| Thursday, 4th March 2021, 3:00 pm

ഹിറ്റ്‌ലറിന്റെ വിജയത്തിന് പിന്നാലെ ഞങ്ങള്‍ക്കെതിരെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് വരെയുണ്ടായി; അനുഭവം പങ്കുവെച്ച് സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹിറ്റ്‌ലര്‍ എന്ന മെഗാഹിറ്റ് ചിത്രം പുറത്തിറങ്ങിയിട്ട് 25 വര്‍ഷം പിന്നിടുകയാണ്. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞ ശേഷം സിദ്ദിഖ് സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ഹിറ്റ്‌ലര്‍.

ലാല്‍ ക്രിയേഷന്‍സ് എന്ന ലാലിന്റെ നിര്‍മാണ കമ്പനിക്കും തുടക്കമിട്ട ചിത്രമായിരുന്നു ഇത്. 1996 ല്‍ വിഷു റിലീസായെത്തിയ ഹിറ്റ്‌ലര്‍ മലയാള സിനിമയില്‍ അന്ന് വരെയുണ്ടായിരുന്ന ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതിയിരുന്നു. ചിത്രത്തിന്റെ വലിയ വിജയത്തിന് പിന്നാലെ ആദായ നികുതി വകുപ്പിന്റെ പരിശോധന വരെ തങ്ങള്‍ നേരിടേണ്ടി വന്നെന്ന് പറയുകയാണ് സംവിധായകന്‍ സിദ്ദിഖ്.

‘ വിഷുക്കാലത്തായിരുന്നു ഹിറ്റ്‌ലര്‍ റിലീസ് ചെയ്തത്. കാലാപാനി, സല്ലാപം തുടങ്ങിയ ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ ഒന്നിച്ച് മത്സരിക്കാനുണ്ടായിരുന്നു. പക്ഷേ റിലീസ് കേന്ദ്രങ്ങളിലെല്ലാം കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത് ഹിറ്റ്‌ലര്‍ അതിവേഗം മുന്നിലെത്തി. മലയാളത്തിലെ അന്ന് വരെയുള്ള ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായി ഹിറ്റ്‌ലര്‍ മാറി. കളക്ഷന്‍ റെക്കോഡിന്റെ കാര്യം പറഞ്ഞ് ഞങ്ങള്‍ പരസ്യങ്ങള്‍ ചെയ്തു. അന്ന് അത് പുതിയൊരു തരം വിപണന തന്ത്രമായിരുന്നു. ചിത്രത്തിന്റെ വലിയ വിജയത്തിന് പിന്നാലെ ഞങ്ങള്‍ക്ക് ആദായ നികുതി വകുപ്പിന്റെ റെയ്ഡ് പോലും വന്നു,’ സിദ്ദിഖ് പറഞ്ഞു.

അവസാന ഘട്ട ചിത്രീകരണത്തിനിടെ നേരിടേണ്ടി വന്ന ചില പ്രതിസന്ധികളെ കുറിച്ചും സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദിഖ് പറഞ്ഞു.

‘ വിഷുവിന് സിനിമ റിലീസ് പ്ലാന്‍ ചെയ്ത് അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ സിനിമാ സമരം വന്നു. പൊള്ളാച്ചിയിലായതിനാല്‍ സംഘടനക്കാര്‍ വന്ന് ഞങ്ങളുടെ ഷൂട്ടിങ്ങും നിര്‍ത്തിച്ചു. അത് വലിയ ടെന്‍ഷനായി. കാരണം ഷൂട്ടിങ് ഉടന്‍ നടന്നില്ലെങ്കില്‍ വിഷുവിന് റിലീസ് ചെയ്യാന്‍ പറ്റില്ല.

ക്ലൈമാക്‌സ് സെറ്റിന്റെ പണി പൂര്‍ത്തിയായിരിക്കുകയാണ്. ക്ലൈമാക്‌സില്‍ കെട്ടിടത്തിന് തീ പിടിക്കുന്ന സീന്‍ ഞങ്ങള്‍ ആദ്യം സെറ്റ് പണി തുടങ്ങിയ ഉടന്‍ ഷൂട്ട് ചെയ്തുവെച്ചു. അതിനിടെ ഗള്‍ഫില്‍ സ്റ്റേജ് ഷോയ്ക്ക് പോയ സായ്കുമാറും വന്നില്ല. എത്ര ശ്രമിച്ചിട്ടും സായ് കുമാര്‍ തിരികെ വരാന്‍ തയ്യാറായില്ല. അന്ന് ദാവൂദ് ഇബ്രാഹിമിന്റെ ആളുകള്‍ വഴിയാണ് സായ് കുമാറിനെ തിരിച്ചെത്തിച്ചത്. അധികം വൈകാതെ സമരം തീര്‍ന്നു. ഉടന്‍ ഞങ്ങള്‍ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു,’ സിദ്ദിഖ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Siddiq About Hitler Movie

We use cookies to give you the best possible experience. Learn more