| Tuesday, 20th September 2022, 8:48 am

മമ്മൂക്കയെ ഏട്ടനായി കാണാനാണ് പ്രേക്ഷകരാഗ്രഹിക്കുന്നത്; ആ സിനിമയില്‍ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയില്‍ നിന്നും വ്യത്യസ്തനായ ഏട്ടനെ കൊണ്ടുവന്നു: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി 2003ല്‍ സിദ്ദീഖ് സംവിധാനം ചെയ്ത സിനിമയാണ് ക്രോണിക് ബാച്ച്ലര്‍. സംവിധായകന്‍ കൂടിയായ ഫാസിലായിരുന്നു ചിത്രം നിര്‍മിച്ചതും വിതരണം ചെയ്തതും. 1996ല്‍ മമ്മൂട്ടിയെ വെച്ച് സിദ്ദീഖ് തന്നെ സംവിധാനം ചെയ്ത മറ്റൊരു ചിത്രമാണ് ഹിറ്റ്‌ലര്‍.

ഈ രണ്ട് സിനിമകളിലും ഏട്ടന്‍ കഥാപാത്രങ്ങളായാണ് മമ്മൂട്ടി എത്തുന്നത്. രണ്ട് സിനിമകളിലും വ്യത്യസ്തമായ ഏട്ടന്‍ കഥാപാത്രങ്ങള്‍ രൂപപ്പെടുത്തിയതിനെ കുറിച്ചും ക്രോണിക് ബാച്ച്ലറിലെ എസ്.പി എന്ന കഥാപാത്ര സൃഷ്ടിയെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ സിദ്ദീഖ്.

സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ തന്റെ പഴയകാല സിനിമാ ഓര്‍മകള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

”ക്രോണിക് ബാച്ച്ലറിന്റെ കഥ ഉണ്ടാകുന്നത് മമ്മൂക്ക എന്ന ആര്‍ടിസ്റ്റിനെ ഫിക്‌സ് ചെയ്ത് കഴിഞ്ഞ ശേഷമാണ്. ഒരു കഥ ഉണ്ടാക്കിയ ശേഷം മമ്മൂക്കയെ കണ്ടെത്തിയതല്ല. മമ്മൂക്കക്ക് വേണ്ടി കഥ ഉണ്ടാക്കുക എന്നതായി ദൗത്യം.

മമ്മൂക്കയുടെ അപ്പോള്‍ വന്നുകൊണ്ടിരുന്ന സിനിമകളുടെ കഥകളില്‍ നിന്നും വ്യത്യസ്തമായ ഒരു കഥ വേണമായിരുന്നു. മമ്മൂക്കയുടെ ഏറ്റവും വലിയ സെല്ലിങ് പോയിന്റ്, പ്രേക്ഷകര്‍ അദ്ദേഹത്തില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന, അദ്ദേഹത്തില്‍ നിന്നും കാണാനാഗ്രഹിക്കുന്ന ഒരു ക്യാരക്ടര്‍ വേണമായിരുന്നു.

മലയാളി പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് മമ്മൂക്കയെ ഒരു ഏട്ടനായി കാണാനാണ്. ഹിറ്റ്‌ലറിലും ഏട്ടന്‍ വേഷമാണ്. അതില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു ഏട്ടനെ വേണമായിരുന്നു ക്രോണിക് ബാച്ച്ലറില്‍ കൊണ്ടുവരാന്‍.

ഹിറ്റ്‌ലറിലും ചൂടനായ ഒരു ഏട്ടനാണ് മാധവന്‍ കുട്ടിയെങ്കില്‍ ക്രോണിക് ബാച്ച്ലറിലെ എസ്.പി എന്ന കഥാപാത്രം വളരെ ശാന്തനാണ്. ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ വലിയ തിരിച്ചടിയുണ്ടായി വളരെ പക്വത ചെറുപ്പത്തിലേ വന്നയാളാണ്.

എപ്പോഴും കഥയും കഥാപാത്രങ്ങളും ഉണ്ടാക്കുമ്പോള്‍ നമ്മുടേതായ ചില ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അതില്‍ വരും. നമ്മുടെ ഇഷ്ടങ്ങളായിരിക്കും നായകനിലേക്ക് കൊണ്ടുവെക്കുക, ഇഷ്ടക്കേടുകളായിരിക്കും വില്ലനില്‍ പ്രതിഷ്ഠിക്കുക.

അതുകൊണ്ടായിരിക്കാം ചിലപ്പോള്‍ എന്റെ സിനിമയിലെ ഏട്ടന്‍ കഥാപാത്രങ്ങള്‍ക്ക് മറ്റ് സിനിമയിലെ ഏട്ടന്‍ കഥാപാത്രങ്ങളേക്കാള്‍ വ്യത്യസ്തത വരുന്നത്. പല ഏട്ടന്മാരെയും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഞാനുണ്ടാക്കിയ ഹിറ്റ്‌ലറിലെയും ക്രോണിക് ബാച്ച്ലറിലെയും ഏട്ടന്മാര്‍ വ്യത്യസ്തരാകുന്നത് അതുകൊണ്ടാണ്,” സിദ്ദീഖ് പറഞ്ഞു.

Content Highlight: Director Siddique about Mammootty’s characters in the movies Hitler and Chronic Bachelor

We use cookies to give you the best possible experience. Learn more