാല്‍ വാശിക്കപ്പുറമുള്ള ചില രസകരമായ സംഭവങ്ങളും മമ്മൂട്ടിയുടെ അടുപ്പക്കാര്‍ പറയാറുണ്ട്. അത്തരത്തില്‍ ഹിറ്റ്ലറിന്റെ സെറ്റില്‍ വെച്ച് ലാലുമായി മമ്മൂട്ടി വഴക്കായ സംഭവം പറയുകയാണ് സഫാരി ചാനലില്‍ നടന്ന ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംവിധായകന് സിദ്ദിഖ്.
‘അന്ന് മമ്മൂക്ക എപ്പോഴും മുടി ഒരു സൈഡിലേക്കാണ് ചീകി വെക്കുക. മുടി പുറകോട്ട് ചീകിവെച്ചാല് നന്നായിരിക്കുമെന്ന് ഞാന്‍ മമ്മൂക്കയോട് പറഞ്ഞിരുന്നു. വേണ്ട ഇങ്ങനെ മതി, ഇതായിരിക്കും നന്നാവുകയെന്ന് മമ്മൂക്ക പറഞ്ഞു.
ടേക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് ലാല്‍ പുറകോട്ട് മുടി ചീകി വെക്കുന്ന കാര്യം എന്നോട് വന്ന് പറഞ്ഞു. മമ്മൂക്കക്ക് താല്പര്യ കുറവുണ്ട്, അതില്‍ എന്തെങ്കിലും അണ്ഈസിനെസ് ഉണ്ടെങ്കില്‍ വിട്ടേക്കാം, മുടിയിലെന്ത് കാര്യമിരിക്കുന്നു എന്ന് ലാലിനോട് പറഞ്ഞു. ഇല്ല പുറകോട്ട് ചീകിയാല്‍ മമ്മൂക്കക്ക് ഒരു മെച്ച്യൂരിറ്റി വരും, റെസ്പെക്റ്റും തോന്നും, ഒരു രസമുണ്ടാവും, കുറെ കാലമായില്ലേ പുറകോട്ട് ചീകിയിട്ട്, ഞാന്‍ പോയി പറയാം എന്ന് പറഞ്ഞ് ലാല്‍ മമ്മൂക്കയുടെ അടുത്തേക്ക് പോയി.
എന്റെ മുടി എങ്ങനെ വേണമെന്ന് ഞാന്‍ ഡിസൈഡ് ചെയ്യുമെന്ന് മമ്മൂക്ക ലാലിനോട് പറഞ്ഞു. ശരി മമ്മൂക്ക എന്ന് പറഞ്ഞ് ലാല്‍ അവിടുന്ന് തിരിച്ചുവന്നു. റിഹേഴ്സല്‍ വരെ മുടി സൈഡിലേക്ക് ചീകിയാണ് മമ്മൂക്ക ചെയ്തത്. ടേക്ക് പറഞ്ഞപ്പോഴേക്കും മമ്മൂക്ക ജോര്‍ജിനെ വിളിച്ചു. ജെല്ലടിച്ചിട്ട് മുടി ബാക്കിലേക്ക് ചീകി വെച്ചു. എന്താടാ ഓക്കെയാണോ എന്ന് ലാലിനോട് ചോദിച്ചു. അപ്പോള്‍ ലാല്‍ ചിരിച്ചു, അതാണ് മമ്മൂക്കയുടെ മനസ്.
അദ്ദേഹം മനസില്‍ അത് ഫിക്സ് ചെയ്തിരുന്നു. പക്ഷേ ഞാന്‍ ഇങ്ങനെയേ ചെയ്യൂ എന്ന് മമ്മൂക്ക വാശി പിടിക്കും. ഞങ്ങള്‍ പറയുന്നത് പോലെ ചെയ്താലേ ഷൂട്ട് ചെയ്യാന്‍ പറ്റുകയുള്ളൂ എന്ന് ഞങ്ങളും പറഞ്ഞില്ല. മമ്മൂക്കയുടെ ഇഷ്ടം പോലെ ചെയ്യാനാണ് പറഞ്ഞത്. അത് ആസ്വദിച്ചിട്ട് ടേക്ക് എന്ന് പറയുമ്പോള്‍ നമ്മള് ആഗ്രഹിച്ചത് പോലെ മമ്മൂക്ക ചെയ്തുതരും,’ സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Director Siddique narrated the incident of Mammootty’s fight with Lal on the set of Hitler