'ഇല്ലില്ലാ, ഈ പടത്തില്‍ ഞാന്‍ വരും, എന്ത് പ്രശ്‌നമുണ്ടായാലും പിന്മാറില്ല, അങ്ങനെ നിങ്ങള്‍ സുഖിക്കേണ്ട' എന്നായിരുന്നു ശോഭനയുടെ മറുപടി' സിദ്ദിഖ് പറയുന്നു
Malayalam Cinema
'ഇല്ലില്ലാ, ഈ പടത്തില്‍ ഞാന്‍ വരും, എന്ത് പ്രശ്‌നമുണ്ടായാലും പിന്മാറില്ല, അങ്ങനെ നിങ്ങള്‍ സുഖിക്കേണ്ട' എന്നായിരുന്നു ശോഭനയുടെ മറുപടി' സിദ്ദിഖ് പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th May 2021, 4:57 pm

തങ്ങളുടെ ആദ്യ സിനിമതൊട്ട് നായികാറോളിലേക്ക് ആദ്യം പരിഗണിക്കാറുള്ളത് നടി ശോഭനയെയായിരുന്നെന്നും എന്നാല്‍ പല കാരണങ്ങള്‍കൊണ്ടും ശോഭനയ്ക്ക് ആ റോളുകളൊന്നും ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും സംവിധായകന്‍ സിദ്ദിഖ്.

റാംജിറാവു സ്പീക്കിങ്ങില്‍ ശോഭന ഓക്കെ പറഞ്ഞെങ്കിലും പിന്നീട് ഡേറ്റ് പ്രശ്‌നമായി മറ്റൊരു നായികയെ കാസ്റ്റ് ചെയ്യേണ്ടി വന്നെന്നും ഹരിഹര്‍ നഗറിലും ഗോഡ്ഫാദറിലുമൊക്കെ സമാനമായിരുന്നു അവസ്ഥയെന്നും സിദ്ദിഖ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഹിറ്റ്‌ലര്‍ സിനിമയ്ക്കായി ശോഭനയെ വിളിച്ചപ്പോള്‍ എന്ത് പ്രശ്‌നമുണ്ടായാലും താന്‍ ഈ റോള്‍ വിട്ടുകളയില്ലെന്ന് പറഞ്ഞ് എത്തുകയായിരുന്നെന്നും സിദ്ദിഖ് പറയുന്നു.

‘ഹിറ്റ്‌ലറിന്റെ കഥ റെഡിയായപ്പോള്‍ ഞങ്ങള്‍ പതിവുപോലെ ശോഭനയുടെ അടുത്തുചെന്നു. ഞങ്ങളുടെ എല്ലാ പടത്തിലേക്കും ശോഭനയെ വിളിക്കാറുണ്ട്. അവസാനനിമിഷം തിരക്കുകള്‍ കാരണം ശോഭന പിന്മാറുകയും പടം സൂപ്പര്‍ഹിറ്റാകുകയും ചെയ്യാറാണ് പതിവ്. അതുകൊണ്ട് ഹിറ്റ്‌ലറില്‍ അഭിനയിക്കാന്‍ വന്നാലും സന്തോഷം വന്നില്ലെങ്കിലും സന്തോഷം എന്ന് ഞാന്‍ പറഞ്ഞു.

‘ഇല്ലില്ലാ, ഈ പടത്തില്‍ ഞാന്‍ വരും. എന്ത് പ്രശ്‌നമുണ്ടായാലും ഞാന്‍ പിന്മാറില്ല. അങ്ങനെ നിങ്ങള്‍ സുഖിക്കേണ്ട’ എന്നായിരുന്നു ശോഭനയുടെ മറുപടി,’ സിദ്ദിഖ് പറയുന്നു.

മമ്മൂട്ടിയുടെ സഹോദരി റോളുകളിലേക്ക് നായികമാരെ കിട്ടാനായിരുന്നു പിന്നീട് ബുദ്ധിമുട്ടിയതെന്നും ആദ്യം സമീപിച്ച പലരും മടിച്ച് പിന്മാറിയെന്നും സിദ്ദിഖ് പറയുന്നു. വാണി വിശ്വനാഥ്, സുചിത്ര, ചിപ്പി, സീത, ഇളവരശി എന്നിവരെല്ലാം പിന്നീട് വന്നു. ഇളവരശി ചെയ്ത മൂത്ത സഹോദരി റോളിലേക്കുള്ള കാസ്റ്റിങ്ങായിരുന്നു ഏറെ ബുദ്ധിമുട്ടിയത്. ഒരുപാട് പേരെ കണ്ടെങ്കിലും ആരും സമ്മതിച്ചില്ല. അവസാനം അന്വേഷിച്ച് അന്വേഷിച്ച് ഇളവരശിയിലേക്ക് എത്തുകയായിരുന്നു. അവര്‍ അത് നന്നായി ചെയ്യുകയും ചെയ്തു.

അതുപോലെ സൈനുദ്ദീന്‍ ഞങ്ങളുടെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ആദ്യമായി തിരക്കഥയെഴുതിയ പപ്പന്‍ പ്രിയപ്പെട്ട പപ്പനില്‍ സൈനുദ്ദീന്‍ ഉണ്ടായിരുന്നു. അതിനുശേഷം സൈനുദ്ദീന്‍ ഞങ്ങളുടെ സിനിമയില്‍ അഭിനയിച്ചത് ഹിറ്റ്‌ലറിലാണ്. അതുപോലെ ഭവാനിച്ചേച്ചിയുടെ റോളും ക്ലിക്കായി.

അച്ഛന്‍ കഥാപാത്രമായ ചട്ടമ്പി പിള്ളേച്ചന്‍ ഇന്നസെന്റേട്ടന്‍ ചെയ്യണമെന്ന് ഞാനും ലാലും ആദ്യമേ തീരുമാനിച്ചിരുന്നു. പലരും ആ റോള്‍ തിലകന്‍ ചേട്ടന് നല്‍കണമെന്ന് പറഞ്ഞപ്പോഴും ഇന്നസെന്റേട്ടന്‍ ചെയ്താല്‍ മാത്രമേ അതിനൊരു ഫ്രഷ്‌നെസ് വരികയുള്ളൂ എന്ന് ഞങ്ങള്‍ പറഞ്ഞു. ഇന്നസെന്റേട്ടന്റെ അടുത്തേക്ക് ഞങ്ങള്‍ സംഭവം പറയാനെത്തി.

മമ്മൂട്ടിയുടെ അച്ഛന്‍ കഥാപാത്രമാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹവും ആദ്യമൊന്ന് സംശയിച്ചു. കാരണം ഞങ്ങളുടെ മുമ്പുള്ള സിനിമക ളിലെല്ലാം ഫുള്‍ടൈം കോമഡിറോളുകളായിരുന്നു അദ്ദേഹത്തിന്. അതെല്ലാം എവര്‍ഗ്രീന്‍ കഥാപാത്രങ്ങളുമാണ്. ചേട്ടന്‍ ചെയ്താലേ ശരിയാകൂ എന്ന് ഞങ്ങള്‍ ഉറപ്പ് പറഞ്ഞതോടെ അദ്ദേഹം ഓക്കെ പറഞ്ഞു. പറഞ്ഞു, സിദ്ദിഖ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Director Siddique Share Hitlar Movie Experiance and Shobhanas Role