സിദ്ദിഖ് – ലാല്‍ കൂട്ടുക്കെട്ടില്‍ ഇനിയും സിനിമകളുണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍ സിദ്ദിഖ്. ഒന്നിച്ചു ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യതയുണ്ടെന്നേ ഇപ്പോള്‍ പറയാനാകൂവെന്ന് കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ദിഖ് പറഞ്ഞു.
രണ്ടു പേരും ചേര്‍ന്നാലേ സിനിമ പൂര്‍ണ്ണമാകൂ എന്ന ധാരണ പ്രേക്ഷകനേ ഉള്ളൂവെന്നും ബോഡിഗാര്‍ഡ് മുതല്‍ ചിത്രങ്ങളില്‍ ഹ്യൂമറിന്റെ അളവ് കുറഞ്ഞപ്പോഴാണ് ലാലിനൊപ്പം വീണ്ടും സിനിമ ചെയ്യണമെന്ന ആവശ്യമുയരാന്‍ തുടങ്ങിയതെന്നും സിദ്ദിഖ് പറഞ്ഞു.
സിദ്ദിഖും ലാലും പരസ്പര പൂരകങ്ങളാണെന്ന് നിങ്ങളുടെ രണ്ട് ഘട്ടങ്ങളിലുമുള്ള സിനിമകള്‍ കണ്ട പ്രേക്ഷകര്‍ പറയാറുണ്ട്. കൊവിഡാനന്തരമെങ്കിലും പഴയ ഹിറ്റ് ജോഡി സിദ്ദിഖ്-ലാല്‍ സംവിധാനത്തില്‍ ഒന്നിക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഞങ്ങള്‍ ഒടുവില്‍ ഒന്നിച്ചു ചെയ്ത സിനിമ കിംഗ് ലയര്‍ ആണ്. അതില്‍ ഞാന്‍ കഥയെഴുതി, ലാല്‍ സംവിധാനം ചെയ്തു. ആ സിനിമ ഉണ്ടായത് ഔസേപ്പച്ചന്‍ എന്ന പ്രൊഡ്യൂസറുടെ ബുദ്ധിയാണ്. അദ്ദേഹം നിര്‍ബന്ധിച്ചതുകൊണ്ടു മാത്രമാണ് കിംഗ് ലയര്‍ ചെയ്തതെന്ന് സിദ്ദിഖ് പറഞ്ഞു.
‘പഴയ പോപ്പുലാരിറ്റിയെ കാഷ് ചെയ്യാം എന്ന ഐഡിയ എനിക്കോ ലാലിനോ ഇല്ല. ഇപ്പോള്‍ സിനിമ ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് പരസ്പരം മിസ് ചെയ്യാറുമില്ല. അത് പ്രായം വരുത്തുന്ന മെച്യൂരിറ്റിയാണ്,’ സിദ്ദിഖ് പറഞ്ഞു.
റാംജി റാവു എടുത്ത പ്രായമല്ല ഇപ്പോള്‍ ഞങ്ങള്‍ക്ക്. രണ്ടുപേരും ചേര്‍ന്നാലേ സിനിമ പൂര്‍ണ്ണമാകൂ എന്ന് പ്രേക്ഷകന് പറയാം. സിനിമ നല്ലതോ മോശമോ എന്ന് പറയാനുള്ള അവകാശം അത് കാണുന്ന പ്രേക്ഷകനുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.
എന്നാല്‍ താന്‍ സ്വതന്ത്രമായി ചെയ്ത സിനിമകളില്‍ തമാശയുടെ അളവ് കുറഞ്ഞു വന്നപ്പോഴാണ് ലാലിനൊപ്പം സിനിമ ചെയ്യണമെന്ന തരത്തിലുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ഒറ്റയ്ക്ക് സിനിമ എടുക്കാന്‍ തുടങ്ങിയത് ഹിറ്റ്‌ലര്‍ മുതലാണ്. പക്ഷേ ഇപ്പോള്‍ പറയുന്ന പ്രശ്‌നം ഹിറ്റ്‌ലറിനോ ഫ്രണ്ട്‌സിനോ ക്രോണിക് ബാച്ചിലറിനോ ആരും പറഞ്ഞിട്ടില്ല. ബോഡി ഗാര്‍ഡ് മുതല്‍ ഞാന്‍ സീരിയസാകാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങളൊക്കെ പറഞ്ഞുതുടങ്ങിയത്. ഹ്യൂമറിന്റെ അളവ് കുറയുന്നതാണ് പ്രശ്‌നം,’ സിദ്ദിഖ് പറഞ്ഞു.