മമ്മൂട്ടി-നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍. ബോക്‌സ് ഓഫീസില്‍ വിജയമായ ചിത്രത്തിന്റെ കഥ ആദ്യം ഉദ്ദേശിച്ചത് ഈ രീതിയില്‍ ആയിരുന്നില്ലെന്ന് പറയുകയാണ് സിദ്ദിഖ്.
ജയറാമിനെ വില്ലനാക്കി മറ്റൊരു ഫാമിലി ബാക്ക് ഗ്രൗണ്ടില്‍ കഥ പറയാനായിരുന്നു ഉദ്ദേശിച്ചതെന്നും എന്നാല്‍ ജയറാം ആ കഥാപാത്രം നിരസിച്ചതോടെ കഥയുടെ ട്രാക്ക് തങ്ങള്‍ മാറ്റുകയായിരുന്നെന്നും സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സിദ്ദിഖ് പറഞ്ഞു.
‘ കുറേ കഥകള്‍ അന്വേഷിച്ച ശേഷമാണ് ഭാസ്‌ക്കര്‍ ദി റാസ്‌ക്കലില്‍ എത്തിയത്. കഥ കേട്ടപ്പോള്‍ മമ്മൂക്കയ്ക്കും ഇഷ്ടമായി. ഇതിലെ ഹീറോയിനും വലിയ പ്രധാന്യമുണ്ടായിരുന്നു.
മമ്മൂക്കയെ പോലൊരു ഹീറോ വരുമ്പോള്‍ അദ്ദേഹത്തിന്റെ ഹീറോയിസത്തിന് യോജിക്കുന്ന ഹീറോയിന്‍ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് നയന്‍താരയെ ആലോചിച്ചത്. കഥ കേട്ടപ്പോള്‍ അവര്‍ക്ക് ഇഷ്ടമാകുകയും ചെയ്യാമെന്ന് സമ്മതിക്കുകയുമായിരുന്നു.
പക്ഷേ ഈ സിനിമയില്‍ ഞങ്ങള്‍ കണ്ടെത്താന്‍ പ്രയാസപ്പെട്ട കഥാപാത്രം നയന്‍താരയുടെ ആദ്യ ഭര്‍ത്താവായി എത്തുന്ന വില്ലനെയായിരുന്നു. ഒരു മാഫിയ പശ്ചാത്തലമൊക്കെ വെച്ചിട്ടായിരുന്നു ഞങ്ങള്‍ ഈ കഥ ആലോചിച്ചത്. അങ്ങനെ ഇരിക്കുമ്പോഴാണ് ഇതൊരു ഫാമിലി ഡ്രാമ ആക്കിയാല്‍ നന്നായിരിക്കുമെന്ന ആലോചന വന്നത്.
കഥയ്ക്ക് നാച്ചുറല്‍ ഫ്‌ളേവര്‍ വരാന്‍ വേണ്ടി മാഫിയ ബാക്ക് ഗ്രൗണ്ട് ഒഴിവാക്കാനും ജയറാമിനെ നയന്‍താരയുടെ ഭര്‍ത്താവിന്റെ റോളിലേക്ക് കൊണ്ടുവരാനും ആലോചിച്ചു. പക്ഷേ ജയറാമിനെ സമീപിച്ചപ്പോള്‍ അദ്ദേഹം അതിന് തയ്യാറായില്ല.
അങ്ങനെ വീണ്ടും ഞങ്ങള്‍ പഴയ മാഫിയ ട്രാക്കിലേക്ക് വന്നു. അല്ലെങ്കില്‍ സിനിമയ്ക്ക് വേറൊരു ട്രാക്ക് വന്നേനെ. ജയറാമിനെപ്പോലെ ഒരു ഹീറോ ഉണ്ടെങ്കിലേ ആ കഥ നില്‍ക്കുകയുള്ളൂ. മമ്മൂക്കയും ജയറാമും ഒരുവശത്ത് നയന്‍താര മറുവശത്ത്. അവര്‍ ആരെ സ്വീകരിക്കുമെന്ന രീതിയില്‍ ഇന്‍ട്രസ്റ്റിങ് ഡ്രാമ കൊണ്ടുവരാമായിരുന്നു.
അവിടെ ജയറാമിന്റെ ഒരു സാക്രിഫൈസ് അല്ലെങ്കില്‍ തോല്‍വി, അങ്ങനെ ഒരു ഫാമിലി അന്തരീക്ഷത്തില്‍ കഥ തീര്‍ക്കാമെന്നായിരുന്നു പ്ലാന്‍ ചെയ്തത്. നിര്‍ഭാഗ്യവശാല്‍ അത് സംഭവിച്ചില്ല.
തിയേറ്ററില്‍ സിനിമ നന്നായി ഓടിയെങ്കിലും ആളുകള്‍ക്ക് ആ മാഫിയ ട്രാക്ക്, അതായത് നയന്‍താരയുടെ ഭര്‍ത്താവിന്റെ പൂര്‍വ കഥ, ഒരു മിസ് മാച്ച് ആയി തോന്നി. അത് സിനിമയുടെ ഒരു പവര്‍ കുറച്ചിട്ടുണ്ട്.
പിന്നെ അത് കൂടുതല്‍ വര്‍ക്ക് ആവണമെങ്കില്‍ നമ്മള്‍ അത് നോര്‍ത്ത് ഇന്ത്യയില്‍ തന്നെ പോയി ഷൂട്ട് ചെയ്യണമായിരുന്നു. അങ്ങനെയുള്ള കുറേ കഥാപാത്രങ്ങള്‍ക്കിടയില്‍ ഇയാളെ പ്രതിഷ്ഠിച്ചാലേ കണ്‍വിന്‍സിങ് ആകുമായിരുന്നുള്ളൂ. എന്നാല്‍ അത് അവിടെ ഷൂട്ട് ചെയ്യാനായില്ല.
പരിമിതി കാരണം നാട്ടില്‍ തന്നെയാണ് ഷൂട്ട് ചെയ്തത്. അതുകൊണ്ട് തന്നെ സിനിമയുടെ ഇംപാക്ട് കുറച്ചു. അവിടുത്തെ ബാക്ക് ഗ്രൗണ്ടില്‍ നമ്മള്‍ ഷൂട്ട് ചെയ്തിരുന്നെങ്കില്‍ പടത്തിന് കുറച്ചുകൂടി ഇംപാക്ട് ഉണ്ടാകുമായിരുന്നു.
നിര്‍മാതാവിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമായിരുന്നു അത്. വളരെ പരിമിതമായ സാഹചര്യത്തിലാണ് ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്. ഒരു പ്രൊഡക്ടിനോട് നമ്മള്‍ അത് ചെയ്യാന്‍ പാടില്ല. പക്ഷേ നിവൃത്തികേടുകൊണ്ട് ചില സാഹചര്യങ്ങളില്‍ അത് വേണ്ടി വരും. അല്ലായിരുന്നെങ്കില്‍ വലിയ സക്‌സസിലേക്ക് സിനിമ പോകുമായിരുന്നു. അതുപോലെ ഫാമിലി ഡ്രാമയായിരുന്നെങ്കിലും ചിത്രം വലിയ രീതിയില്‍ ആഘോഷിക്കപ്പെടുമായിരുന്നു, സിദ്ദിഖ് പറഞ്ഞു.
Content Highlight: Director Siddique about Bhasker the raskal movie and jayaram stepdown
Content Highlight: Director Siddique about Bhaskar the Rascal movie and Jayaram stem down