| Saturday, 14th January 2017, 12:02 pm

തിയേറ്റര്‍ സമരത്തിന് പിന്നില്‍ ഹിഡന്‍ അജണ്ട: പണത്തിന് വേണ്ടിയായിരുന്നു സമരമെങ്കില്‍ ഇപ്പോള്‍ പിന്‍വലിച്ചതെന്തിനെന്നും സിദ്ദിഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിയേറ്റര്‍ സമരം പണത്തിന് വേണ്ടി മാത്രമായിരുന്നെങ്കില്‍ അത് ഇപ്പോള്‍ പിന്‍വലിക്കേണ്ടിവരുമായിരുന്നല്ലോ എന്ന് സംവിധായകനും നിര്‍മാതാവുമായ സിദ്ദിഖ്. അതുകൊണ്ട് തന്നെ ഈ സമരത്തിന് പിന്നില്‍ ചില ഹിഡന്‍ അജണ്ടകളുണ്ടെന്നും സിദ്ദിഖ് പറയുന്നു.

മലയാള സിനിമയില്‍ നല്ല സമയങ്ങളില്‍ ഇത്തരത്തില്‍ സമരംചെയ്യുക എന്നത് മുന്‍പും  ഉണ്ടായിട്ടുള്ള സംഗതിയാണ്. ഇത്തവണത്തെ ഏറ്റവും ഏറ്റവും നല്ല ഒരു സീസണ്‍  ദുരന്തമാക്കുകായിരുന്നു.

ക്രിസ്മസ് വേളയില്‍ ഒരു സിനിമ പോലും ഇല്ലാതെ തിയേറ്ററുകള്‍ കാലിയായി. ഒരു ഒഴുക്കില്‍ ഓടിക്കൊണ്ടിരുന്ന സിനിമയെ വീണ്ടുംപൊക്കിയെടുക്കുക എന്നത് ബുദ്ധിമുട്ടാണ്. എല്ലാത്തിനും അവസാനം വരണം. അതുകൊണ്ട് തന്നെയാണ് പുതിയ സംഘടനയെ കുറിച്ച് ആലോചിച്ചത്.

ഈ സമരം പണത്തിന് വേണ്ടി മാത്രമായിരുന്നെങ്കില്‍ അത് പിന്‍വലിക്കേണ്ടി വരില്ലായിരുന്നു. ഇതിന്റെ പിന്നില്‍ ഹിഡണ്‍ അജണ്ടയുള്ളതുപോലെയാണ്. തോന്നുന്നത്. എല്ലാം ഒന്ന് കുഴപ്പിച്ച് ചാനലില്‍ കയറിയിരുന്ന് വിലസുക. ഇതെല്ലാമാവാം ഇതിന് പിന്നിലുള്ളവരുടെ തന്ത്രം.

മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും നല്ല കാലഘട്ടമായിരുന്നു 2016. ആ വര്‍ഷം അവസാനം ഉണ്ടായ സമരം ദുരന്തമാണ് ഈ സമരം.     വളരെയേറെ സമയം ചെലവിട്ടു നിര്‍മിക്കുന്ന സിനിമകളാണു തിയറ്ററുകളില്‍ വരുന്നത്.

സിനിമ നന്നാക്കണം. എന്നാലേ എല്ലാവര്‍ക്കും ഗുണമുണ്ടാവുകയുള്ളൂ. തിയേറ്ററുകാര്‍ക്ക് ഒരു പടം ഓടിയില്ലെങ്കില്‍ അടുത്തപടം വരും. അവര്‍ക്ക് കിട്ടുന്നതെന്തും ലാഭമാണ്. അവിടെ ദുരന്തമാകുന്നത് പ്രൊഡ്യൂസേഴ്‌സാണെന്നും സിദ്ദിഖ് പറഞ്ഞു.

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഒരുമാസത്തിലേറെയായി നടത്തി വരുന്ന സമരം ഇന്ന് പിന്‍വലിച്ചിരുന്നു. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ അംഗങ്ങളായിരുന്ന 73 തിയറ്ററുകള്‍ വിലക്ക് ലംഘിച്ച് തമിഴ് ചിത്രമായ “ഭൈരവ” റിലീസ് ചെയ്തിരുന്നു.


ഇതിന്റെ അടിസ്ഥാനത്തില്‍ നടനും നിര്‍മാതാവുമായി ദിലീപിന്റെ കാര്‍മികത്വത്തില്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍, മള്‍ട്ടിപ്ലെക്‌സ് ഉടമകള്‍, സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, തിയറ്റര്‍ ബിസിനസിലുള്ള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പുതിയ സംഘടന രൂപീകരിച്ചത്.

ഫെഡറേഷന്റെ വിലക്കു ലംഘിച്ചു കഴിഞ്ഞ ദിവസം 31 തിയറ്ററുകള്‍ തമിഴ് ചിത്രം ഭൈരവ റിലീസ് ചെയ്തിരുന്നു. ഇന്നലെ 42 തിയറ്ററുകള്‍ കൂടി ചിത്രം പ്രദര്‍ശിപ്പിച്ചു തുടങ്ങിയതോടെ മൊത്തം 240ല്‍ ഏറെ റിലീസ് കേന്ദ്രങ്ങളായി. ട്രഷറര്‍ സാജു ജോണിയുടെ രാജിയും ഫെഡറേഷന്‍ നേതൃത്വത്തിനു തിരിച്ചടിയാകുയും ചെയ്തു. തിയറ്ററുകളില്‍നിന്നുള്ള വരുമാന വിഹിതത്തില്‍ സ്വന്തം പങ്ക് 40ല്‍ നിന്ന് 50 ശതമാനമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ റിലീസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്നു ഫെഡറേഷന്‍ പ്രഖ്യാപിച്ചതാണു പ്രതിസന്ധിക്കു കാരണമായത്.

ഫെഡറേഷന്റെ ഏകപക്ഷീയമായ നിലപാട് അംഗീകരിക്കില്ലെന്നു നിര്‍മാതാക്കളും വിതരണക്കാരും വ്യക്തമാക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more