നടനും സംവിധായകനുമായ ലാലിന്റെ കോമഡി ചെയ്യാനുള്ള കഴിവിനെ മലയാള സിനിമ വേണ്ടപോലെ ഉപയോഗിച്ചിട്ടില്ലെന്ന് സംവിധായകന്‍ സിദ്ദീഖ്. സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാലിന്റെ രൂപവും ഇമേജും വെച്ച് അദ്ദേഹത്തെ ഒരു കൊമേഡിയനായി മാറ്റാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും ലാലിന്റെ ആ വശത്തെ താന്‍ പോലും വേണ്ടവിധം ഉപയോഗിച്ചിട്ടില്ലെന്നുമാണ് സിദ്ദീഖ് പറയുന്നത്.
ജനാര്‍ദ്ദനനെയും കൊച്ചിന്‍ ഹനീഫയെയും പോലെ വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറി ഭാവിയില്‍ ലാല്‍ കോമഡി വേഷങ്ങളില്‍ തിളങ്ങുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.
”ലാലിന്റെ ഹ്യൂമര്‍ ഇതുവരെ എക്‌സ്‌പ്ലോര്‍ ചെയ്തിട്ടില്ല. ലാല്‍ ചെയ്യുന്ന വേഷങ്ങളെല്ലാം വില്ലന്‍ അല്ലെങ്കില്‍ റഫ് ആന്‍ഡ് ടഫാണ്. ലാലിന് വളരെ ഭംഗിയായി ഹ്യൂമര്‍ വേഷങ്ങള്‍ ചെയ്യാന്‍ പറ്റുന്നതാണ്. പക്ഷെ ഇന്നും ലാല്‍ അത് ചെയ്തിട്ടില്ല എന്നാണ് എന്റെ അഭിപ്രായം.
തെങ്കാശിപ്പട്ടണത്തിലൊക്കെ കുറച്ച് ഹ്യൂമര്‍ അവിടെയുമിവിടെയുമൊക്കെ പെര്‍ഫോം ചെയ്തിട്ടുണ്ടെന്നല്ലാതെ ഒരു മുഴുനീള കോമഡി റോള്‍ ലാല്‍ ചെയ്തിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ ഏറ്റവും നല്ല ഏരിയയാണ് ഹ്യൂമര്‍, പക്ഷെ അത് ആരും ഉപയോഗിച്ചിട്ടില്ല, ഞാന്‍ പോലും ഉപയോഗിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.
ആ ഏരിയയാണ് ഇപ്പോഴും എക്‌സ്‌പ്ലോയിറ്റ് ചെയ്യാതെ കിടക്കുന്നത്. കാരണം ലാലിന്റെ ഈ രൂപവും ഇമേജും വെച്ച് ഒരു കൊമേഡിയനായി മാറുമോ എന്ന് നോക്കാന്‍ ആര്‍ക്കും ധൈര്യമില്ല.
പക്ഷെ എനിക്ക് തോന്നുന്നു ഭാവിയില്‍ ലാല്‍ നല്ലൊരു കൊമേഡിയനായി ആയിരിക്കും അറിയപ്പെടുക. അദ്ദേഹത്തിന്റെ വളര്‍ച്ച അങ്ങനെയാണ് നില്‍ക്കുന്നത്.
നമുക്ക് നോക്കിയാല്‍ കാണാം, ക്യാരക്ടര്‍ റോളുകളിലൂടെ വന്ന ജനാര്‍ദ്ദനന്‍ ചേട്ടനായാലും കൊച്ചിന്‍ ഹനീഫിക്കയായാലും വില്ലന്‍ വേഷങ്ങളില്‍ നിന്ന് കരിയറില്‍ പിന്നീട് മുഴുനീള കോമഡി വേഷങ്ങളില്‍ തിളങ്ങി കോമഡി താരങ്ങളായി മാറുകയായിരുന്നു. ഇതുപോലെയായിരിക്കാം ലാലിനും വരാന്‍ പോകുന്ന മാറ്റം എന്നാണ് എനിക്ക് തോന്നുന്നത്,” സിദ്ദീഖ് പറഞ്ഞു.
Content Highlight: Director Siddique about actor Lal and his ability to do comedy roles