| Friday, 4th November 2022, 5:04 pm

കടപ്പുറത്തെ ആളുകളുടെ മുന്നില്‍ വെച്ച് ആ ഡയലോഗ് പറയാന്‍ പറ്റില്ലെന്ന് തിലകന്‍ ചേട്ടന്‍ പറഞ്ഞു, പിന്നീട് ഡബ്ബിങ്ങില്‍ ഉള്‍പ്പെടുത്തുകയായിരുന്നു: സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1991ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഗോഡ്ഫാദര്‍. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ സംവിധാനം ചെയ്ത ചിത്രം ഇന്നും ഏറെ പ്രേക്ഷക പ്രശംസകള്‍ ഏറ്റുവാങ്ങുന്നുണ്ട്.

കടപ്പുറത്ത് വെച്ച് ഷൂട്ട് ചെയ്ത ഒരു സീനില്‍ എഴുതിവെച്ച ഡയലോഗ് കടപ്പുറത്തെ ആളുകളുടെ മുന്നില്‍ വെച്ച് തിലകന്‍ പറയില്ലെന്ന് പറഞ്ഞപ്പോള്‍ മാറ്റി എഴുതി ഷൂട്ട് ചെയ്തതിനെക്കുറിച്ച് പറയുകയാണ് സിദ്ദിഖ്.

ഷൂട്ടിങിന് എല്ലാവിധ സഹായവും ചെയ്ത് തന്നവരുടെ മുന്നില്‍ വെച്ച് അത്തരമൊരു ഡയലോഗ് തനിക്ക് പറയാന്‍ ബുദ്ധുമുട്ടുണ്ടെന്ന് തിലകന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡയലോഗ് മാറ്റി ഷൂട്ട് ചെയ്തതെന്നും പിന്നീട് ഡബ്ബിങ്ങില്‍ പഴയ ഡയലോഗ് തന്നെ തിലകന്‍ പറയുകയായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗോഡ്ഫാദറിന്റെ ഷൂട്ടിങിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

”ഗോഡ്ഫാദറിലെ ബീച്ചിലെ സീക്വിന്‍സില്‍ പെട്ടെന്ന് ഞങ്ങള്‍ക്ക് ഡയലോഗ് മാറ്റേണ്ടി വന്നിരുന്നു. കാലിക്കറ്റ് വിനോദാണ് കടപ്പുറത്തെ ഗുണ്ടയായി അഭിനയിച്ചത്. അയാളാണ് ഗുണ്ടകളുടെ നേതാവ്. ഇപ്പുറത്ത് അഞ്ഞൂറാന്റെ മക്കളില്‍ തിലകനാണ് മൂത്തത്.

അടി തുടങ്ങുന്നതിന് മുന്നേ അയാള്‍ വന്ന് പറയുന്നത് ‘ഇത് മീന്‍ വാരുന്ന കയ്യാണ് ഇത് വെച്ച് അടി കിട്ടിയാല്‍ നാറുമെന്നാണ്’. അവിടെ ഞങ്ങള്‍ തിലകന്‍ ചേട്ടന് എഴുതി വെച്ച ഡയലോഗ് എല്ലാവരും പിന്നെ ഏറ്റെടുത്ത ഒന്നാണ്.

പക്ഷേ ബീച്ചിലാണ് ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. വേറെ എവിടെയും ഇത്രയും സ്‌നേഹമുള്ള ആളുകളെ കാണില്ല. പോലീസോ ഒന്നും വേണ്ട ബീച്ചിലെ ആളുകളാണ് എല്ലാ സഹായവും ഞങ്ങള്‍ക്ക് ചെയ്ത് തന്നത്. എല്ലാകാര്യവും അവര്‍ നോക്കി തന്നു. ഒരു പൈസയും അവര്‍ക്ക് കൊടുക്കേണ്ടി വന്നിട്ടില്ല അത്രയും നല്ല ആളുകളാണ്.

അവിടെ വെച്ച് അതുപോലെ ഒരു ഡയലോഗ് പറയാന്‍ വിനോദിനും തിലകന്‍ ചേട്ടനും പേടിയായിരുന്നു. കാരണം മീന്‍ വാരുന്ന കൈ എന്നത് മത്സ്യ തൊഴിലാളികളുടെ പ്രസന്റേഷനാണ്. അതിന് സര്‍ക്കാസ്റ്റിക്കായിട്ടാണ് തിലകന്‍ ചേട്ടന്‍ ഡയലോഗ് പറയേണ്ടത്. അത് അവര്‍ക്ക് വിഷമം ഉണ്ടാക്കിയാലോ എന്ന പേടിയായിരുന്നു അദ്ദേഹത്തിന്.

തിലകന്‍ ചേട്ടന്‍ ആ ഡയലോഗ് വെണ്ടെന്ന് പറഞ്ഞു. അതില്ലാതെ ഒരു പവര്‍ കിട്ടില്ലെന്ന് ഞാന്‍ തിലകന്‍ ചേട്ടനോട് പറഞ്ഞു. അതു ബുദ്ധിമുട്ടാണെങ്കില്‍ ചട്ടിണി കലക്കുന്ന കയ്യാണെന്ന് പറയാമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. രണ്ടിനും ലിപ് കറക്ടാണ്. അവിടെ വെച്ച് അങ്ങനെ പറഞ്ഞിട്ടാണ് ഞങ്ങള്‍ ആ സീന്‍ ഷൂട്ട് ചെയ്തത്.

ചട്ടിണി കലക്കുന്ന കയ്യാണ് നിന്നെ നാറ്റിക്കാന്‍ ഇത് മതി എന്ന് പറഞ്ഞിട്ടാണ് ഇടത്തെ കൈ കൊണ്ട് തിലകന്‍ ചേട്ടന്‍ അടിക്കുന്നത്. പിന്നീട് ഡബ്ബ് ചെയ്തപ്പോള്‍ ഞങ്ങള്‍ അത് മാറ്റി അദ്ദേഹത്തിനെ കൊണ്ട് ചെയ്യിപ്പിച്ചു. അത് സിനിമ കാണുമ്പോള്‍ ആര്‍ക്കും മനസിലാകില്ല കാരണം ലിപ് കറക്ടാണ്.

അത് പറയില്ല ബീച്ചിലെ ആളുകള്‍ക്ക് പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ പിന്നെ നമ്മള്‍ക്ക് വേറെ വഴിയില്ല അവിടെ വെച്ച് ഡയലോഗ് തല്‍ക്കാലത്തേക്ക് മാറ്റി എടുത്തതാണ്. ആ ഡയലോഗ് വേണ്ടെന്ന് വയ്ക്കാനും കഴിയില്ല. കാരണം അത് പറഞ്ഞില്ലെങ്കില്‍ വില്ലനായിരിക്കും കൂടുതല്‍ ഡൊമിനന്‍സ് ഉണ്ടാകുക,” സിദ്ദിഖ് പറഞ്ഞു.

content highlight: director siddique about godfather movie shoot and thilakan’s diologue

We use cookies to give you the best possible experience. Learn more