| Friday, 29th January 2021, 10:55 am

ദിവസങ്ങളോളം പിന്നാലെ നടന്നിട്ടും ഹിറ്റ്‌ലറിന്റെ തിരക്കഥ മമ്മൂട്ടി വായിച്ചില്ല, ഒടുവില്‍ അഡ്വാന്‍സ് പോലും വാങ്ങാതെ വന്ന് അഭിനയിച്ചു; മനസുതുറന്ന് സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാല്‍ നൂറ്റാണ്ടിന് ശേഷവും മലയാള സിനിമാസ്വാദകരുടെ മനസില്‍ ഇന്നും തങ്ങി നില്‍ക്കുന്ന ചിത്രമാണ് സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹിറ്റ്‌ലര്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയര്‍ ഹിറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രം കൂടിയാണ് ഹിറ്റ്‌ലര്‍. ചിത്രത്തില്‍ മാധവന്‍കുട്ടി എന്ന കഥാപാത്രത്തെ മമ്മൂട്ടി അനശ്വരമാക്കിയിരുന്നു. മമ്മൂട്ടിയുടെ മികച്ച ഏട്ടന്‍ കഥാപാത്രങ്ങളില്‍ ഒന്നുകൂടിയാണ് ഹിറ്റ്‌ലര്‍.

പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന മമ്മൂക്കയുടെ എല്ലാ മാനറിസങ്ങളും ഉള്‍ക്കൊള്ളുന്ന കഥാപാത്രമായിരിക്കണം മാധവന്‍കുട്ടി എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നെന്നും ഒപ്പം മറ്റ് ചേട്ടന്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നും സിദ്ദിഖ് പറയുന്നു.

എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി മമ്മൂട്ടിയെ വായിച്ചുകേള്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നാലഞ്ച് തവണയോളം ചെന്നെങ്കിലും തിരക്കഥ കേള്‍ക്കാന്‍ മമ്മൂക്ക തയ്യാറായില്ലെന്നും ഷൂട്ടിങ്ങിന്റെ തലേദിവസം പോലും തിരക്കഥ വായിക്കാന്‍ മമ്മൂട്ടി തയ്യാറായിരുന്നില്ലെന്നും പറയുകയാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ദിഖ്.

‘ മമ്മൂക്കയോട് ആദ്യം കഥാപാത്രത്തെ കുറിച്ച് മാത്രം പറഞ്ഞിരുന്നു. ‘ സ്‌നേഹനിധിയായ ഒരു ചേട്ടനാണ്. പെങ്ങന്മാര്‍ക്കു വേണ്ടിയാണ് അയാള്‍ ജീവിക്കുന്നത്. ഒരു ഘട്ടത്തില്‍ സഹോദരിമാര്‍ പോലും അയാളെ തള്ളിപ്പറയുന്നു. എന്ന് ഒറ്റ വരിയില്‍ പറഞ്ഞു. ഇത് കേട്ടതോടെ ‘കൊള്ളാം രസമുണ്ട്’ എന്ന് പറഞ്ഞ് അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

പക്ഷേ തിരക്കഥ പൂര്‍ത്തിയാക്കി ഞാനും ലാലും മദ്രാസിലെ മമ്മൂക്കയുടെ വീട്ടില്‍ കഥ പറയാന്‍ നാലഞ്ചു തവണ പോയെങ്കിലും കഥ പറയാന്‍ അദ്ദേഹം സമ്മതിച്ചില്ല. രാവിലെ ചെന്നാല്‍ ഭക്ഷണമൊക്കെ തന്ന് വൈകുന്നേരം വരെ മറ്റ് പലതും സംസാരിക്കും. ‘കഥ ഇപ്പോള്‍ പറയേണ്ട, പിന്നെ കേള്‍ക്കാം’ എന്നാണ് എന്നത്തേയും മറുപടി.

ഒടുവില്‍ ഷൂട്ടിങ്ങിന്റെ തലേദിവസം ഞങ്ങള്‍ കഥ പറയാന്‍ വീണ്ടും മമ്മൂക്കയുടെ അടുത്ത് പോയി. കഥയൊന്ന് കേള്‍ക്ക് എന്ന് ഞങ്ങള്‍. അപ്പോള്‍ മമ്മൂക്ക പറഞ്ഞു ‘ ഞാന്‍ വന്നിരിക്കുന്നത് ഒരു സൂപ്പര്‍ഹിറ്റ് സിനിമയില്‍ അഭിനയിക്കാനാണ്. എനിക്ക് കഥയൊന്നും കേള്‍ക്കണ്ട. പലരും പറഞ്ഞു, മുകേഷും ജഗദീഷും ഇന്നസെന്റും കൊച്ചിന്‍ ഹനീഫയും ഉള്‍പ്പെടെ സിദ്ദീഖ് ലാല്‍മാരുടെ സ്ഥിരം നടന്മാരെല്ലാം സിനിമയിലുണ്ട്, ഇവര്‍ക്കിടയിലിട്ട് നിങ്ങളെ ഞെരുക്കിക്കളയുമെന്ന്. ഞാനവരോടൊക്കെ പറഞ്ഞത് എനിക്ക് അഭിനയിക്കാനറിയുമെന്ന് തെളിയിക്കാന്‍ സിദ്ദിഖ് ലാലിന്റെ പടം വേണ്ട, ഈ സിനിമ വിജയിപ്പിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ് എന്നുമാണ്.

മമ്മൂക്ക വേണ്ട എന്നു പറഞ്ഞെങ്കിലും അന്ന് ഞങ്ങള്‍ വിട്ടുപോന്നില്ല. രാത്രി ഇരുന്നു തിരക്കഥ മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചിട്ടാണ് മടങ്ങിയത്’ സിദ്ദിഖ് പറയുന്നു.

ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂക്ക അഡ്വാന്‍സ് പോലും വാങ്ങിയിരുന്നില്ലെന്നും പടം റിലീസായി കഴിഞ്ഞാണ് മമ്മൂക്കയും മുകേഷുമൊക്കെ പ്രതിഫലം വാങ്ങിയതെന്നും സിദ്ദിഖ് പറഞ്ഞു.

ഇപ്പോഴും മലയാളികളുടെ മനസില്‍ ഹിറ്റ്‌ലര്‍ എന്ന കഥാപാത്രമുണ്ട്. രണ്ടാം ഭാഗത്തെ കുറിച്ച് ഈ അടുത്തകാലത്തും ഞാന്‍ ചിന്തിച്ചു. പക്ഷേ ഇപ്പോഴത്തെ ജനറേഷന്റെ ആളല്ല മാധവന്‍ കുട്ടി. അയാളുടെ ജീവിതം അവര്‍ക്ക് മനസിലാകണമെന്നില്ല. അതിനാല്‍ എത്രത്തോളം അതിനൊരു വിജയ സാധ്യത ഉണ്ടെന്ന സംശയമുണ്ട്. തത്ക്കാലം വേണ്ട എന്ന തീരുമാനത്തിലാണ്. ബാക്കിയൊക്കെ വരുന്നതുപോലെ’, സിദ്ദിഖ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Siddiq About Actor Mammootty On Hitler Movie

We use cookies to give you the best possible experience. Learn more