| Saturday, 24th September 2022, 12:37 pm

സിനിമ മുടക്കാന്‍ ഇവര്‍ വിജയ്‌യെ നേരിട്ട് വിളിച്ചു, പിന്തിരിപ്പിക്കാന്‍ നോക്കി; പക്ഷേ വിജയ് സത്യാവസ്ഥ അറിഞ്ഞു: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദിലീപും നയന്‍താരയും അഭിനയിച്ച് സിദ്ദീഖ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ബോഡിഗാര്‍ഡ്. പിന്നീട് തമിഴിലും ഹിന്ദിയിലും സിദ്ദീഖ് തന്നെ സംവിധാനം ചെയ്ത് ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

സിനിമയുടെ തമിഴ് പതിപ്പില്‍ അഭിനയിക്കരുതെന്ന് പറഞ്ഞ് ചിലര്‍ വിജയിയെ പിന്തിരിപ്പിക്കാന്‍ നോക്കിയതിനേക്കുറിച്ച് സഫാരി ടിവിയോട് സംസാരിച്ചിരിക്കുകയാണ് സിദ്ദീഖ് ഇപ്പോള്‍.

” ബോഡിഗാര്‍ഡ് മലയാളത്തില്‍ എടുത്ത് കൊണ്ടിരിക്കുന്ന സമയത്ത് ഒരു വര്‍ക്കിന് വേണ്ടി തമിഴ്‌നാട്ടില്‍ പോയിരുന്നു. ഞാന്‍ താമസിക്കുന്ന ഹോട്ടലിന്റെ മുന്നില്‍ ഒരു ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. നോക്കിയപ്പോള്‍ വിജയുടെ സിനിമയുടെ ഷൂട്ടാണ്.

അങ്ങനെ അദ്ദേഹം സംസാരിക്കാനായി എന്റെ അടുത്തേക്ക് വന്നു. ഏതാണ് പുതിയ സിനിമ എന്നൊക്കെ ചോദിച്ചു. ഞാന്‍ പറഞ്ഞു മലയാള സിനിമയാണെന്ന്. സംസാരിക്കുന്നതിനിടക്ക് സിനിമയുടെ കഥയെക്കുറിച്ച് അദ്ദേഹം ചോദിച്ചു.

ഞാന്‍ അദ്ദേഹത്തോട് ബോഡിഗാര്‍ഡിന്റെ കഥ പറഞ്ഞപ്പോള്‍ ഇത് നമുക്ക് തമിഴില്‍ ചെയ്ത് കൂടെയെന്ന് വിജയ് ചോദിച്ചു. അങ്ങനെയാണെങ്കില്‍ ഫ്രഷായിട്ട് തമിഴിലും മലയാളത്തിലും റിലീസ് ചെയ്യാലോ എന്നൊക്കെ അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ ദിലീപുമായിട്ട് കമ്മിറ്റഡായ കാര്യം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഈ കാര്യം ദിലിപിനോട് ചോദിച്ചു നോക്കു , തമിഴില്‍ ഇത് നന്നായി വര്‍ക്ക് ചെയ്യുന്ന കഥയാണ്. നല്ല പ്രണയകഥയാണെന്ന് അദ്ദേഹം പറഞ്ഞു.

അങ്ങനെ തമിഴില്‍ പ്രൊഡ്യൂസേഴ്‌സിനെ വിജയ് തന്നെയാണ് കണ്ടെത്തിയത്. പക്ഷേ കഥകേട്ടിട്ട് അവര്‍ക്ക് ഇഷ്ടമായില്ല. കാരണം അവര്‍ക്ക് വേണ്ടത് വിജയുടെ ആക്ഷന്‍ സിനിമയാണ്. വിജയുടെ അത്തരം സിനിമകള്‍ വലിയ രീതിയില്‍ വിജയിക്കുന്ന സമയം കൂടിയായിരുന്നു.

ഞാന്‍ ഈ കാര്യം വിജയോട് പറഞ്ഞു. എന്തായാലും മലയാളം ഞാന്‍ ആദ്യം ചെയ്യാം എന്നിട്ട് തമിഴ് നോക്കാം. സാഹചര്യം അനുകൂലമായിരുന്നെങ്കില്‍ ഞാന്‍ ആദ്യം തമിഴിലായിരുന്നു ഈ സിനിമ ചെയ്യുക.

അങ്ങനെയാണെങ്കില്‍ ചിലപ്പോള്‍ മലയാളം ബോഡിഗാര്‍ഡ് ഉണ്ടായെന്ന് തന്നെ വരില്ലായിരുന്നു. പിന്നീട് മലയാളം എടുത്ത് കഴിഞ്ഞ ശേഷം വിജയ്‌നെ കാണിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായി.

പക്ഷേ വിജയ്ക്ക് നിരന്തരമായി മലയാളത്തില്‍ നിന്ന് കോള്‍ വരുകയാണ് ഈ സിനിമ മോശമാണെന്ന് പറഞ്ഞ് കൊണ്ട്. ഇത് കേരളത്തില്‍ ഓടിയിട്ട് ഇല്ല. പൊട്ടിയ സിനിമയാണെന്ന രീതിയില്‍ അദ്ദേഹത്തിനെ നിരന്തരം ആളുകള്‍ വിളിച്ചു.

വിജയ് എന്നോട് ഈ കാര്യം വിളിച്ച് പറഞ്ഞു. എന്താണ് എല്ലാവരും അങ്ങനെ പറയുന്നതെന്ന് എനിക്ക് അറിയില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നോട് സംസാരിക്കുന്നതിന് മുമ്പ് വിജയ് കേരളത്തില്‍ പരിചയമുള്ള പ്രൊഡ്യൂസറിനെ വിളിച്ചിരുന്നുവെന്നും കേരളത്തില്‍ ഗംഭീര ഹിറ്റായ സിനിമയാണ് ബോഡിഗാര്‍ഡ് എന്നുമാണ് പ്രൊഡ്യൂസര്‍ പറഞ്ഞതെന്നും അദ്ദേഹം എന്നോട് പറഞ്ഞു.

സിനിമയില്‍ വിജയ് അഭിനയിക്കരുതെന്ന് കരുതിയാണ് ചിലര്‍ ഇങ്ങനെ പറയുന്നതെന്ന് അദ്ദേഹത്തെ പ്രൊഡ്യൂസര്‍ അറിയിച്ചു. അങ്ങനെയാണ് ബോഡിഗാര്‍ഡ് തമിഴില്‍ ഷൂട്ട് ചെയ്യുന്നത്.

തമിഴില്‍ സിനിമ വന്‍ ഹിറ്റായി. വിജയ്‌യും നയന്‍താരയും തൊട്ട് മുമ്പുള്ള സിനിമയില്‍ ജോഡി ആയത് കൊണ്ട് അസിനെ നായികയാക്കി. ഹരിശ്രീ അശോകന്റെ വേഷം വടിവേലുവാണ് ചെയ്തത്,” സിദ്ദീഖ് പറഞ്ഞു.

Content Highlight: Director Siddique about Bodyguard Tamil Movie and Actor Vijay

We use cookies to give you the best possible experience. Learn more