നിരവധി ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് സിദ്ദിഖ്-ലാല്‍. സിനിമാ മേഖലയില്‍ വലിയൊരു കാലം ഒരുമിച്ച് നിന്ന ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. എന്തുകൊണ്ടായിരുന്നു സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞതെന്ന് അന്നും ഇന്നും പ്രേക്ഷകര്‍ ചോദിക്കുന്ന ചോദ്യമാണ്.
പക്ഷേ ഇതിനൊരു മറുപടി പറയാന്‍ ഇരുവരും ഇതുവരെ തയ്യാറായിരുന്നില്ല. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടുകെട്ട് പിരിഞ്ഞതിനെ കുറിച്ച് സംസാരിക്കുകയാണ് സിദ്ദിഖും ലാലും. തങ്ങള്‍ പിരിഞ്ഞതിന്റെ കാരണം പറഞ്ഞാല്‍ അത് ചിലരെ വേദനിപ്പിക്കുമെന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് ലാല്‍ നല്‍കിയ മറുപടി.
‘ഇനി അത് പറഞ്ഞാലും അത് പറയുന്ന ഞങ്ങള്‍ക്കോ അത് കേള്‍ക്കുന്ന പ്രേക്ഷകര്‍ക്കോ ആര്‍ക്കും ഗുണം ഉണ്ടാകാന്‍ പോകുന്നില്ല. അങ്ങനെ ആര്‍ക്കും ഗുണമില്ലാത്ത ചിലപ്പോള്‍ ആരെയെങ്കിലും വേദനിപ്പിക്കാവുന്ന ഒരു കാര്യം എന്തിനാണ് പറയുന്നത്. അത് അവിടെ വെച്ച് തന്നെ അങ്ങ് തീര്‍ന്നുപോകട്ടെ. അതല്ലേ നല്ലത്. കൂട്ടുകെട്ട് പിരിഞ്ഞതുകൊണ്ട് രണ്ടുപേര്‍ക്കും നല്ലതേ ഉണ്ടായിട്ടുള്ളൂ,’ എന്നായിരുന്നു ലാലിന്റെ മറുപടി.
ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും കൂടെ അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ എന്തൊരു ഗുണമായേനെ എന്ന് തോന്നും. നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ മനസില്‍ വരാറുണ്ട്. ചില പടങ്ങള്‍ ഒരുമിച്ചായിരുന്നെങ്കില്‍ ഒരുപക്ഷേ അതിലും ചിലപ്പോള്‍ നന്നായേനെ എന്നൊക്കെ തോന്നിയിട്ടുണ്ട്, ലാല്‍ കൂട്ടിച്ചേര്‍ത്തു.
എന്തിന് പിരിഞ്ഞു എന്നതിനേക്കാള്‍ പിരിഞ്ഞതുകൊണ്ട് എന്തുണ്ടായി എന്നുള്ളതല്ലേ നമ്മള്‍ ആലോചിക്കേണ്ടത് എന്നായിരുന്നു ചോദ്യത്തോടുള്ള സിദ്ദിഖിന്റെ മറുപടി. എന്തിന് പിരിഞ്ഞു എന്നുള്ളതിന് ഇന്ന് പ്രസക്തിയില്ല. ആ കാരണം ഇന്ന് നിലനില്‍ക്കുന്നില്ല. അതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല, സിദ്ദിഖ് പറഞ്ഞു.
തങ്ങളുടെ സ്വഭാവങ്ങള്‍ തമ്മിലുള്ള ചില വ്യത്യാസങ്ങളും ഇരുവരും അഭിമുഖത്തില്‍ പറഞ്ഞു. ‘ഞങ്ങള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം സിദ്ദിഖ് ഒരു കഥ എഴുതാനിരുന്നാല്‍ അത് മാത്രമാണ് അവന്റെ മനസിലുണ്ടാകുക. ഹോട്ടലില്‍ റൂമെടുത്ത് മൂന്ന് മാസമൊക്കെ വീട്ടില്‍ പോകാതെ ഇരുന്ന് കഥയെഴുതിയിട്ടുണ്ട്. ഞാന്‍ എല്ലാദിവസവും വൈകീട്ട് വീട്ടിലേക്ക് പോകും. എനിക്ക് പിള്ളേരെ കാണണമെന്നൊക്കെ തോന്നും. പക്ഷേ എന്റെ മനസില്‍ ഇത് കുറ്റബോധമായി തോന്നിയിട്ടുണ്ട്. അവന്‍ അവിടെ ഇരുന്ന് കഷ്ടപ്പെടുകയാണല്ലോ എന്നോര്‍ക്കും. രാവിലെ എഴുന്നേറ്റ് ഇവിടെ നിന്ന് ഓടും,’ എന്നായിരുന്നു ലാല്‍ പറഞ്ഞു.
എന്നാല്‍ താന്‍ വളരെ സെന്‍സിറ്റീവാണെന്നും കഥയെഴുത്തിനിടെ വീട്ടിലേക്ക് പോയാല്‍ തന്നില്‍ നിന്നും ആ കണക്ഷന്‍ നഷ്ടപ്പെട്ടുപോകുമെന്നുമായിരുന്നു ഇതോടുള്ള സിദ്ദിഖിന്റെ മറുപടി.
ഞാന്‍ വളരെ സെന്‍സിറ്റീവ് ആയിട്ടുള്ള ആളാണ്. വീട്ടിലേക്ക് വന്നാല്‍ എന്നോട് എല്ലാം മറന്നുപോകും. പിന്നെ പഴയ സ്റ്റേജിലേക്ക് എത്താന്‍ ഞാന്‍ ഒരുപാട് സമയമെടുക്കും. അതുകൊണ്ട് തന്നെ ഇത് ഞാന്‍ വീട്ടിലേക്ക് കൊണ്ടുവരില്ല. ലാല്‍ സ്വിച്ച് ഇട്ട പോലെ വരും. സ്വിച്ച് ഓഫ് ചെയ്ത് പോകും (ചിരി), സിദ്ദിഖ് പറഞ്ഞു.
എന്നാല്‍ തനിക്ക് ഒരു സീന്‍ എഴുതിക്കഴിഞ്ഞാല്‍ പോലും അത് വീട്ടിലുള്ളവരെ അപ്പോള്‍ തന്നെ വായിച്ചുകേള്‍പ്പിക്കണമെന്നും കാത്തിരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ലാല്‍ പറഞ്ഞത്.
Content highlight: Director Siddique Lal about their Relationship and Break up