ഫ്രണ്ട്‌സിലെ അരവിന്ദനാകാന്‍ ആദ്യം കമിറ്റ് ചെയ്തത് സുരേഷ് ഗോപി; പക്ഷെ ആ ഒരു ഫോട്ടോയുടെ പേരില്‍, എന്നോട് ഒന്നും പറയാതെ പിന്മാറി: സിദ്ദിഖ്
Entertainment
ഫ്രണ്ട്‌സിലെ അരവിന്ദനാകാന്‍ ആദ്യം കമിറ്റ് ചെയ്തത് സുരേഷ് ഗോപി; പക്ഷെ ആ ഒരു ഫോട്ടോയുടെ പേരില്‍, എന്നോട് ഒന്നും പറയാതെ പിന്മാറി: സിദ്ദിഖ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 11th September 2022, 2:08 pm

1999ല്‍ പുറത്തിറങ്ങിയ ഫ്രണ്ട്‌സിന്റെ പിന്നാമ്പുറ കഥകള്‍ ഓര്‍ത്തെടുക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്. ചിത്രത്തിലെ നായക കഥാപാത്രമായ അരവിന്ദന് വേണ്ടി ആദ്യം നിശ്ചയിച്ചിരുന്നത് സുരേഷ് ഗോപിയെയാണെന്നാണ് സിദ്ദിഖ് പറയുന്നത്. എന്നാല്‍ ചില തെറ്റിദ്ധാരണകളുടെ പുറത്ത് സുരേഷ് ഗോപി അവസാന നിമിഷം പിന്മാറുകയായിരുന്നെന്നും സിദ്ദിഖ് പറയുന്നു.

1998ല്‍ തന്നെ ഈ സിനിമ ചെയ്യാന്‍ കമിറ്റ് ചെയ്ത സുരേഷ് ഗോപി ഒരു പോസ്റ്ററിന്റെ പേരിലാണ് പിന്‍വാങ്ങിയതെന്നും സിദ്ദിഖ് ഓര്‍ത്തെടുക്കുന്നു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ തന്റെ സിനിമാ കരിയറിനെ കുറിച്ച് വിശദമായി സംസാരിക്കുന്നതിനിടയിലാണ് ഫ്രണ്ട്‌സിനെ കുറിച്ചും സിദ്ദിഖ് സംസാരിച്ചത്.

‘സുരേഷ് ഗോപി പൊട്ടിത്തെറിക്കുന്ന പൊലീസ് വേഷങ്ങള്‍ ചെയ്ത് കയ്യടി വാങ്ങി നില്‍ക്കുന്ന സമയമാണ് അന്ന്. ഒന്ന് പറഞ്ഞാല്‍ രണ്ടാമത്തേതിന് അടി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആങ്ക്‌റി യങ് മാന്‍ വേഷങ്ങള്‍ കാണാനായിരുന്നു ആളുകള്‍ക്ക് ഇഷ്ടവും. ആ സുരേഷ് ഗോപിയെ കൊണ്ട് ഹ്യൂമര്‍ ചെയ്യിക്കുക എന്നത് പ്രയാസമുള്ള കാര്യമായിരുന്നു.

സുരേഷ് ഗോപിയെ കുടുംബപശ്ചാത്തലത്തിലുള്ള ഒരു കഥാപാത്രമായി അവതരിപ്പിക്കാനായിരുന്നു ഞങ്ങള്‍ ഉദ്ദേശിച്ചത്. സുരേഷ് ഗോപിക്കും സമ്മതമായിരുന്നു. അദ്ദേഹം പടം കമിറ്റ് ചെയ്തു. അഡ്വാന്‍സൊന്നും നല്‍കിയിരുന്നില്ല. അങ്ങനയൊരു പതിവുണ്ടായിരുന്നില്ല. ഹിറ്റ്‌ലര്‍ക്ക് പോലും പടം കഴിഞ്ഞാണ് മമ്മൂട്ടിക്ക് പ്രതിഫലം നല്‍കുന്നത്. എല്ലാവരും നമ്മളോട് നല്ല സഹകരണമായിരുന്നു.

സിനിമയുടെ മറ്റെല്ലാ വര്‍ക്കുകളും തുടങ്ങും മുന്‍പ് ലാല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഷുവിന് ഈ സിനിമ വരുന്നു എന്ന നിലയില്‍ ഒരു പോസ്റ്റര്‍ തിയേറ്ററുകള്‍ക്ക് നല്‍കാനുണ്ട്. മുകേഷിനെയും ശ്രീനിവാസനെയും ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന സുരേഷ് ഗോപി – അങ്ങനെയാണ് പടമെടുക്കേണ്ടത്. എന്നാല്‍ ഫോട്ടോയെടുക്കാന്‍ ഇവരെ മൂന്ന് പേരെയും ഒന്നിച്ചു കിട്ടുന്നില്ല. പലരും പല സെറ്റിലാണ്.

അവസാനം പോസ്റ്റര്‍ വരപ്പിക്കാന്‍ തീരുമാനിച്ചു. ഒരു കാര്‍ട്ടൂണിസ്റ്റിനെ കൊണ്ട് ആദ്യം വരപ്പിച്ച ചിത്രം അത്ര നന്നായില്ല. എന്നാല്‍ മാറ്റി വരപ്പിക്കാനുള്ള സമയവുമില്ലായിരുന്നു. അപ്പോള്‍ ആ വരച്ച ചിത്രത്തില്‍ എല്ലാവരുടെയും ഫോട്ടോക്ക് താഴെ പേര് എഴുതാന്‍ തീരുമാനിച്ചു.

മുകേഷ് – സുരേഷ് ഗോപി – ശ്രീനിവാസന്‍ ഇങ്ങനെയാണ് ഫോട്ടോക്ക് അനുസരിച്ച് പേര് എഴുതിയത് . ഈ കാര്‍ഡ് ആരോ സുരേഷ് ഗോപിയെ കാണിച്ച് അദ്ദേഹമല്ല മുകേഷ് ആണ് ചിത്രത്തിലെ മെയ്ന്‍ റോളെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. സുരേഷിന് അത് ഭയങ്കര ഹര്‍ട്ടായി.

കാരണം അന്ന് കൊമേഴ്‌സ്യലി വളരെ സകസസ്ഫുള്ളായ ആര്‍ട്ടിസ്റ്റാണ് അദ്ദേഹം. മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലിനൊപ്പമാണ് സ്ഥാനം. അങ്ങനെയൊരാളെ കൊണ്ട് സെക്കന്റ് റോള്‍ ചെയ്യിപ്പിക്കുകയാണെന്ന് ആരോ അദ്ദേഹത്തെ പറഞ്ഞു പറ്റിച്ചു. പക്ഷെ ഇതേ കുറിച്ച് സുരേഷ് നമ്മളോട് ഒന്നും ചോദിച്ചില്ല.

ലാല്‍ ഷൂട്ടിന്റെ ഡേറ്റ് പറയാന്‍ ചെന്നപ്പോഴാണ് ഇപ്പോള്‍ ഈ പടം ചെയ്യാന്‍ പറ്റില്ലെന്നും അരോമയോടൊപ്പം ഷാജി കൈലാസിന്റെ മറ്റൊരു പടം ഇതിനു മുന്‍പേ ഏറ്റുപോയി എന്നെല്ലാം സുരേഷ് പറയുന്നത്. അതിന്റെ ഷൂട്ടും റിലീസും ഫ്രണ്ട്‌സിന്റെ അതേ സമയത്താണ് നടക്കുന്നതും. അപ്പോള്‍ പിന്നെ ഈ പടത്തില്‍ സുരേഷ് ഗോപിയെ മാറ്റാമെന്നും അടുത്ത പടം ഒന്നിച്ചു ചെയ്യാമെന്നുമുള്ള തീരുമാനത്തിലേക്ക് എത്തി. അല്ലാതെ വേറെ വഴിയില്ലായിരുന്നു. നമ്മള്‍ സ്‌നേഹപൂര്‍വ്വമായിരുന്നു പറഞ്ഞതെങ്കതിലും സുരേഷ് ഗൗരവത്തില്‍ തന്നെയായിരുന്നു.

പിന്നീടാണ് ജയറാമിനെ അരവിന്ദന്റെ വേഷം ചെയ്യാന്‍ വിളിക്കുന്നത്. പടത്തിന്റെ കഥ പറഞ്ഞപ്പോള്‍ ജയറാം ചോദിച്ചത് സുരേഷ് എന്തിനാണ് ഈ പടം വേണ്ടെന്ന് വെച്ചത്, അദ്ദേഹം കഥ കേട്ടിരുന്നില്ലേ എന്നായിരുന്നു. വണ്‍ലൈനാണ് സുരേഷ് കേട്ടതെന്നും പിന്നീട് എന്തുകൊണ്ടാണ് വേണ്ടെന്ന് വെച്ചതെന്ന് അറിയില്ലെന്നുമായിരുന്നു ഞങ്ങളുടെ മറുപടി. ഞങ്ങള്‍ക്ക് അന്ന്, ശരിക്കും കാര്യം അറിയില്ലായിരുന്നു,’ സിദ്ദിഖ് പറയുന്നു.

Content Highlight: Director Siddique about the movie Friends and Suresh Gopi