ഒരുപാട് കാലം ഒരേ പാറ്റേണിലുള്ള സിനിമകള്‍ കാണുന്ന പ്രേക്ഷകന്, പ്രത്യേകിച്ച് യുവതലമുറയ്ക്ക് പെട്ടെന്ന് അതിലൊരു മാറ്റം വരുന്ന ചിത്രങ്ങളോട് അടുപ്പം തോന്നുക സ്വാഭാവികമാണെന്ന് സംവിധായകന്‍ സിദ്ദിഖ്.
അത് സ്വീകരിക്കപ്പെടുമ്പോള്‍ അതുവരെയുള്ളതിനെ തള്ളിപ്പറയുക എന്ന സ്വഭാവം കൂടി കാണാറുണ്ടെന്നും കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ദിഖ് പറയുന്നു.
അതുപോലെ ഇപ്പോള്‍ സ്വീകരിക്കപ്പെടുന്ന ചിത്രങ്ങളും ഒരു ഘട്ടം കഴിയുമ്പോള്‍ തള്ളിപ്പറയപ്പെടുമെന്നും അന്നത്തെ പുതിയ തലമുറ പുതിയ ഒരു രീതി കൊണ്ടു വരുമ്പോള്‍ നിലവിലുള്ളതൊക്കെ പഴഞ്ചനാണെന്ന് അവര്‍ പറയുമെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
ഇത് ഓരോ കാലഘട്ടത്തിലും സംഭവിക്കുന്നതാണ്. അത് മാറിക്കൊണ്ടേയിരിക്കും. പണ്ടൊക്കെ സദ്ഗുണ സമ്പന്നരായ നായകന്മാരോടായിരുന്നു ആളുകള്‍ക്ക് ഇഷ്ടം. തെമ്മാടികളൊക്കെ എതിര്‍വശത്തായിരുന്നു.
കുറേക്കാലം അവരെ പലതരത്തില്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് അപ്പുറത്തുള്ള ഒരാളെ നായകനായി കാണുന്നത്. അങ്ങനത്തെ കഥകളും ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു. ഇതില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത്, നമ്മളെ എപ്പോഴും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുക എന്നതാണ്. അല്ലാതെ, ഇപ്പോള്‍ ഹിറ്റാവുന്ന പാറ്റേണ്‍ പിന്തുടര്‍ന്ന് ഒരു സിനിമ എടുക്കാമെന്ന് തീരുമാനിച്ചാല്‍ നമ്മുടേതുമില്ല, അവരുടേതുമില്ല എന്ന രീതിയില്‍ വൃത്തിക്കെട്ട പാറ്റേണാണ് ലഭിക്കുകയെന്നും സിദ്ദിഖ് പറഞ്ഞു.
തന്നെ സംബന്ധിച്ച് എല്ലാ കാലത്തും ചലഞ്ച് ഉണ്ടാവാറുണ്ടെന്നും പക്ഷേ, തന്റെ ചലഞ്ച് എപ്പോഴും തന്റെ തന്നെ പൂര്‍വ്വകാല സിനിമകളാണെന്നും സിദ്ദിഖ് പറയുന്നു.
‘അതുപോലെ രസമായില്ല, അത്ര വന്നില്ല’എന്നാണ് എന്റെ ഓരോ സിനിമയും ഇറങ്ങുമ്പോള്‍ ഞാന്‍ കേള്‍ക്കാറുള്ളത്. തൊട്ടുമുമ്പ് ഇറങ്ങിയ സിനിമയോ അല്ലെങ്കില്‍ സക്സസ് ആയ സിനിമയോ വച്ചാണ് കംപെയര്‍ ചെയ്യാറുള്ളത്. തുടക്കത്തില്‍ ഇത് എന്നെ അപ്സെറ്റാക്കാറുമുണ്ട്. പക്ഷേ, അതില്‍നിന്ന് ഞാന്‍ പെട്ടെന്ന് റിക്കവര്‍ ചെയ്യും.
കാരണം ജയവും പരാജയവും മനസ്സില്‍ കൊണ്ടു നടക്കരുത്. ജയം ആഘോഷിച്ച് നടന്നാല്‍ അതോടെ നമ്മള്‍ നശിക്കും. പരാജയവും നാം ഉള്‍ക്കൊള്ളണം. എന്തുകൊണ്ട് പരാജയം സംഭവിച്ചു എന്ന് മനസ്സിലാക്കി, അടുത്ത സ്ഥലത്തേക്ക് പോകണം. വിജയിച്ച സിനിമയും നമ്മള്‍ ആവര്‍ത്തിക്കരുത്, പരാജയപ്പെട്ട സിനിമയും ആവര്‍ത്തിക്കരുത്. പ്രേക്ഷകര്‍ ആസ്വദിക്കുന്ന പുതിയ അനുഭവം അവര്‍ക്ക് കൊടുക്കാനായാല്‍ തീര്‍ച്ചയായും അവര്‍ സ്വീകരിക്കും. അല്ലെങ്കില്‍ നിരാകരിക്കും,’ സിദ്ദിഖ് പറയുന്നു.