| Monday, 21st November 2022, 10:57 pm

കൂട്ടുകാരായ രണ്ട് അമ്മമാരുടെ മക്കള്‍ ശത്രുക്കളെപ്പോലെ നടക്കുന്നു,അതാണ് വൈരുധ്യമായിട്ട് തോന്നിയത്; അതില്‍ നിന്നാണ് ആ സിനിമ ഉണ്ടായത്: സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1991ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഗോഡ്ഫാദര്‍. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ സംവിധാനം ചെയ്ത ചിത്രം ഇന്നും ഏറെ പ്രേക്ഷക പ്രശംസകള്‍ ഏറ്റുവാങ്ങുന്നുണ്ട്. ചിത്രത്തിന്റെ കഥയിലേക്ക് എത്തിയതിനേക്കുറിച്ച് പറയുകയാണ് സിദ്ദിഖ്.

ആലുവയിലെ രണ്ട് കുടുംബങ്ങളെക്കുറിച്ച് അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഗോഡ്ഫാദര്‍ ആദ്യം പ്ലാന്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ശത്രുക്കളെപ്പോലെ കഴിയുന്ന കുടുംബത്തിലെ അമ്മമാര്‍ സുഹൃത്തുക്കളായതിനേക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

”റാംജിറാവും ഹരിഹര്‍ നഗറും കഴിഞ്ഞപ്പോള്‍ ഞാനും ലാലും അടുത്ത സിനിമയെക്കുറിച്ച് ആലോചിച്ച് തുടങ്ങിയിരുന്നു. അടുത്ത സിനിമയുടെ കഥ എങ്ങനെ വേണം എന്ന് ആലോചിച്ചപ്പോഴാണ് ആലുവയിലെ രണ്ട് ഫാമിലികളെക്കുറിച്ച് അറിഞ്ഞത്. ആ രണ്ട് ഫാമിലിയും പരസ്പരം ശത്രുക്കളെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും വെട്ടി മരിക്കാറാണ് പതിവ്.

ഒരു കുടുംബത്തില്‍ ഒരാള്‍ മാത്രമേ വഴക്കില്‍ ബാക്കിയുള്ളു. ബാക്കി എല്ലാവരും മരിച്ചു. മറ്റേ കുടുംബത്തിലും അത് പോലെയാണ്. ഒരാള്‍ ഇവിടെ കൊന്നാല്‍ അവിടെയും വന്ന് കൊല്ലും അങ്ങനെ ആയിരുന്നു. എന്നാല്‍ അവിടെ ഒരു വൈരുധ്യമുണ്ടായിരുന്നു.

ഈ രണ്ട് വീട്ടിലെയും അമ്മമാര്‍ തമ്മില്‍ ഭയങ്കര സ്‌നേഹത്തിലാണ്. ഒരു വീട്ടിലെ അമ്മ അവിടന്ന് മക്കള്‍ വാക്കത്തിയും അരിവാളും എടുത്ത് ഇറങ്ങുമ്പോള്‍ തന്നെ മറ്റേ അമ്മയെ വിളിച്ച് പറയും. അവരുടെ മക്കളെ സൂക്ഷിക്കാന്‍. അവരെ പുറത്ത് വിടല്ലെ എന്ന് വിളിച്ച് പറയും. അത്രക്കും അറ്റാച്ച്ഡാണ് ഈ രണ്ട് അമ്മമാരും തമ്മില്‍.

കൂട്ടുകാരായ രണ്ട് അമ്മമാരുടെ മക്കളാണ് ശത്രുക്കളെപ്പോലെ നടക്കുന്നത്. അത് വൈരുധ്യമായിട്ട് തോന്നി. അതായിരുന്നു ഗോഡ്ഫാദര്‍ ചെയ്യാനുള്ള ആദ്യത്തെ ഫയര്‍. എന്നാല്‍ പിന്നീട് പൂര്‍ണമായും ഫോളോ ചെയ്തിട്ടില്ലായിരുന്നു. അന്ന് തമാശ എന്നത് ഞങ്ങള്‍ക്ക് ബാധ്യത ആയിരുന്നു. അതുകൊണ്ട് കുറേ ചിന്തിച്ചിട്ടാണ് സിനിമ ചെയ്തത്,” സിദ്ദിഖ് പറഞ്ഞു.

content highlight: director siddique about godfather movie

We use cookies to give you the best possible experience. Learn more